പേജുകള്‍‌

2015, ജൂലൈ 21, ചൊവ്വാഴ്ച

2010, ഡിസംബർ 22, ബുധനാഴ്‌ച

ജോബ്‌ അഥവാ നബി അയ്യൂബ്

വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളിലും ഖുര്‍ ആനിലും മധ്യ പൌരസ്ത്യ ദേശങ്ങളിലെ പൌരാണിക ചരിത്ര ഗ്രന്ഥങ്ങളിലും വളരെയധികം പ്രതിപാദിക്കപ്പെട്ടിട്ടുള്ള മഹത്തായ നാമമാണ് നബി അയ്യൂബിന്റെത് അഥവാ ജോബിന്റെത് . അളവറ്റ സമ്പത്തിന്റെയും സാത്വിക സ്വഭാവത്തിന്റെയും, വിശിഷ്ടമായ  വ്യക്തിപ്രഭാവത്തിന്റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെയും ഉടമയായിരുന്ന അയ്യൂബ് നബി (അ)യുടെ അടിയുറച്ച വിശ്വാസത്തെ ദൈവം പരീക്ഷണത്തിനു വിധേയമാക്കിയപ്പോള്‍ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നഷ്ടപ്പെട്ടു.
 സ്വത്തുക്കളും , ബന്ധുജനങ്ങളും, മക്കളും  പ്രതാപങ്ങളും, ആരോഗ്യവും  കുടുംബവുമെല്ലാം 
മാരകമായ രോഗങ്ങള്‍ പിടിപെട്ട്  ദുര്‍ഗ്ഗന്ധം വമിക്കുന്ന ശരീരവുമായി ജീവിക്കേണ്ടി  വന്നപ്പോള്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ടു .കഠിനമായ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നപ്പോഴും വേരുറച്ച ദൈവവിശ്വാസത്തിന്റെ ഒരു കണിക പോലും കൈവിട്ടുകൊണ്ടുള്ള ഒരു വിധ വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല . വിശ്വാസത്തിന്റെ ദാര്‍ഢ്യത്തിലും , തീവ്രതയിലും സംപ്രീതനായ ദൈവം നഷ്ടപ്പെട്ടതില്‍ കൂടുതല്‍ തിരിച്ചു നല്‍കിക്കൊണ്ട് അദ്ദേഹത്തെ അതീവ സൌന്ദര്യമുള്ള യുവാവാക്കി മാറ്റുന്നു .പിന്നീട് മക്കളും മരുമക്കളും പേരക്കുട്ടികളുമായി അദ്ദേഹം അനേക വര്‍ഷങ്ങള്‍ ജീവിച്ചു . ഇത് ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം .             
സലാല പട്ടണത്തിന്റെ ഏകദേശം വടക്ക് പടിഞ്ഞാറു ഭാഗത്തായി നാല്‍പ്പതു കിലോമീറ്റര്‍ ദൂരത്തില്‍  സ്ഥിതി ചെയ്യുന്ന ഇറ്റിന്‍  മലനിരകളിലൊന്നിന്റെ മുകളില്‍  അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു എന്ന് കരുതപ്പെടുന്ന ഒരു ഖബര്‍ സ്ഥാനും അതിനോടനുബന്ധിച്ചു അദ്ദേഹം പ്രാര്‍ത്ഥനയ്ക്കുപയോഗിച്ചിരുന്ന  മേല്‍ക്കൂരയില്ലാത്ത ഒരു പഴയ പള്ളിയും സ്ഥിതി ചെയ്യുന്നു .ജാതിമത ഭേദ മന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭാഷക്കാരായ  സന്ദര്‍ശകരുടെയും,തീര്‍ഥാടകരുടെയും പ്രധാന ആകര്‍ഷണ  കേന്ദ്രമാണ് നബി അയ്യൂബ് തോംബ്. ( Nabi Ayyoob thomb ) സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം സര്‍ക്കാര്‍ അവിടെ നല്ലൊരു പള്ളിയും വിശ്രമ കേന്ദ്രവും പണി തീര്‍ത്തിരിക്കുന്നു . പുറമേ നിന്നുള്ള സന്ദര്‍ശകരെ കൂടാതെ സലാലയിലുള്ള സ്വദേശികളും വിദേശികളും ഒഴിവു ദിവസങ്ങള്‍ ചിലവഴിക്കാന്‍ മിക്കവാറും എത്തിച്ചേരുന്നത് ശാലീന സുന്ദരമായ ഈ കുന്നിന്‍ മുകളിലേക്കാണ് . 

അന്ത്യ വിശ്രമ സ്ഥാനം 
അയ്യൂബ് നബി ( കവിത)  
കാലം ഭൂമിയെക്കാവലേല്‍പ്പിച്ചൊരു 
കുന്നിന്‍ മുകളിലെയൂഷ്മളശ്ശാന്തിയില്‍ 
 ശാലീന സുന്ദര സുരഭിലമാര്‍ന്നൊരു 
ശൈല ശൃംഗത്തിന്റെയുത്തുംഗസീമയില്‍ 
ആരെയും മാടി വിളിക്കുന്നോരാശ്രമ- 
ശ്ശീതളച്ഛായയുതിര്‍ക്കും സലാലയില്‍
 സായൂജ്യമായിട്ടുറങ്ങുന്നിതന്ത്യമായ് 
അയ്യൂബ്  നബിയെന്നൊരത്ഭുത ദൂതന്‍

സാത്വികനാമൊരു പുണ്യ പ്രവാചകന്‍ 
സര്‍വ്വലോകത്തിന്നും മാതൃകയായൊരാള്‍                 
സര്‍വ്വാംഗ രോഗിയായ് പീഡിതനായൊരാള്‍ 
സര്‍വ്വം സഹിയായ് പുകള്‍ പെറ്റ ദൂതന്‍ .

