എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍ .
നിരാലംബയായി തടവറയില്‍ കിടക്കുന്ന സ്ത്രീയെന്ന സഹജീവിയുടെ കണ്ണുനീരും കഥനകഥകളും ദൈന്യതകളും വ്യഥകളും എന്നിലുളവാക്കിയ അലിവും, ആര്‍ദ്രതയും , ദീനാനുകമ്പയുമെല്ലാം രോഷത്തിനു വഴിമാറാന്‍ തുടങ്ങി .അതുവരെ സാന്ത്വനത്തിന്റെ ഇത്തിരി വെട്ടത്തില്‍ അനുകമ്പയോടെ മാത്രം നോക്കിയ ഞാന്‍ സംശയവും രോഷവും കലര്‍ന്ന അനിഷ്ട ഭാവത്തില്‍ റോസമ്മയെ നോക്കി .
കണ്ണുനീര് പടര്‍ന്ന ദൈന്യതയുടെ മറവില്‍ ഒളിപ്പിച്ചുവെച്ച ക്രൂരമുഖമാണോ ഞാന്‍ കാണുന്നത് .
ഇവരുടെ മനസ്സില്‍ ചെകുത്താന്‍ ഉറങ്ങുന്നുണ്ടോ .
ഇവര്‍ക്ക് ഗൂഡമായ ലക്ഷ്യങ്ങളുണ്ടായിരിക്കുമോ.
അല്ലെങ്കില്‍ അപക്വമായ കൌമാരത്തിന്റെ നിറവില്‍ ഏതു സമയത്തും അപകടത്തിലേക്ക് വഴുതിവീഴാന്‍ സാധ്യതയുള്ള ശാരീരിക വളര്‍ച്ചയുള്ള പെണ്‍കുട്ടിയെ അങ്കം കാണാന്‍ വിളിക്കുമോ ...
എത്ര നിര്‍ബ്ബന്ധിച്ചാലും ബെഡ്രൂമില്‍ ഒളിച്ചിരിക്കുവാന്‍ സമ്മതിക്കുമോ ...
അഥവാ ഒളിച്ചിരുന്നാല്‍ തന്നെയും ഏതെങ്കിലും തരത്തില്‍ ഒഴിഞ്ഞുമാറാമായിരുന്നില്ലേ ....
ബാബയോട് പറഞ്ഞു ആ കുട്ടിയുടെ കണ്‍വെട്ടത്തു നിന്നും മറ്റൊരു മുറിയിലേക്ക് മാറാമായിരുന്നില്ലേ...
നമ്മുടെ ബന്ധത്തില്‍ മറിയമിന് സംശയമുണ്ടെന്നു ബാബയോട് പറയാമായിരുന്നില്ലേ...
ഇത്തരം നൂറു നൂറു ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ പതഞ്ഞുയര്‍ന്നു .
ജയില്‍ മുറിയല്ലെ... രോഷ പ്രകടനത്തിന് പറ്റിയ വേദിയല്ലല്ലോ...
രക്ഷപ്പെടുത്തുവാനല്ലേ വന്നിരിക്കുന്നത് ശിക്ഷിക്കാനല്ലല്ലൊ .
അവര്‍ തെറ്റ് ചെയ്തിട്ടു ണ്ടെങ്കില്‍ ഇത്രയും നാള്‍കൊണ്ട് അതിനുള്ള ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു .
ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു.
എങ്കിലും അറിയാതെ ഒരു ചോദ്യം എന്നില്‍ നിന്നടര്‍ന്നു വീണു .
എന്തിനു വേണ്ടിയായിരുന്നു റോസമ്മ ആ പെണ്‍കുട്ടിയെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് ...
ഒരു കൌമാരക്കാരി കാണാന്‍ പറ്റിയ കാഴ്ചകളല്ലല്ലോ നിങ്ങള്‍ കാണിച്ചു കൊടുത്തത് .....പറയൂ ..
എന്തായിരുന്നു റോസമ്മയുടെ ഉദ്ദേശം ....
റോസമ്മ ഒന്നും മിണ്ടാതെ തലകുനിച്ച് കണ്ണീര്‍ വാര്‍ത്തിരുന്നു.
