ബ്രഹ്മണ്യാ ധായ കര്‍മ്മാണി
സംഗം ത്യക്ത്വാ കരോതിയ
ലിപ്യതേ നസ പാപേന
പത്മപത്ര മിവാം ഭിസ
(ഭഗവത് ഗീത)
താമരയിലയെ വെള്ളത്തുള്ളികള്‍ നനയ്ക്കാത്തതുപോലെയാണ് , ഈശ്വരനാമത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നത്.
ഭഗവത് ഗീതയിലെ ഈ ആപ്തവാക്യം അനുഗ്രഹമായി ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലിലെ മലയാളികളായ ഒട്ടു മിക്ക ഡോക്ടര്‍മാരും , നഴ്സുമാരും , സലാലയിലെ സാമൂഹ്യ പ്രവര്‍ത്തകരും.
അവരുടെ തീവ്രവും ആത്മാര്‍ത്ഥവുമായ പരിചരണം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും രക്ഷപ്പെട്ടത് , പുനര്‍ജന്മം ലഭിച്ചത് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ച രാഗേഷ് എന്ന ചെറുപ്പക്കാരനാണ് . ഒരു കുടുംബത്തിന്റെ അത്താണിയാണ് രാഗേഷ് .
സലാല പട്ടണത്തിന്റെ ഏകദേശം കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന വളര്‍ന്നു വരുന്ന ഒരു പട്ടണമാണ് സാദ . ഒരു തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു ഞാന്‍ അങ്ങോട്ട് പോയത് .പോകുന്ന വഴിയില്‍ സാധാരണ ആള്‍ത്തിരക്കൊഴിഞ്ഞ കോണില്‍ ഒരു തോട്ടത്തിന്നടുത്ത് ചെറിയൊരു ആള്‍ക്കൂട്ടം . കത്തുന്ന വെയിലില്‍ ഈ ഉച്ച സമയത്ത് എന്താണാവോ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് എന്നറിയാന്‍ വണ്ടി അങ്ങോട്ട് തിരിച്ചു . അപ്പോഴേക്കും പോലീസ് വണ്ടിയും പാഞ്ഞെത്തി . ആള്‍ക്കൂട്ടത്തിനു നടുവില്‍ കാറ്റൊഴിഞ്ഞ ട്യൂബു പോലെ ഒരു ചെറുപ്പക്കാരന്‍ രക്തത്തില്‍ കുളിച്ചു ചുരുണ്ടു കൂടിക്കിടക്കുന്നു . ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ബംഗാളി എന്ന് തോന്നിക്കുന്ന വസ്ത്ര ധാരണം . വെയിലിന്റെ കാഠിന്ന്യം കൊണ്ട് ഉണങ്ങി കട്ടപിടിച്ച രക്തത്തിന് മീതെ ഉറുമ്പുകള്‍ ചാലിടുന്നു. പരുക്കേറ്റു കരുവാളിച്ച മുഖത്ത് ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു. തുറന്നിരിക്കുന്ന വായില്‍ ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്നു. കീഴ്ത്താടി ഒരു വശത്തേയ്ക്ക് ചരിഞ്ഞിരിക്കുന്നു . പാതിയടഞ്ഞു നിശ്ചലമായ കണ്ണുകള്‍ . ആരോ പിരിച്ചു വെച്ചിരിക്കുന്നതുപോലെ ഒരു കാല്‍ വിപരീത ദിശയിലേക്കു തിരിഞ്ഞു പിരിഞ്ഞിരിക്കുന്നു . ഒടിഞ്ഞു വീണ ചുള്ളിക്കമ്പുകള്‍ പോലെ കൈകള്‍ ശരീരത്തും നിലത്തുമായി പതിഞ്ഞു കിടക്കുന്നു .
അടുത്ത പള്ളിയില്‍ ഉച്ച നമസ്ക്കാരത്തിനെത്തിയവരായിരുന്നു ആള്‍ക്കൂട്ടത്തില്‍ അധികവും . കൂടി നിന്നവരുടെ നിഗമങ്ങള്‍ പലവിധമായിരുന്നു. മരക്കമ്പു കൊണ്ടു അടിച്ചു കൊന്നതായിരിക്കും എന്നോരുകൂട്ടര്‍ . കൊന്നിട്ട് ഇവിടെ കൊണ്ടുവന്നിട്ടതായിരിക്കും എന്ന് മറ്റു ചിലര്‍ . വണ്ടിയിടിച്ചു കൊലപ്പെടുത്തിയിട്ട് ഇവിടെ വലിച്ചിട്ടതായിരിക്കും എന്ന പക്ഷക്കാരുമുണ്ട് . അധിക നേരം നോക്കി നില്‍ക്കാന്‍ കഴിയാത്ത ആ ദയനീയ കാഴ്ച ഹൃദയത്തെ പിളര്‍ക്കുന്നതുപോലെ തോന്നി.