കണ്ണുകള്‍ ചിമ്മാതെ കാവലിരിക്കുന്നു 
വിണ്ണിലെത്താരകളെന്നുമാ ദൂതനെ 
പഴയകാല പ്രാര്‍ത്ഥനാലയം 
പുണ്യ പുരാണ ചരിത്രം പഠിക്കുകില്‍ 
കണ്ണീരിലലിയും കഥയുണ്ടാ ദൂതന് .

എല്ലാമീശനിലര്‍പ്പിച്ചു ജീവിച്ചൊരാ-
ളില്ലായിതുപോലെ ത്യാഗം സഹിച്ചയാള്‍
അല്ലലുമാപത്തുമെല്ലാമവനുടെ -
ചെല്ലപ്പരീക്ഷകളെന്നുമുറച്ചയാള്‍   . 
എല്ലുകളല്ലാത്തതെല്ലാം തകര്‍ന്നിട്ടും
 തെല്ലുമകലാതെ വിശ്വാസം കാത്തൊരാള്‍                    

വൃദ്ധശ്ശരീരം പുഴുക്കളരിച്ചര്‍ദ്ധ-
നഗ്നനായ് ദുര്‍ഗ്ഗന്ധവാഹകനെങ്കിലും
ശ്രദ്ധയും,പ്രാര്‍ത്ഥനയെല്ലാമവനിതന്‍
നാഥനിലര്‍പ്പിച്ചു ജീവിച്ച പുണ്യവാന്‍ 

വിശ്വാസ ദാര്‍ഢ്യത്തിന്‍ ശക്തിയാല്‍ സമ്പത്തും  
വിശ്വൈക കാന്തിയില്‍ യുവത്വം ലഭിച്ചയാള്‍
വിധിയെപ്പഴിക്കാതെ, വിലപിച്ചിരിക്കാതെ
വിജയങ്ങള്‍ നേടിയ ധന്യമാം ജീവിതം

വയ്യായ്കയെണ്ണിക്കരയുന്നവര്‍ക്കെന്നും 
അയ്യൂബ് നബിയൊരു മാതൃകയല്ലയോ                                    

         

2010, ഡിസംബർ 7, ചൊവ്വാഴ്ച

ധരിത്രീ വിലാപം

ക്കളേ ഭൂമിയാണ്‌ ഞാന്‍ ....
ഭൂതലത്തില്‍ കിളിര്‍ക്കും തളിര്‍ക്കും 
തഴച്ചു വളരും , പൊഴിയും 
വൃക്ഷലതാദികള്‍ക്കും,         
സര്‍വ്വചരാചരങ്ങള്‍ക്കുമമ്മയാണ് ഞാന്‍ .
ഭൂഷണമല്ലതു പറയുവാനെങ്കിലും 
ഭൂതപ്രേതഗണങ്ങള്‍, പിശാചുക്കളരങ്ങു-
തകര്‍ത്തുവാഴുമഭിനവമാരകഹേതുക്കള്‍ക്കു-  
മമ്മതാനല്ലയോ..... ഭൂമി . 
ഭൂതോദയമുണ്ടാകുമോയെന്‍ മക്കള്‍ക്ക -
ന്നത്തിലു,മമ്മിഞ്ഞപ്പാലിലു, മമ്മതന്‍
മാറിലു മവര്‍ ചീറ്റും വിഷധൂളികള്‍ -
വിനയായി വരുന്നതവര്‍ക്കു മവര്‍ പടുക്കും 
തലമുറയ്ക്കു മീയമ്മയ്ക്കും നിത്യ നാശമെന്ന് .
വിത്തമാണവരുടെ ചിത്തത്തിലഹത്തിന്‍
വിത്തുപാകിയവരങ്ങുദൂരെപ്പട്ടുമെത്തയിലുറങ്ങുന്നു.
ചത്തൊടുങ്ങുന്നു നിരപരാധികള്‍, തുടിയൊടുങ്ങിയ
ജീവച്ഛവങ്ങളായ് ,കൈകാലുകള്‍ തളര്‍ന്നര്‍ദ്ധപ്രാണരായ്    
വേദന വിളയും വൈരൂപ്യങ്ങളായ്, ദൈന്യരായ് 
നിസ്സഹായരായ് , നീച സോദരര്‍ തന്‍ 
 ക്രൂരതയ്ക്കിരകളായ് ......
എത്തി നോക്കുവാനില്ല കര്‍മ്മഭടന്മാര്‍ ,
ധര്‍മ്മപാലകര്‍, നാക്ക് തോക്കാക്കുമധരപോരാളിക-
ളാദര്‍ശധീരര്‍, സാംസ്ക്കാരിക നായകര്‍ ,കരവാളേന്തു  
മക്ഷരരക്ഷകര്‍, ശിലാഹൃദയരായ് 
രമ്യഹര്‍മ്മങ്ങളില്‍ രമിക്കുന്നു ഭരണാര്‍ത്ഥികള്‍ . 
മക്കളേ....ഭൂമിയാണ്‌ ഞാന്‍ ......
അറ്റമില്ലാത്ത സ്നേഹത്തിന്നമ്മയാണു ഞാന്‍ 
      

2010, നവംബർ 30, ചൊവ്വാഴ്ച

പതി മാഹാത്മ്യം


നീലാംബരത്തിലേക്കല്ലെന്റെ മിഴികള്‍ 
നീലാംബുജത്തിലുമല്ല .....
നീഹാര ബിന്ദുപോല്‍ സ്വേദം പൊടിയുമാ -
നിര്‍മ്മലന്‍ പൂമാനിലല്ലോ -എന്‍റെ 
നീലഭന്‍ വല്ലഭനിലല്ലോ.... 