ജെയില്‍ ഓഫീസര്‍ അനുവദിച്ച സമയം അവസാനിക്കാറായി . അതിനു മുമ്പ് റോസമ്മ എല്ലാം തുറന്നു പറഞ്ഞില്ലെങ്കില്‍ റോസമ്മയുടെ കാര്യത്തില്‍ നിന്നും എനിക്കു പിന്‍മാറേണ്ടിവരും .
നിരപരാധിയുടെ നിസ്സഹായ ഭാവത്തില്‍ റോസമ്മ യുടെ ചുണ്ടുകള്‍ വീണ്ടും ചലിക്കുവാന്‍ തുടങ്ങി.
മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല സാര്‍ .എനിക്കൊരു സാക്ഷി വേണമായിരുന്നു .
അതു മാത്രമായിരുന്നു എന്‍റെ മനസ്സില്‍ ..ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .
ശരി.. റോസമ്മ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു .
പിന്നീടെന്താണ് സംഭവിച്ചത് ....ചുരുക്കിപ്പറയൂ ...
ആ സംഭവത്തിനു ശേഷം മറിയമിന് എന്നോടു കൂടുതല്‍ സ്നേഹവും അടുപ്പവുമാണ് തോന്നിയത് . ഒഴിവു സമയങ്ങളില്‍ ആരും കാണാതെ എന്റടുത്ത് വരും. ഒരു കൂട്ടുകാരിയെ പ്പോലെ എന്നെ കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അപ്പോഴൊക്കെ ഞാന്‍ ധരിച്ചത് അവളോടു സത്യം തുറന്നു പറഞ്ഞതിലുള്ള സന്തോഷവും അവളെ ഒരു രക്ഷകയായി കണ്ടതിലുള്ള സ്നേഹവുമാണെന്ന്. മൊബൈല്‍ ക്യാമറയില്‍ അവള്‍ റെക്കോഡ് ചെയ്തകാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞാല്‍ സാധാരണ ആരും കിച്ചണില്‍ വരാറില്ല . ഒരു ദിവസം മറിയം കിച്ചണില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് സ്നേഹപൂര്‍വ്വം ചെവിയില്‍ പറഞ്ഞു ...
അവള്‍ക്ക് ഒരു പ്രാവശ്യം കൂടി കാണണമെന്ന്.
ഞാന്‍ ഞെട്ടിത്തെറിച്ച് അവളുടെ പിടിവിടുവിച്ച് അവളെ വിലക്കി .കഴിയാവുന്നത്ര തടസ്സങ്ങള്‍ പറഞ്ഞു .
പക്ഷേ അപ്പോഴൊക്കെ സ്നേഹം കൊണ്ടെന്നെ വീര്‍പ്പ് മുട്ടിക്കുകയായിരുന്നു.
പിറ്റേ ദിവസം അവള്‍ ക്ലാസ്സില്‍ നിന്നും നേരത്തെ വന്ന് മുറിയില്‍ സ്ഥാനം പിടിച്ചു .ഞാന്‍ എതിര്‍ക്കാതിരിക്കാന്‍ വേണ്ടി അവള്‍ സ്വരുക്കൂട്ടിയ പൈസയില്‍ നിന്നും കുറച്ച് ബലമായി എന്നില്‍ പിടിപ്പിച്ചു .
അവളുടെ വാശിക്ക് മുമ്പില്‍ പിന്നെയും ഞാന്‍ കീഴടങ്ങുകയായിരുന്നു.
അങ്ങിനെ പല തവണ ആവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ എന്‍റെ മനസ്സമാധാനവും ഉറക്കവും നഷ്ടപ്പെട്ടു തുടങ്ങി .
ബാബയും മറിയമും അവരവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നെ ഏല്‍പ്പിച്ച പാരിതോഷികങ്ങളൊക്കെയും കനല്‍ കട്ടകളായി എന്നെ പൊള്ളിക്കുവാന്‍ തുടങ്ങി.
ഒരിക്കല്‍ മറിയമിനോടു ഞാന്‍ ശക്തിയായി എതിര്‍ത്തപ്പോള്‍ അവള്‍ എപ്പോഴും ഉപയോഗിക്കാത്ത ഒരു സ്വര്‍ണ്ണമാല എനിക്കു തന്നു കൊണ്ടു കെഞ്ചി .