നമ്മെപ്പോലെ തന്നെ ജീവിക്കാന്‍ വേണ്ടി വന്നതല്ലേ . എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും പേറിയാകും വന്നിട്ടുണ്ടാവുക . എന്തൊക്കെ കണക്കുകൂട്ടലുകളായിരിക്കും വീട്ടുകാര്‍ക്ക്. ഇതറി യുമ്പോള്‍ അവരുടെ അവസ്ഥ എന്തായിരിക്കും . എന്തിനാണാവോ ദൈവം ഈ ചെറുപ്പക്കാരനെ ഇങ്ങിനെ ശിക്ഷിച്ചത്.......ഇവിടെ ബന്ധുക്കളോ നാട്ടുകാരോ ആരെങ്കിലുമുണ്ടാകുമോ......ചിന്തകള്‍ കാടുകയറി .മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി .
പോലീസുകാര്‍ ആളുകളെ അകറ്റുന്ന തിരക്കില്‍ പെട്ടെന്ന് ഒരു പാക്കിസ്ഥാനി കിളവന്‍റെ ശബ്ദം ......
യെ..മരാ നഹി .....മരാ നഹി ...സിന്ദാ ഹെ....സിന്ദാ ഹെ .. പാനി ലാവോ ഭായ് ലോക് ..പാനി ലാവോ.....( ഇയാള്‍ മരിച്ചിട്ടില്ല ...മരിച്ചിട്ടില്ല ..ജീവനുണ്ട് ..ജീവനുണ്ട്...വെള്ളം കൊണ്ടുവരൂ സഹോദരരെ ..വെള്ളം കൊണ്ടുവരൂ.)
അയാള്‍ ഉറക്കെക്കരയുന്നത് പോലെ തോന്നി . നിമിഷ നേരം കൊണ്ട് ആരോ വെള്ളവുമായി പാഞ്ഞെത്തി. അതിനിടയ്ക്ക് തോളില്‍ കിടന്ന ഷാളു കൊണ്ട് ഒരറബി ഈച്ചയെയും ഉറുമ്പിനെയും അകറ്റുന്നുണ്ടായിരുന്നു . കുറേശെയായി വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം സാവധാനം ഇറങ്ങിപ്പോകുകയും ശരീരം പതുക്കെ ചലിക്കുകയും ചെയ്തപ്പോള്‍ ആള്‍ക്കൂട്ടവും അന്തരീക്ഷവും പ്രാര്‍ഥനാ നിര്‍ഭരമായി.
പിന്നെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുവാനുള്ള തിരക്കായിരുന്നു. അതുവരെ മൃത ശരീരമായി കണ്ടിരുന്ന, ജഡമായി വിശേഷിപ്പിക്കപ്പെട്ട ആ ചെറുപ്പക്കാരനെ എല്ലാവരും കൂടി പോലീസുവണ്ടിയിലേക്ക് കയറ്റി . എമര്‍ജന്‍സി ലൈറ്റിട്ടു പാഞ്ഞ പോലീസു വണ്ടിയുടെ പിറകെ ഞാനും ആശുപത്രിയിലെത്തി.
ഇന്ത്യാക്കാരനായാലും പാക്കിസ്ഥാനിയായാലും ബംഗ്ലാദേശിയായാലും മനുഷ്യനല്ലേ , ഒരു ജീവനല്ലേ .അതു രക്ഷപ്പെടുത്തുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ പരിചയക്കാരായ ഡോക്ടര്‍മാരെ വിളിച്ചു വരുത്തുവാനും , തീവ്ര പരിചരണം ലഭ്യമാക്കുവാനും ഈയുള്ളവന്റെ ചെറു സേവനവും സഹായകമായി.
പോക്കറ്റില്‍ നിന്നും പോലീസിനു കിട്ടിയ ലേബര്‍ കാര്‍ഡിലൂടെയാണ് ആള്‍ ഇന്ത്യാക്കാരനാണെന്നും, പേര് രാഗേഷ് എന്നും തിരിച്ചറിയുന്നത്
തുടര്‍ന്നുള്ള അന്ന്വേഷണത്തിലാണ് രാഗേഷ് മലയാളിയാണെന്നും അന്ന് രാവിലെ സലാലയില്‍ നടന്ന ആക്സിടണ്ടിന്റെ കഥയും, പുറം ലോകവും പോലീസും അറിയുന്നതും .