നെല്ലും പതിരും തിരിയാത്ത മക്കള്‍ -
ക്കല്ലലുമാപത്തുമില്ലാ ......
എല്ലു മുറിയെപ്പണിയെടുത്തെന്നെയു -                                                            
മുല്ലസിപ്പിക്കുന്ന കേമന്‍ - എന്നെ 
വല്ലകിയാക്കുന്ന നാഥന്‍ - എന്‍റെ 
പല്ലക്കിലേറുന്ന വീരന്‍ .

കല്യാണ സൌഭഗത്തേരില്‍ക്കറങ്ങിയ 
നല്ല മുഹൂര്‍ത്തങ്ങളെന്നും,
ചൊല്ലിപ്പറഞ്ഞെന്റെയുള്ളം കുളിര്‍പ്പിക്കും 
ചെല്ലക്കിളിയായ മാരന്‍ എന്‍റെ -                                  
നല്ലൊരു പാതിയാം ധീരന്‍ .   

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

പ്രഭവ പര്‍വത്തില്‍ വിനീതനായി പ്രഭു

അര്‍ച്ചയാമേവ ഹരയേയ         
പൂജാം ശ്രദ്ധയേ ഹതേ
നതത്  ഭക്ത്യെഷു ചാന്യേഷു
സഭക്ത പ്രാകൃതാ സ്മൃത .
ചുറ്റുപാടുകള്‍ നോക്കാതെ  ക്ഷേത്രത്തിലെ വിഗ്രഹത്തെ മാത്രം നോക്കി പൂജ നടത്തുന്നവര്‍ കപട ഭക്തരാണ്  .........ഭഗവത് ഗീത .
എത്ര ശരിയാണ്. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കാണാതെ , വേദനകള്‍ കാണാതെ വ്യാകുലതകളും ദീനങ്ങളും കാണാതെ, വിശപ്പിന്റെ വിളികേള്‍ക്കാതെ നാം ക്ഷേത്രങ്ങളില്‍ നെയ്യഭിഷേകവും ,പാലഭിഷേകവും നടത്തുന്നു .
പള്ളി ഭണ്ഡാരങ്ങളില്‍ നേര്‍ച്ചയായി സ്വര്‍ണ്ണക്കട്ടികളും , നോട്ടുകെട്ടുകളുമിടുന്നു  . ഉയര്‍ന്ന മിനാരങ്ങള്‍ പണിയുന്നു . ചര്‍ച്ചുകളില്‍ പൊന്‍ കുരിശുകള്‍ സ്ഥാപിക്കുന്നു . കൊത്തുപണികളുള്ള വാതിലുകള്‍ പിടിപ്പിക്കുന്നു . ദേവാലയങ്ങള്‍ക്ക് കനത്ത കരിങ്കല്‍ ഭിത്തികളും ഉയരത്തില്‍ മതില്‍കെട്ടുകളും തീര്‍ക്കുന്നു   . 
ആര്‍ക്കു വേണ്ടി ..
ദൈവത്തിനു വേണ്ടിയോ ....
ദൈവം എവിടെയാണ് ....
മനുഷ്യര്‍ പണിതുയര്‍ത്തിയ കരിങ്കല്‍ കൊട്ടയ്ക്കകത്താണോ 
മനുഷ്യ നിര്‍മ്മിതമായ കരിങ്കല്‍ വിഗ്രഹത്തിലാണോ ......
കള്ളപ്പണക്കാരുടെ പൊന്നില്‍ തീര്‍ത്ത കുരിശിലാണോ ....
ഉയരങ്ങളില്‍ പൊക്കിക്കെട്ടിയ സ്വര്‍ണ്ണം പൂശിയ പള്ളിമിനാരങ്ങളിലാണോ .....
അതോ  നല്ല മനുഷ്യരുടെ ഹൃദയത്തിലാണോ.........?
 അന്വേഷണം വിഫലമാകുമോ ....?  ചിന്തകള്‍ വികലങ്ങളാകുമോ  .....?
എന്‍റെ പ്രിയ സുഹൃത്ത്  ഡോക്ടര്‍ പ്രഭുവിന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കു വെക്കുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്കെന്നെ തിരുത്തുവാന്‍ കഴിയുമെന്ന് തോന്നുന്നു . 
                     