എന്‍റെ പൊട്ട ബുദ്ധികൊണ്ടു ഞാനത് വാങ്ങുകയും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു.
പക്ഷേ ദിവസം ചെല്ലും തോറും അവള്‍ ഇത്തരം കാഴ്ചകള്‍ക്ക് അടിപ്പെടുകയായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല . മയക്കു മരുന്നിനടിമപ്പെട്ട വരെപ്പോലെ അവളുടെ വാശി കൂടിക്കൂടി വരികയായിരുന്നു.
ഒരു ദിവസം അവള്‍ തന്ന മാലയും പൈസയും തിരികെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു .അവള്‍ സമ്മതിച്ചില്ല . ഇനി ഇത്തരം കാര്യങ്ങള്‍ക്കെന്നെ കിട്ടില്ല എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ അവളുടെ മുഖം കറുത്തിരുന്ടു. അതുവരെ കാണാത്ത രൂക്ഷ ഭാവത്തില്‍ എന്നെ നോക്കി. അജ്ഞാതമായ ഒരുന്‍മാദാവസ്ഥയിലെന്ന പോലെ മൊബൈലില്‍ അവള്‍ പകര്‍ത്തി വെച്ചിരുന്ന ദൃശ്യങ്ങള്‍ എന്നെ കാണിച്ചു .
തലയില്‍ ഇടിത്തീ വീണതുപോലെ ഞാന്‍ നിന്നു കത്തുകയായിരുന്നു.
മേലോട്ട് പോയ ശ്വാസം കീഴോട്ടെടുക്കുന്നതിനു മുമ്പുതന്നെ അവളെന്നെ ഭീഷണിപ്പെടുത്തി .
അന്നനുഭവിച്ച ദുഖവും ഭയവും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാനനുഭവിച്ചിട്ടില്ല .
പിന്നെ അവളുടെ മുമ്പില്‍ വെറുമൊരു പാവയായിത്തീരുകയായിരുന്നു ഞാന്‍ .
ആരോടും പറയാനാകാത്ത ദുഃഖം മനസ്സില്‍ തീക്കുണ്ഡം പോലെ ആളിക്കത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട് .
പല രാത്രികളിലും ഉറങ്ങാതെ മുട്ട് കുത്തിനിന്നു പ്രാര്‍ഥിച്ചിട്ടുണ്ട് .
മൊബൈലില്‍ നിന്നും ആ ദൃശ്യങ്ങള്‍ മായ്ച്ചു കളയുവാന്‍ എത്ര കാലു പിടിച്ചു പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല. അതവളെ ഹരം കൊള്ളിച്ചിരുന്നു .
എന്തൊരു മാറ്റമാണ് അവളില്‍ സംഭവിച്ചത് ..
ഇത്തരം സംഭവങ്ങളൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഇതില്‍ നിന്നും മോചനം കിട്ടിയില്ലെങ്കില്‍ ജീവിതം ഇവടെത്തന്നെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന നീറുന്ന ചിന്തകളായിരുന്നു മനസ്സ് നിറയെ .
എല്ലാം പറഞ്ഞ് ഹൃദയം തുറന്ന് ഒന്ന് പൊട്ടിക്കരയുവാന്‍ പോലും ആരുമില്ലാത്ത അവസ്ഥ .
മക്കള്‍ക്ക് പണമയക്കാന്‍ എക്സ്ച്ചേഞ്ചിലേക്ക് കൂട്ടുവരാറുള്ള അടുത്ത വീട്ടിലെ ആയ തമിഴത്തി ലക്ഷ്മി .
ആദ്യ പ്രാവശ്യം എക്സേഞ്ഞ്ച്ചില്‍ വെച്ച് പരിചയപ്പെട്ട ,പിന്നീട് ഫോണില്‍ സംസാരിക്കാറുള്ള ചങ്ങനാശ്ശേരിക്കാരന്‍ . ഇവര്‍ രണ്ടു പേരുമാല്ലാതെ മറ്റാരുമായി ഒരു ബന്ധവുമില്ല . ആകെ പുറത്തുപോകുന്നത് മാസത്തിലൊരിക്കല്‍ എക്സേഞ്ഞ്ചിലേക്ക് മാത്രം .