കുടുംബത്തിന്റെ അത്താണിയായ രാഗേഷ് ഗള്‍ഫ് എന്ന സ്വപ്ന ഭൂമിയിലേക്ക് ആദ്യമായി പറന്നിറങ്ങുമ്പോള്‍ മനസ്സിലും നിറയെ സ്വപ്നങ്ങളായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് വിശ്രമം കൊടുക്കണം . അമ്മയ്ക്ക് ആശ്വാസമാകണം . സഹോദരങ്ങള്‍ക്ക് തണലാകണം .
ഇത്രയും നാളത്തെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ പ്രാപിക്കണം . നല്ലൊരു ജിവിതം കെട്ടിപ്പടുക്കണം .അങ്ങിനെ നൂറുനൂറു സ്വപ്‌നങ്ങള്‍ .
തയ്യല്‍ ജോലിക്കാരനായ രാഗേഷ് സലാലയിലെത്തിയ്ട്ടു ഒരുമാസമേ ആയിരുന്നുള്ളു. ബന്ധുക്കളാരും സലാലയില്‍ ഇല്ല . നാട്ടുകാരെ പരിചയപ്പെട്ടിട്ടില്ല . എങ്കിലും ചെറിയൊരു ജോലി തരപ്പെടുത്തുവാന്‍ കഴിഞ്ഞു .
ഒരു ദിവസം രാവിലെ താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ രാഗേഷ് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കായിരുന്നതിനാലും അധികം ആള്‍ സഞ്ചാരമില്ലാത്ത റോഡില്‍ വെച്ചായിരുന്നതിനാലും അപകടം അധികമാരുമറിഞ്ഞിരുന്നില്ല. അടുത്ത തോട്ടങ്ങളില്‍ പണിയെടുക്കുന്ന മൂന്നു നാല് പേര്‍ ദൃക് സാക്ഷികളായെങ്കിലും വണ്ടിയിലുണ്ടായിരുന്ന സ്വദേശികളായ രണ്ടുപേര്‍ ചാടിയിറങ്ങി രാഗേഷിനെ കോരിയെടുത്ത് വണ്ടിയിലിട്ടു കൊണ്ട് പോകുകയായിരുന്നു.
ഒരാള്‍ വണ്ടിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്നേഹ പൂര്‍വ്വം തടഞ്ഞു കൊണ്ട് പറഞ്ഞു ...പേടിക്കേണ്ട ഞങ്ങള്‍ നേരെ പോകുന്നത് ആശുപത്രിയിലെക്കാണ് . അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത് ആരും വണ്ടിയില്‍ കയറിയില്ല . വണ്ടിയില്‍ വെച്ച് ചലനമറ്റ രാഗേഷിനെ മരിച്ചു എന്ന ധാരണയില്‍ അവര്‍ സാദയില്‍ റോഡരികിലുള്ള ഒരു തോട്ടത്തിന്റെ മൂലയില്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു . ഇതിനിടെ അപകടം നടന്ന സ്ഥലത്ത് തോട്ടം പണിക്കാരനായ ഒരു പാക്കിസ്ഥാനി വണ്ടിയുടെ നമ്പര്‍ കുറിച്ചെങ്കിലും സീരിയല്‍ നമ്പര്‍ എഴുതിയിരുന്നില്ല.
രാവിലെ എട്ടു മണിയ്ക്ക് അപകടം സംഭവിച്ച രാഗേഷ് ഉച്ചയ്ക്ക് ഒരു മണിവരെ കത്തുന്ന വെയിലത്ത് കിടക്കുകയായിരുന്നു.
ഉച്ച നമസ്കാരത്തിനു പള്ളിയില്‍ പോകുന്നവര്‍ കണ്ടില്ലായിരുന്നെങ്കില്‍ രാഗേഷിന്റെ ജീവിതം അന്നവിടെ തീരുമായിരുന്നു .
സലാലയിലെ വിവിധമേഖലകളിലും സംഘടനകളിലും പ്രവര്‍ത്തിക്കുന്ന സുമനസ്സുകളായ സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്നം കൊണ്ട് കേസ് മുമ്പോട്ട് കൊണ്ടുപോയെങ്കിലും വേണ്ടത്ര തെളിവുകളില്ലാതെയും നമ്പറിന്റെ അപര്യാപ്തത കൊണ്ടും തള്ളിപ്പോവുകയായിരുന്നു.