ഔപചാരികതകളില്ലാതെ ക്യാബിനിലേക്ക്‌ കടന്നു ചെന്നപ്പോള്‍ സ്വതസിദ്ധമായ പ്രസന്ന വദനത്തില്‍ വിടര്‍ന്ന പുഞ്ചിരിയുടെ അകമ്പടിയോടെ ഡോക്ടര്‍ പ്രഭു എതിരേറ്റു .രോഗികളുടെ തിരക്ക് കുറഞ്ഞ സമയമായിരുന്നതു കൊണ്ട് കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ചോദിച്ചു.......
 എന്താണാവോ അപ്രതീക്ഷിതമായി ഇങ്ങിനെയൊരു വരവ് ....
മുഖവുരയില്ലാതെ ഞാന്‍ പറഞ്ഞു.....
 ഡോക്ടറെ ഒന്ന് സങ്കടപ്പെടുത്തുവാന്‍ വന്നതാണ്. 
ഒരു പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ചുകൊണ്ട് ഡോക്ടര്‍ എന്നെ നോക്കി .
ആ നോട്ടം അര്‍ത്ഥഗര്‍ഭമായിരുന്നു.
വേദനകളുടെയും , ദുഖങ്ങളുടെയും അനിര്‍വചനീയമായ സങ്കടങ്ങളുടെയും , വിലമതിക്കാനാകാത്ത നഷ്ടത്തിന്റെയും തീച്ചൂളയില്‍ വെന്തുരുകി ഉയിര്‍ത്തെഴുന്നേറ്റയാളെ ഇനിയെങ്ങിനെ സങ്കടപ്പെടുത്തുവാന്‍ , ഇനിയെങ്ങിനെ ദുഖിപ്പിക്കുവാന്‍ ....
ഡോക്ടറുടെ അനുഭവം എനിക്കെന്റെ ബ്ലോഗു സുഹൃത്തുക്കളുമായി പങ്കുവെക്കണം . ആര്‍ക്കെങ്കിലും അതുപകരിക്കുമെങ്കില്‍ , ഗുണ പാഠമാകുമെങ്കില്‍ ഞാനും ഡോക്ടറും കൃതാര്‍ത്ഥരാവില്ലേ...
തീര്‍ച്ചയായും... അബ്ദുള്‍ഖാദര്‍ എഴുതിക്കോളൂ ....എല്ലാക്കാര്യങ്ങളും അറിയാവുന്നതല്ലേ . സംശയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ തീര്‍ത്തു തരാം.
ഡോക്ടര്‍ ഒരു ചെറു സംശയം ....സൌഹൃദത്തിനുമപ്പുറം ഡോക്ടറെ കാണുമ്പോള്‍ എന്നിലുണരുന്ന ആദ്യ വികാരം അസൂയയാണ് ...എന്താവാം കാരണം ....?
ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തി ഡോക്ടര്‍ പറഞ്ഞു ....
നിങ്ങടെയൊക്കെ അസൂയ കാരണം എന്‍റെ മുടിയൊക്കെ കുറേശ്ശെ കൊഴിഞ്ഞു തുടങ്ങി .
അയ്യോ ഡോക്ടര്‍ എന്‍റെ അസൂയ അനാരോഗ്യകരമല്ല .
 തികച്ചും ആരോഗ്യകരമാണ് . 
നിഷ്ക്കളങ്കമാണ് . ( ഡോക്ടര്‍ ചിരിക്കുന്നു )
ഇത്രയും തീവ്രമായ വേദനകളും, ദുരിതങ്ങളും അനുഭവിച്ചിട്ടും ഈ പ്രസരിപ്പും, യുവത്വവും, സന്തോഷവും നിലനിര്‍ത്തുവാന്‍ എങ്ങിനെ കഴിയുന്നു ...?
സ്മിതകുസുമങ്ങള്‍ സുഗന്ധം പരത്തിയ കവിളുകളില്‍ അറിയാതെ കയറി വന്ന ശോകത്തിന്റെ മ്ലാനത 
കനത്തു കറുത്ത മീശയില്‍ കാര്യത്തിന്റെ ഗൌരവം പടര്‍ന്നു .
പ്രതാപത്തിന്റെ പ്രതീകമെന്നോണം എഴുന്നു നില്‍ക്കുന്ന പുരികങ്ങള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്ത് .
സാത്വിക ഭാവം തുളുമ്പി നില്‍ക്കുന്ന കണ്ണുകള്‍ക്ക്‌ അസാധാരണ തിളക്കം .
കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ദൃഷ്ടികള്‍ വിദൂരത യിലേക്ക് പായിച്ചു കൊണ്ട്  ഒരശരീരിയെന്നോണം ഡോക്ടര്‍ പറഞ്ഞു ....
ചുട്ടു പഴുത്ത എന്‍റെ ഗ്രീഷ്മങ്ങളെ ഞാന്‍ മറക്കുന്നു .....
മധുരമൂറുന്ന കഴിഞ്ഞകാല  വസന്തങ്ങളെ അയവിറക്കുന്നു .....
എന്‍റെ പത്മിനിയുറങ്ങുന്ന ഈ മണ്ണിന്റെ ഗന്ധമേറ്റ്  ഞാന്‍ ജീവിക്കുന്നു ....
വരും ജന്മത്തിലും പത്മിനിയുടെ കയ്യും പിടിച്ച് ഈ മണ്ണിലൂടെ നടക്കണം ........
എന്‍റെ പാട്ടുകള്‍ കേട്ടു മതിവരാതെ , സ്നേഹിച്ചു കൊതി തീരാതെ എന്നെ തനിച്ചാക്കി പ്പോയ എന്‍റെ പത്മിനിയ്ക്കു വേണ്ടി ഇനിയും പാടണം .....