ഒരേ വീട്ടില്‍ തന്നെ കുറേ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ലക്ഷ്മി നല്ലവളായിരുന്നു. അത്യാവശ്യം മലയാളവും സംസാരിക്കും . അവസരം കിട്ടിയപ്പോള്‍ ഒരു ദിവസം ഞാന്‍ ലക്ഷ്മിയ്ടെ മുപില്‍ എന്‍റെ മനസ്സിന്റെ ഭാരം ഇറക്കിവെച്ചു . മൊബൈല്‍ കഥ കേട്ടപ്പോള്‍ അവളും ഞെട്ടി .
അവളാണ് എന്നെ ഉപദേശിച്ചത് നീ ഉടനെ നാട്ടിലേക്ക് രക്ഷപ്പെടണം. ഇത് വെളിയില്‍ അറിഞ്ഞാല്‍ പിന്നെ ജീവിത കാലം മുഴുവന്‍ വെളിച്ചം കാണില്ല എന്ന്
ഇത് കേട്ടപ്പോള്‍ എന്‍റെ ഉള്ള ശക്തിയും ചോര്‍ന്നു പോയി . പിന്നെ മനസ്സില്‍ ഒരേ ചിന്തയായിരുന്നു. എങ്ങിനെയെങ്കിലും രക്ഷപ്പെടണം.
ലക്ഷ്മി പറഞ്ഞ വാക്കുകള്‍ പെരുമ്പറപോലെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
പിന്നെ അതിനുള്ള ശ്രമങ്ങളായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ അറബിയുടെ മേശപ്പുറത്തു നിന്നും പാസ്പോര്‍ട്ട് കൈക്കലാക്കിയിരുന്നു.
ഒരു വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ എല്ലാവരും കൂടി പുറത്ത് പോയ സമയത്ത് അസുഖം നടിച്ചു വീട്ടില്‍ തന്നെ മൂടിപ്പുതച്ചു കിടന്നു.
എല്ലാവരും പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം അത്യാവശ്യ സാധനങ്ങളടങ്ങിയ എന്‍റെ ബേഗുമെടുത്ത് വെളിയിലിറങ്ങി . ആദ്യം കണ്ട ടാക്സിയില്‍ എക്സേഞ്ചിന് മുന്നിലെത്തി ചങ്ങനാശ്ശേരിക്കാരന് ഫോണ്‍ ചെയ്തു . അയാള്‍ കാറുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി.
അത്യാവശ്യമായി നാട്ടില്‍ പോകണം ഒരു മാസത്തെ ലീവേ ഉള്ളു എന്ന് പറഞ്ഞ് ടിക്കറ്റിനുള്ള പൈസ അയാളെ ഏല്‍പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് കിട്ടിയത് . എന്‍റെ തിടുക്കവും രഹസ്യവും അയാള്‍ക്കറിയില്ലല്ലോ. എന്‍റെ യാത്ര ഒരു ദിവസമെങ്കിലും നീട്ടിക്കിട്ടിയ സന്തോഷത്തിലായിരുന്നു അയാള്‍ . ഒരു രാത്രി മുഴുവന്‍ ബസ്സില്‍ യാത്ര ചെയ്തു മസ്കറ്റ് എയര്‍ പോര്‍ട്ട് കൌണ്ടറില്‍ പാസ്പോര്‍ട്ടും ടിക്കറ്റും കൊടുത്തപ്പോഴാണ് അറിയുന്നത് എന്‍റെ പേരില്‍ അറബി പരാതി കൊടുത്തിട്ടുണ്ടെന്ന്. ഉടനെ രണ്ടു പോലീസുകാര്‍ വന്നെന്നെ കൂട്ടിക്കൊണ്ടു പോയി .
എന്റെ പകുതി ജീവനും അവിടെ തീര്‍ന്നിരുന്നു സാര്‍ .
രണ്ടു മാസം മസ്കറ്റ് ജെയിലില്‍ കിടന്നു . കേസ് സലാലയിലായിരുന്നതിനാല്‍ ഇവിടേയ്ക്ക് മാറ്റി .ഇവിടെയും ഇപ്പോള്‍ രണ്ടു മാസത്തോളമായി .
