വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളിലും ഖുര്‍ ആനിലും മധ്യ പൌരസ്ത്യ ദേശങ്ങളിലെ പൌരാണിക ചരിത്ര ഗ്രന്ഥങ്ങളിലും വളരെയധികം പ്രതിപാദിക്കപ്പെട്ടിട്ടുള്ള മഹത്തായ നാമമാണ് നബി അയ്യൂബിന്റെത് അഥവാ ജോബിന്റെത് . അളവറ്റ സമ്പത്തിന്റെയും സാത്വിക സ്വഭാവത്തിന്റെയും, വിശിഷ്ടമായ വ്യക്തിപ്രഭാവത്തിന്റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെയും ഉടമയായിരുന്ന അയ്യൂബ് നബി (അ)യുടെ അടിയുറച്ച വിശ്വാസത്തെ ദൈവം പരീക്ഷണത്തിനു വിധേയമാക്കിയപ്പോള്‍ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നഷ്ടപ്പെട്ടു.
സ്വത്തുക്കളും , ബന്ധുജനങ്ങളും, മക്കളും പ്രതാപങ്ങളും, ആരോഗ്യവും കുടുംബവുമെല്ലാം
മാരകമായ രോഗങ്ങള്‍ പിടിപെട്ട് ദുര്‍ഗ്ഗന്ധം വമിക്കുന്ന ശരീരവുമായി ജീവിക്കേണ്ടി വന്നപ്പോള്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ടു .കഠിനമായ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നപ്പോഴും വേരുറച്ച ദൈവവിശ്വാസത്തിന്റെ ഒരു കണിക പോലും കൈവിട്ടുകൊണ്ടുള്ള ഒരു വിധ വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല . വിശ്വാസത്തിന്റെ ദാര്‍ഢ്യത്തിലും , തീവ്രതയിലും സംപ്രീതനായ ദൈവം നഷ്ടപ്പെട്ടതില്‍ കൂടുതല്‍ തിരിച്ചു നല്‍കിക്കൊണ്ട് അദ്ദേഹത്തെ അതീവ സൌന്ദര്യമുള്ള യുവാവാക്കി മാറ്റുന്നു .പിന്നീട് മക്കളും മരുമക്കളും പേരക്കുട്ടികളുമായി അദ്ദേഹം അനേക വര്‍ഷങ്ങള്‍ ജീവിച്ചു . ഇത് ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം .
സലാല പട്ടണത്തിന്റെ ഏകദേശം വടക്ക് പടിഞ്ഞാറു ഭാഗത്തായി നാല്‍പ്പതു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഇറ്റിന്‍ മലനിരകളിലൊന്നിന്റെ മുകളില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു എന്ന് കരുതപ്പെടുന്ന ഒരു ഖബര്‍ സ്ഥാനും അതിനോടനുബന്ധിച്ചു അദ്ദേഹം പ്രാര്‍ത്ഥനയ്ക്കുപയോഗിച്ചിരുന്ന മേല്‍ക്കൂരയില്ലാത്ത ഒരു പഴയ പള്ളിയും സ്ഥിതി ചെയ്യുന്നു .ജാതിമത ഭേദ മന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭാഷക്കാരായ സന്ദര്‍ശകരുടെയും,തീര്‍ഥാടകരുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമാണ് നബി അയ്യൂബ് തോംബ്. ( Nabi Ayyoob thomb ) സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം സര്‍ക്കാര്‍ അവിടെ നല്ലൊരു പള്ളിയും വിശ്രമ കേന്ദ്രവും പണി തീര്‍ത്തിരിക്കുന്നു . പുറമേ നിന്നുള്ള സന്ദര്‍ശകരെ കൂടാതെ സലാലയിലുള്ള സ്വദേശികളും വിദേശികളും ഒഴിവു ദിവസങ്ങള്‍ ചിലവഴിക്കാന്‍ മിക്കവാറും എത്തിച്ചേരുന്നത് ശാലീന സുന്ദരമായ ഈ കുന്നിന്‍ മുകളിലേക്കാണ് .
![]() |
അന്ത്യ വിശ്രമ സ്ഥാനം |
അയ്യൂബ് നബി ( കവിത)
കാലം ഭൂമിയെക്കാവലേല്‍പ്പിച്ചൊരു കുന്നിന്‍ മുകളിലെയൂഷ്മളശ്ശാന്തിയില്‍
ശാലീന സുന്ദര സുരഭിലമാര്‍ന്നൊരു
ശൈല ശൃംഗത്തിന്റെയുത്തുംഗസീമയില്‍
ആരെയും മാടി വിളിക്കുന്നോരാശ്രമ-
ശ്ശീതളച്ഛായയുതിര്‍ക്കും സലാലയില്‍
സായൂജ്യമായിട്ടുറങ്ങുന്നിതന്ത്യമായ്
അയ്യൂബ് നബിയെന്നൊരത്ഭുത ദൂതന്‍
സാത്വികനാമൊരു പുണ്യ പ്രവാചകന്‍
സര്‍വ്വലോകത്തിന്നും മാതൃകയായൊരാള്‍
സര്‍വ്വാംഗ രോഗിയായ് പീഡിതനായൊരാള്‍
സര്‍വ്വം സഹിയായ് പുകള്‍ പെറ്റ ദൂതന്‍ .
കണ്ണുകള്‍ ചിമ്മാതെ കാവലിരിക്കുന്നു
വിണ്ണിലെത്താരകളെന്നുമാ ദൂതനെ
![]() |
പഴയകാല പ്രാര്‍ത്ഥനാലയം |
പുണ്യ പുരാണ ചരിത്രം പഠിക്കുകില്‍
കണ്ണീരിലലിയും കഥയുണ്ടാ ദൂതന് .
എല്ലാമീശനിലര്‍പ്പിച്ചു ജീവിച്ചൊരാ-
ളില്ലായിതുപോലെ ത്യാഗം സഹിച്ചയാള്‍
അല്ലലുമാപത്തുമെല്ലാമവനുടെ -
ചെല്ലപ്പരീക്ഷകളെന്നുമുറച്ചയാള്‍ .
എല്ലുകളല്ലാത്തതെല്ലാം തകര്‍ന്നിട്ടും
തെല്ലുമകലാതെ വിശ്വാസം കാത്തൊരാള്‍ വൃദ്ധശ്ശരീരം പുഴുക്കളരിച്ചര്‍ദ്ധ-
നഗ്നനായ് ദുര്‍ഗ്ഗന്ധവാഹകനെങ്കിലും
ശ്രദ്ധയും,പ്രാര്‍ത്ഥനയെല്ലാമവനിതന്‍
നാഥനിലര്‍പ്പിച്ചു ജീവിച്ച പുണ്യവാന്‍
വിശ്വാസ ദാര്‍ഢ്യത്തിന്‍ ശക്തിയാല്‍ സമ്പത്തും
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിധിയെപ്പഴിക്കാതെ, വിലപിച്ചിരിക്കാതെ
വിജയങ്ങള്‍ നേടിയ ധന്യമാം ജീവിതം
വയ്യായ്കയെണ്ണിക്കരയുന്നവര്‍ക്കെന്നും
അയ്യൂബ് നബിയൊരു മാതൃകയല്ലയോ