ഒരു ജന്മം സ്നേഹിച്ചാലും തീരാത്തത്ര സ്നേഹം ഇനിയും ബാക്കി.
എന്‍റെ സ്നേഹത്തിന്റെ ആഴവും പരപ്പും ആത്മാര്‍ഥതയും രോഗഗ്രസ്തയായ എന്‍റെ പത്മിനിക്കു വേണ്ടി സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയാണ് സന്തോഷമായി നിങ്ങള്‍ കാണുന്നത് .
അടുത്ത ജന്മത്തില്‍ എന്‍റെ പ്രാണ പ്രേയസിയെ ഹൃദയപൂര്‍വ്വം പുണരുവാനുള്ള ആവേശമാണ് എന്നില്‍ നിങ്ങള്‍ കാണുന്ന യുവത്വം .
ഹൃദയത്തിന്റെ അഗാധ തലങ്ങളില്‍ സ്പര്‍ശിച്ച് പ്രതിധ്വനിക്കുന്ന വാക്കുകള്‍ കേട്ടെന്റെ കണ്ണുകള്‍ സജലങ്ങളായി .
സമുദ്രം പോലെ വിശാലമായ സ്നേഹത്തിന്റെയും അണമുറിയാതൊഴുകുന്ന അമൂല്യമായ പ്രണയത്തിന്റെയും അമൃത തുല്യമായ വാക്കുകള്‍. .........
സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ പ്രഭുവും, ശ്രോതാവായ ഞാനും  സ്വപ്നാടകരെപ്പോലെ മറ്റേതോ ലോകത്തായിരുന്നു .
കതകില്‍ മുട്ടി അകത്തേയ്ക്ക് വന്ന സിസ്റ്ററാണ്  ഞങ്ങളുടെ ശ്രദ്ധ തിരിച്ചത് .
വെള്ള വസ്ത്രം ധരിച്ച വെളുത്ത കണ്ണടക്കാരിക്ക്  ഡോക്ടര്‍ എന്നെ പരിചയപ്പെടുത്തി .
സിസ്റ്റര്‍ ...ഇതെന്റെ അടുത്ത സുഹൃത്ത് അബ്ദുള്‍ഖാദര്‍......
അറിയാം സാര്‍ ...ചിലപ്പോഴൊക്കെ ടീവിയിലും ,പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് . നാട്ടില്‍ വര്‍ഗ്ഗീസച്ചായന്റെ മകളുടെ കല്യാണത്തിനും സാറിനെ കണ്ടിരുന്നു .
അപ്രതീക്ഷിതമായികിട്ടിയ ആ പ്രശംസയില്‍ ഞാനറിയാതെ തന്നെ ഇരിപ്പിടം പൊങ്ങുന്നതായിത്തോന്നി .
ഞാനിറങ്ങട്ടെ ഡോക്ടര്‍ .......
പെഷ്യന്റ്സ് കാത്തിരിക്കുന്നു .
ഡോക്ടര്‍ പ്രഭുവിനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ ഡോക്ടര്‍ പത്മിനിയായിരുന്നു .ഡോക്ടര്‍ പ്രഭുവിന്റെ പ്രിയ പത്നി .
ആരോഗ്യവും സൗന്ദര്യവും സ്വഭാവ ഗുണവും ദൈവം വാരിക്കോരിക്കൊടുത്തു.
ജനങ്ങളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും നിയോഗിക്കപ്പെട്ട ധന്യമായ ജീവിതം .
ഹൃദ്യമായ പെരുമാറ്റം കൊണ്ടും , വിനയാന്വിതമായ സമീപനം കൊണ്ടും എല്ലാവരുടെ യും , വിശിഷ്യാ സാധാരണക്കാരുടെ മനം കവര്‍ന്ന വ്യക്തിത്വം . 
ഭര്‍ത്താവിന് പ്രിയപ്പെട്ട  ഭാര്യ ......
മക്കള്‍ക്ക്‌ മനോഹരിയായ അമ്മ .....
നാട്ടുകാര്‍ക്ക് നല്ല ഡോക്ട്രര്‍ .......
സുഹൃത്തുക്കള്‍ക്ക് ഉത്തമയായ സുഹൃത്ത് ....
അതായിരുന്നു ഡോക്ടര്‍ പത്മിനി ......
സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ദീര്‍ഘ കാലം സേവന മനുഷ്ടിച്ച മാതൃകാ ദമ്പതികളായിരുന്നു ഡോക്ടര്‍ പ്രഭുവും ഡോക്ടര്‍ പത്മിനിയും .
അനുഗ്രഹങ്ങള്‍ വേണ്ടുവോളം ചൊരിഞ്ഞു കൊടുത്ത ദൈവം പരീക്ഷണത്തിനും ഡോക്ടര്‍ പത്മിനിയെത്തന്നെ തിരഞ്ഞെടുക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല . 
അല്ലെങ്കിലും മനുഷ്യന്റെ കണക്കു കൂട്ടലുകള്‍ക്കതീതമാണല്ലോ ദൈവത്തിന്റെ  തീരുമാനങ്ങള്‍ .
അമ്പതാം വയസ്സില്‍ അള്‍ഷിമേഴ്സ് രോഗം ബാധിച്ചു ദുരിതക്കയങ്ങളിലേക്ക് നീങ്ങി അകാലത്തില്‍ പൊലിഞ്ഞുപോയപ്പോള്‍ ഡോക്ടര്‍ പത്മിനിയെ അറിഞ്ഞവരില്‍ ഈറനണിയാത്ത കണ്ണുകളില്ലായിരുന്നു. 