പോലീസുകാര്‍ റോസമ്മയില്‍ നിന്നും എന്തെങ്കിലും പിടിച്ചെടുത്തോ .....
അവരെന്റെ ബാഗും ദേഹമാസകലവും പരിശോധിച്ചു. മറിയം തന്ന മാലയല്ലാതെ വിലപിടിപ്പുള്ളതൊന്നും എന്‍റെ കയ്യിലില്ലായിരുന്നു.
മാലയെക്കുറിച്ച് അവരൊന്നും ചോദിച്ചില്ലേ .....എനിക്കു തന്നതാണെന്ന് ഞാന്‍ പറഞ്ഞു . അവരത് വിശ്വസിച്ചില്ല
മാലയും ബാബ തന്ന ഒരുവാച്ചും എന്‍റെ ബാഗും അവരുടെ കയ്യിലാണ് .
റോസമ്മയെ അവര്‍ ഉപദ്രവിച്ചോ .......( വിങ്ങിപ്പൊട്ടുന്നു.)... മസ്കറ്റില്‍ വെച്ച് ആദ്യത്തെ ഒരാഴ്ച . പിന്നെ ഇല്ല.
എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍...... ചങ്ക് പൊട്ടിയുള്ള ആ ചോദ്യം ഹൃദയത്തില്‍ തുളഞ്ഞു കയറി
റോസമ്മ വിഷമിക്കേണ്ട . എല്ലാം ശരിയാകും . മനസ്സുരുകി പ്രാര്‍ഥിച്ചോളു ... ഞാന്‍ ശ്രമിക്കാം .
റോസമ്മ ജോലിചെയ്തിരുന്ന വീട്ടിലെ അഡ്രസ്സും , അറബിയുടെ ഫോണ്‍ നമ്പരും വാങ്ങി ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ ആ ചോദ്യം വീണ്ടും മനസ്സില്‍ അലയടിച്ചു .
എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍ ...
അടുത്ത ദിവസം വൈകീട്ട് നാലുമണി യോടെ അറബിക്ക് ഫോണ്‍ ചെയ്തു ഒരു കൂടിക്കാഴ്ച തരപ്പെടുത്തി .
അറബിയുടെ വീടിന്റെ സ്വീകരണ മുറിയിലിരുന്ന് ഖാവയും ,കജൂറും, ഹല്‍വയും ഒക്കെ ആസ്വദിച്ചു കഴിക്കുമ്പോഴും, വിഷയം അവതരിപ്പിക്കുമ്പോള്‍ എന്ത് പ്രതികരണമാണുണ്ടാവുക എന്നൊരു വ്യാകുലത മനസ്സിനെ ഭരിച്ചിരുന്നു .
സാവകാശം സ്നേഹത്തിലും വിനയത്തിലും കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യം ചെറിയ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരുടെയും മനസ്സലിയുകയായിരുന്നു. നേരിയ പ്രതീക്ഷയോടെ അവിടെ നിന്നും യാത്ര പറഞ്ഞു.
കൃത്യം നാലാം ദിവസം പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നെ കോടതിയിലേക്ക് വിളിപ്പിച്ചു . കോടതിയില്‍ റോസമ്മയും, സ്പോണ്‍സറും ഹാജരായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ സന്‍മനസ്സു കൊണ്ട് "ഖാളി" ( ജഡ്ജ് ) എന്നെയും സ്പോണ്‍സറെയും ചേംബറിലേക്ക് വിളിപ്പിച്ചു .
ഇനിയും എന്തൊക്കെ പുലിവാലുകളാണാവോ സംഭവിക്കുവാന്‍ പോകുന്നത് ..
ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു ജഡ്ജി യുടെ ചേംബറിലേയ്ക്ക് പോകുന്നത്..
സ്വന്തം കാര്യത്തിന് ഇന്നുവരെ പോലീസ് സ്റ്റേഷനോ കോടതിയോ കയറിയിട്ടില്ല.
സ്പോണ്‍സറുടെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ ആകെ ഒരു ശങ്ക....അദ്ദേഹം കാലു മാറുമോ ...