എണ്‍പത് ശതമാനം ഇന്ഷൂറന്സിനു അര്‍ഹതയുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് വിധി ഏഴുതിയിട്ടും ഒരു പൈസ പോലും ലഭിക്കാതിരുന്നത് രാഗേഷിനു മറ്റൊരു ആഘാതമായിരുന്നു.
ഒരുമാസക്കാലം തീവ്ര പരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി സ്നേഹ പരിചരണങ്ങളേറ്റുവാങ്ങി പുനര്‍ജന്മമെടുത്ത രാഗേഷ് അത്യാവശ്യം ക്രച്ചസ്സില്‍ നടക്കാംഎന്നായപ്പോള്‍ താമസ സ്ഥലത്തേക്കു പോന്നു . നല്ലവരായ മലയാളി സുഹൃത്തുക്കള്‍ രാഗേഷിനെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ചു, പരിചരിച്ചു . നന്മ നിറഞ്ഞ അവരുടെ മനസ്സില്‍ സ്നേഹവും മനുഷ്യത്വവുമായിരുന്നു പ്രതിഫലിച്ചിരുന്നത് . ഇന്ന് രാഗേഷിനു സംഭവിച്ചത് നാളെ നമുക്കും സംഭവിച്ചു കൂടെന്നില്ലല്ലോ.. വിധിയുടെ വിളയാട്ടം ഏതൊക്കെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് . മരിച്ചു എന്ന് വിധിയെഴുതിയ രാഗേഷല്ലേ ജീവനോടെ നമ്മുടെ കണ്‍വെട്ടത്ത് നടക്കുന്നത് . മാനുഷികമായ പരിമിതികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന അമാനുഷിക ശക്തിയെക്കുറിച്ച് എത്രപേര്‍ ചിന്തിക്കുന്നു.
പത്ത് പൈസപോലും കയ്യിലില്ലാതിരുന്നിട്ടും ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കും രാഗേഷ് ബുദ്ധിമുട്ടിയില്ല . ഭീമമായ സംഖ്യ വക്കീല്‍ ഫീസ് കൊടുത്തു തള്ളിപ്പോയ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനു വേണ്ടി കരുണാര്‍ദ്രമായ മനസ്സോടെ സലാലയിലെ മലയാളി സഹോദരങ്ങള്‍ ഒത്തുകൂടി രാഗേഷ് സഹായ കമ്മിറ്റി രൂപീകരിച്ചു . ഒരിക്കല്‍ സഹായിച്ചവര്‍ തന്നെ പിന്നെയും സഹായ ഹസ്തങ്ങള്‍ നീട്ടി മഹാ മനസ്കരാകുമ്പോള്‍, നിറഞ്ഞ സാമ്പത്തികത്തിലും മനസ്സ് വികസിക്കാതെ നിഷ്ക്കരുണം മുഖം തിരിക്കുന്നവര്‍ അറിയുന്നുണ്ടോ അജ്ഞാത ശക്തിതന്‍ അവര്‍ണ്ണ നീയ ലീലാവിലാസങ്ങള്‍ ...നാളെ തങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ....
ഇപ്പോള്‍ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത രാഗേഷ് ദൈവത്തിന്റെ വരദാനമായി കിട്ടിയ പുനര്‍ജ്ജനിയുടെ ആത്മവിശ്വാസത്തില്‍ വീണ്ടും ജോലിക്കിറങ്ങുകയാണ് തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍. കൊതിതീരുവോളം ഒന്ന് ജീവിക്കുവാന്‍ .
മരണത്തിനും പുനര്‍ജന്മത്തിനും സാക്ഷിയാകാന്‍ വിധിക്കപ്പെട്ടയാള്‍ അതിന്‍റെ നീതി ശാസ്ത്രം തേടുന്നതില്‍ അര്‍ത്ഥമുണ്ടോ..
അടിക്കുറിപ്പ്:-
1 . അപകടത്തിനു ദൃക്സാക്ഷികളാകുന്നവര്‍ വാഹന നമ്പര്‍ കുറിച്ചെടുക്കുമ്പോള്‍ വ്യക്തമായി സീരിയല്‍ നമ്പര്‍ അടക്കം കുറിച്ചെടുക്കുക.
2 . അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുവാന്‍ ദൃക് സാക്ഷികളും മുന്നിട്ടിറങ്ങുക
3 . നേരില്‍ കണ്ട കാര്യങ്ങള്‍ ഇരയുടെ നന്മക്കായി എവിടെയും തുറന്ന് പറയുവാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുക

---------------------------------------------------------------------------------------------------------------------------
വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ഇപ്പോള്‍ നാട്ടിലുള്ള രാഗേഷിന്റെ ഫോണ്‍ നമ്പര്‍ ..00919847682096 .