കോളേജ് കാമ്പസ്സില്‍ മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞ് ദാമ്പത്യത്തിലെത്തിയപ്പോഴും , അച്ഛനമ്മമാരായപ്പോഴും , മക്കള്‍ വളര്‍ന്നപ്പോഴും , പ്രണയത്തിന്റെ തീവ്രത നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയായിരുന്നു .
നല്ലൊരു പാട്ടുകാരനായ ഡോക്ടര്‍ പ്രഭു അന്നൊക്കെ പാടിയിരുന്നത് അധികവും പ്രണയ ഗീതങ്ങളായിരുന്നു. 
ആ പ്രണയത്തിന്റെ ആവേശവും , ആത്മാര്‍ഥതയും കൈവിടാതെയാണ് മറവി രോഗം ബാധിച്ചു ജീവച്ഛവമായി മാറിയ തന്‍റെ ഹൃദയേശ്വരിയെ അന്ത്യനാള്‍ വരെ ഡോക്ടര്‍ പ്രഭു   ശുശ്രൂഷിച്ചത് .
അത് കേവലം ഭര്‍ത്താവിന്റെ കടമ നിര്‍വ്വഹിക്കലായിരുന്നില്ല. 
 അതിനുമപ്പുറം നിര്‍വ്വചിക്കാനാകാത്ത ഒരു ദൈവീക നിയോഗം പോലെയായിരുന്നു .
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിക്കാനറിയാതെ , കരയാനറിയാതെ ,വികാരങ്ങളും വിചാരങ്ങളുമറിയാതെ, വേദനകളറിയാതെ, നടക്കുന്നതും,ഇരിക്കുന്നതും, കിടക്കുന്നതുമറിയാതെ, വിശപ്പും ദാഹവും പറയാനറിയാതെ , വിസര്‍ജ്യങ്ങളെന്തെ ന്നറിയാതെ , അതുപോകുന്നതെങ്ങിനെയെന്നറിയാതെ , ഭക്ഷണം കഴിക്കുന്നതെങ്ങിനെ യെന്നറിയാതെ, കിടന്നാല്‍ ചരിഞ്ഞു കിടക്കുന്നതെങ്ങിനെയെന്നറിയാതെ , കേവലം ജീവന്‍ തുടിക്കുന്ന ഒരു ശരീരം മാത്രമായി മാറിയ തന്‍റെ പ്രാണ പ്രേയസ്സിയുടെ അവസ്ഥ കണ്ട് ഡോക്ടര്‍ പ്രഭുവിന്റെ ഹൃദയം തകര്‍ന്നു . 
ആ തകര്‍ച്ചയിലും തന്‍റെ പ്രിയതമയെ പരിചരിക്കാന്‍ മാറ്റാര്‍ക്കും വിട്ടുകൊടുത്തില്ല
മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ടുള്ള തീവ്ര പരിചരണം  സ്വയം ഏറ്റെടുക്കുകയായിരുന്നു . ലഭ്യമാകുന്ന എല്ലാ ചികിത്സകളും നടത്തി .കൃത്യമായ ചികില്‍സയില്ലെന്നറിഞ്ഞിട്ടും പല സ്ഥലങ്ങളിലും കൊണ്ടു പോയി . അമേരിക്കയില്‍ നിന്നും മരുന്നുകള്‍ വരുത്തി . നടക്കുമ്പോള്‍ നിഴലു പോലെ കൂടെ നടന്നു .എവിടെയെങ്കിലും തടഞ്ഞു വീണാലോ എന്ന ഭയം . ഉറങ്ങുമ്പോള്‍ കണ്ണു ചിമ്മാതെ കാവലിരുന്നു. ഉറക്കത്തില്‍ അറിയാതെ എഴുന്നേറ്റു നടന്നാലോ എന്ന ഭയം . കുളിപ്പിക്കുവാനും, വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കാനും ,വസ്ത്രം ധരിപ്പിക്കുവാനും , ഭക്ഷണം കൊടുക്കുവാനും മറ്റാരെയും അനുവദിക്കാതെ സ്വയം സമര്‍പ്പിച്ചു .
ആ പ്രവൃത്തിയും , സമര്‍പ്പണവും സമൂഹത്തിനുള്ള മഹത്തായ സന്ദേശമായിരുന്നു . 
കുട്ടികളെ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും , സൂക്ഷ്മതയും വേണം അള്‍ഷിമേഴ്സ് രോഗികളെ പരിചരിക്കുവാന്‍ .