പൊള്ളുന്ന വല്ല അനുഭവങ്ങളും ഉണ്ടാകുമോ ....
ഇതുവരെ കേസ്ഡയറിയിലില്ലാത്തത് വല്ലതും പുറത്ത് വരുമോ ....?
റോസമ്മയ്ക്ക് രക്ഷപ്പെടാന്‍ സൌകര്യമൊരുക്കിയത് നിങ്ങളാണോ എന്ന് ജഡ്ജ് ചോദിക്കുമോ ...
ആ പെണ്‍കുട്ടിയുടെ മൊബൈല്‍ ഇവിടെ എത്തിയിട്ടുണ്ടാകുമോ...
സ്ഥാനത്തിന്റെ പിന്‍ബലമുണ്ടെങ്കിലും ഉള്ളില്‍ ഒരു വിറയല്‍ ....
നമ്മുടെ നാടല്ലല്ലോ ...
രണ്ടും കല്‍പ്പിച്ച് അകത്തു കടന്നു . ജഡ്ജിയെ വണങ്ങി .
ആദരപൂര്‍വ്വം ഇരിക്കാന്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത് .
അപ്പോഴും ഉള്ളിലെ വിറയല്‍ വിട്ടുമാറിയിരുന്നില്ല ...
ജഡ്ജ് പബ്ലിക് പ്രോസിക്യുട്ടറോട് എന്തോ സ്വകാര്യം പറഞ്ഞതിനു ശേഷം
എന്നോടു ചോദിച്ചു ..എന്താണ് പറയുവാനുള്ളത്......
എനിക്കു വഴങ്ങുന്ന വിനയത്തില്‍ ഞാന്‍ അപേക്ഷിച്ചു.
പറക്കമുറ്റാത്ത രണ്ടു കുട്ടികളുണ്ട് . വളരെ പാവങ്ങളാണ് . നാട്ടിലേക്ക് കയറ്റിവിടാനുള്ള ദയവുണ്ടാകണം .
സ്പോണ്‍ സാറോട് ചോദിച്ചു ..എന്തുവേണം ....
സ്പോണ്‍സര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല തൊണ്ടിയായി കണ്ടെടുത്തതും റോസമ്മയ്ക്ക് തന്നെ തിരിച്ചുകൊടുക്കുവാനുള്ള സന്മനസ്സും കാണിച്ചു.
ഹാവു....വിറയല്‍ പോയി ...
നട്ടുച്ചയ്ക്ക് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച ആശാസം .
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചപ്പോഴുള്ള സന്തോഷം
കല്യാണപ്പിറ്റെന്നു മണവാട്ടിയുമായി ബൈക്കില്‍ മഴ നനയുന്നതിന്‍റെ സുഖം .
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചപ്പോഴുള്ള സന്തോഷം
കല്യാണപ്പിറ്റെന്നു മണവാട്ടിയുമായി ബൈക്കില്‍ മഴ നനയുന്നതിന്‍റെ സുഖം .
അടുത്ത ദിവസം തന്നെ റോസമ്മയെ ജെയിലില്‍ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി കയറ്റി വിടുവാനുള്ള ഉത്തരവായി .
മഴപെയ്തു തോര്‍ന്ന പോലെ മനസ്സ് ശാന്തമായി . എന്തായാലും ദൈവം റോസമ്മയെ കൈവിട്ടില്ല .
ആ രഹസ്യം പുറത്തറിഞ്ഞിരുന്നുവെങ്കില്‍..
എന്താകുമായിരുന്നു റോസമ്മയുടെ ജീവിതം .
ശേഷമുള്ള രംഗങ്ങള്‍ ഞാന്‍ വിശദീകരിക്കുന്നില്ല . റോസമ്മ സന്തോഷത്തോടെ നാട്ടില്‍ പോയി .
ഇപ്പോഴും ഒരു സംശയം എന്നില്‍ അവശേഷിക്കുന്നു ...എന്തിനായിരുന്നു ആ പെണ്‍കുട്ടിയെ ............. ശുഭം
-------------------------------------------------------
സുഹൃത്തുക്കളെ , ഇതില്‍ വലിയൊരു ഗുണ പാഠമുണ്ടെന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി.
-------------------------------------------------------