കുട്ടികളുടെ ബുദ്ധി വളര്‍ന്നു കൊണ്ടിരിക്കുകയാണ് .അള്‍ഷിമേഴ്സ് രോഗികളുടെ ബുദ്ധിയും, ഓര്‍മ്മയും അനുദിനമെന്നോണം നശിച്ചു കൊണ്ടിരിക്കുകയാണ് . അവര്‍ ചെയ്യുന്നതൊന്നും അവരറിയുന്നില്ല . നടക്കുമ്പോള്‍ മുന്‍പില്‍ എന്ത് തടസ്സങ്ങളുണ്ടായാലും തിരിച്ചറിയുന്നില്ല .ഏതു സമയത്തും തട്ടിത്തടഞ്ഞു വീഴാം . അങ്ങിനെ അപകടങ്ങള്‍  സംഭവിക്കാം . ഉറക്കത്തിലും എഴുന്നേറ്റു നടക്കാം . എവിടേക്കെന്നറിയില്ല .അതുകൊണ്ടു തന്നെ ഏറ്റവും അടുത്ത , ആത്മാര്‍ഥതയുള്ളവര്‍ തന്നെ വേണം അവരെ പരിചരിക്കാന്‍. അതിനു കഴിയാത്തവര്‍  ഇത്തരം രോഗികളെ പരിചരിക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച സ്വയം സമര്‍പ്പിതരായ ജീവ കാരുണ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കണം . ഒരിക്കലും സാധാരണ പരിചാരകരെയോ, തിരക്കുള്ള ബന്ധുക്കളെയോ  ഈ ദൌത്യം ഏല്‍പ്പിക്കരുത് . നല്ല ക്ഷമയും, സഹനശക്തിയും, നാളെ ഈയൊരവസ്ഥ തനിയ്ക്കും സംഭവിച്ചു കൂടെന്നില്ലല്ലോ എന്ന ധാര്‍മ്മിക ചിന്തയുള്ളവരുമായിരിക്കണം ഇത്തരം ദൌത്യങ്ങള്‍ ഏറ്റെടുക്കേണ്ടത് .
ഭ്രാന്തു പിടിച്ചവരെ ചങ്ങലക്കിടുന്നത് പോലെ , അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ കൊണ്ടു തള്ളുന്നത് പോലെ അള്‍ഷിമേഴ്സ് രോഗികളെ അവഗണിക്കുന്ന ഒരു പ്രവണത വളര്‍ന്നു വരുന്നു . അത് കെട്ടുറപ്പുള്ള ഒരു സമൂഹത്തിനു ആശാസ്യമല്ല . സാംസ്കാരികവും ,ധാര്‍മ്മികവുമായ പൈതൃകത്തെ അവഗണിക്കലാണത് . അതിനെതിരെ മാനുഷികമായ , ധാര്‍മ്മികമായ ഒരു മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു . നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകര്‍ക്കും ,പ്രസ്ഥാനങ്ങള്‍ക്കും അതിനു കഴിയും എന്നാണെന്റെ പ്രതീക്ഷ . ഡോക്ടര്‍ പ്രഭു  ഹൃദയത്തിന്റെ ഭാഷയില്‍ പറഞ്ഞു . 
ഷൊര്‍ണൂരില്‍ ആദ്യമായി മാധവ ഫാര്‍മസി തുടങ്ങിയ സാത്വികനായ മാധവന്‍ വൈദ്യരുടെ മകന്‍ . അനാഥര്‍ക്കും , അശരണര്‍ക്കും എന്നും അന്നം വിളമ്പി അവരോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന മഹാ മനസ്ക്കരായ അച്ഛന്റെയും അമ്മയു ടെയും മകനായ ഡോക്ടര്‍ പ്രഭുവിന്റെ വാക്കുകള്‍ പെരുമ്പറയുടെ ശബ്ദം പോലെ എന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ മുഴങ്ങി.
പ്രായമായ രക്ഷിതാക്കളെ നാം വൃദ്ധ സദനങ്ങളില്‍ തള്ളുന്നു . രോഗികളെ പരിചരിക്കുന്നതിനു പകരം അവരെ വീടിന്റെ ഇരുളടഞ്ഞ മൂലകളില്‍ പാഴ് വസ്തുക്കളെപ്പോലെ ഉപേക്ഷിക്കുന്നു. 
ഇന്നലെകളില്‍ അവരുണ്ടാക്കിവെച്ച സുഖ സൌകര്യങ്ങളില്‍ മതിമറന്നാഹ്ലാദിക്കുന്നു.
മത്സരങ്ങളില്‍ മക്കള്‍ ജയിക്കുവാന്‍ ദൈവങ്ങള്‍ക്ക് കൈക്കൂലി കൊടുക്കുന്നു .
വിശപ്പിന്റെ നിലവിളിയുമായി വരുന്നവര്‍ക്ക് നേരെ വേട്ട നായ്ക്കളെ തുറന്നു വിടുന്നു .
പട്ടും പരവതാനിയും വിരിച്ചു ദൈവങ്ങളെ കുടിയിരുത്തുന്നു .
ഡോക്ടര്‍ പ്രഭു
ഇദ്ദേഹവുമായി ബന്ധപ്പെടണമെന്നാഗ്രഹിക്കുന്നവര്‍
എനിക്കൊരു ഇ മെയില്‍ അയക്കുക .
kaderbilad@gmail.com  
വേദ ഗ്രന്ഥങ്ങള്‍ കാഞ്ചനക്കൂട്ടില്‍ വെള്ളി വെളിച്ചത്തില്‍ തിളങ്ങുന്നു .
മതങ്ങള്‍ മനുഷ്യരെ തമ്മിലകറ്റുന്നു. പുതിയ പുതിയ മതിലുകള്‍ സൃഷ്ടിക്കുന്നു .
ഇതിനിടയില്‍ യഥാര്‍ത്ഥ ദൈവത്തെത്തേടിയുള്ള പ്രയാണത്തില്‍ നബി തിരുമേനിയുടെ  ആ മഹദ്വചനങ്ങള്‍ എനിക്കു വെളിച്ചമായി . ഇരുള്‍ മൂടിയ എന്‍റെ മനസ്സിന്റെ ഉള്ളറകളില്‍ നിലാവുദിച്ചത് പോലെ പ്രോജ്വലിച്ചു നില്‍ക്കുന്നു  ആ വാക്കുകള്‍ 
         
 അശരണരെ സഹായിക്കുന്നിടത്തും , നിസ്സഹായരെയും ,രോഗികളെയും പരിചരിക്കുന്നിടത്തും, വിശക്കുന്നവര്‍ക്ക് അന്നം കൊടുക്കുന്നിടത്തും ദൈവ സാമീപ്യമുണ്ടാകും..........

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

പുനര്‍ജ്ജനിയുടെ നീതിശാസ്ത്രം



                                              
ബ്രഹ്മണ്യാ ധായ കര്‍മ്മാണി 
സംഗം ത്യക്ത്വാ കരോതിയ 
ലിപ്യതേ നസ പാപേന 
പത്മപത്ര മിവാം ഭിസ
             (ഭഗവത് ഗീത)
താമരയിലയെ വെള്ളത്തുള്ളികള്‍ നനയ്ക്കാത്തതുപോലെയാണ് , ഈശ്വരനാമത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നത്. 
ഭഗവത് ഗീതയിലെ ഈ ആപ്തവാക്യം അനുഗ്രഹമായി ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് സലാല  സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലിലെ മലയാളികളായ ഒട്ടു മിക്ക ഡോക്ടര്‍മാരും , നഴ്സുമാരും , സലാലയിലെ സാമൂഹ്യ പ്രവര്‍ത്തകരും.
അവരുടെ തീവ്രവും ആത്മാര്‍ത്ഥവുമായ പരിചരണം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും രക്ഷപ്പെട്ടത് , പുനര്‍ജന്മം ലഭിച്ചത് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ച രാഗേഷ് എന്ന ചെറുപ്പക്കാരനാണ് . ഒരു കുടുംബത്തിന്റെ അത്താണിയാണ് രാഗേഷ് .
സലാല പട്ടണത്തിന്റെ ഏകദേശം കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന വളര്‍ന്നു വരുന്ന ഒരു പട്ടണമാണ് സാദ . ഒരു തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു ഞാന്‍ അങ്ങോട്ട്‌ പോയത് .പോകുന്ന വഴിയില്‍ സാധാരണ ആള്‍ത്തിരക്കൊഴിഞ്ഞ കോണില്‍ ഒരു തോട്ടത്തിന്നടുത്ത് ചെറിയൊരു ആള്‍ക്കൂട്ടം . കത്തുന്ന വെയിലില്‍ ഈ ഉച്ച സമയത്ത് എന്താണാവോ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് എന്നറിയാന്‍ വണ്ടി അങ്ങോട്ട്‌ തിരിച്ചു . അപ്പോഴേക്കും പോലീസ് വണ്ടിയും പാഞ്ഞെത്തി . ആള്‍ക്കൂട്ടത്തിനു നടുവില്‍ കാറ്റൊഴിഞ്ഞ ട്യൂബു പോലെ ഒരു ചെറുപ്പക്കാരന്‍ രക്തത്തില്‍ കുളിച്ചു ചുരുണ്ടു കൂടിക്കിടക്കുന്നു . ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ബംഗാളി എന്ന് തോന്നിക്കുന്ന വസ്ത്ര ധാരണം . വെയിലിന്റെ കാഠിന്ന്യം  കൊണ്ട് ഉണങ്ങി കട്ടപിടിച്ച രക്തത്തിന് മീതെ ഉറുമ്പുകള്‍ ചാലിടുന്നു. പരുക്കേറ്റു കരുവാളിച്ച മുഖത്ത് ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു. തുറന്നിരിക്കുന്ന വായില്‍ ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്നു. കീഴ്ത്താടി ഒരു വശത്തേയ്ക്ക് ചരിഞ്ഞിരിക്കുന്നു . പാതിയടഞ്ഞു നിശ്ചലമായ കണ്ണുകള്‍ . ആരോ പിരിച്ചു വെച്ചിരിക്കുന്നതുപോലെ ഒരു കാല്‍ വിപരീത ദിശയിലേക്കു തിരിഞ്ഞു പിരിഞ്ഞിരിക്കുന്നു . ഒടിഞ്ഞു വീണ  ചുള്ളിക്കമ്പുകള്‍ പോലെ കൈകള്‍ ശരീരത്തും  നിലത്തുമായി പതിഞ്ഞു കിടക്കുന്നു .
അടുത്ത പള്ളിയില്‍ ഉച്ച നമസ്ക്കാരത്തിനെത്തിയവരായിരുന്നു ആള്‍ക്കൂട്ടത്തില്‍ അധികവും . കൂടി നിന്നവരുടെ നിഗമങ്ങള്‍ പലവിധമായിരുന്നു. മരക്കമ്പു കൊണ്ടു അടിച്ചു കൊന്നതായിരിക്കും എന്നോരുകൂട്ടര്‍ . കൊന്നിട്ട് ഇവിടെ കൊണ്ടുവന്നിട്ടതായിരിക്കും എന്ന് മറ്റു ചിലര്‍ . വണ്ടിയിടിച്ചു കൊലപ്പെടുത്തിയിട്ട് ഇവിടെ വലിച്ചിട്ടതായിരിക്കും എന്ന പക്ഷക്കാരുമുണ്ട് . അധിക നേരം നോക്കി നില്‍ക്കാന്‍ കഴിയാത്ത ആ  ദയനീയ കാഴ്ച ഹൃദയത്തെ പിളര്‍ക്കുന്നതുപോലെ തോന്നി. 
നമ്മെപ്പോലെ തന്നെ ജീവിക്കാന്‍ വേണ്ടി വന്നതല്ലേ . എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും പേറിയാകും വന്നിട്ടുണ്ടാവുക . എന്തൊക്കെ കണക്കുകൂട്ടലുകളായിരിക്കും  വീട്ടുകാര്‍ക്ക്. ഇതറി യുമ്പോള്‍ അവരുടെ അവസ്ഥ എന്തായിരിക്കും . എന്തിനാണാവോ ദൈവം ഈ ചെറുപ്പക്കാരനെ ഇങ്ങിനെ ശിക്ഷിച്ചത്.......ഇവിടെ ബന്ധുക്കളോ നാട്ടുകാരോ ആരെങ്കിലുമുണ്ടാകുമോ......ചിന്തകള്‍ കാടുകയറി .മനസ്സ്  അസ്വസ്ഥമാകാന്‍ തുടങ്ങി .
പോലീസുകാര്‍ ആളുകളെ  അകറ്റുന്ന തിരക്കില്‍ പെട്ടെന്ന് ഒരു പാക്കിസ്ഥാനി കിളവന്‍റെ ശബ്ദം ......
യെ..മരാ നഹി .....മരാ  നഹി ...സിന്ദാ ഹെ....സിന്ദാ ഹെ .. പാനി ലാവോ ഭായ് ലോക് ..പാനി ലാവോ.....( ഇയാള്‍ മരിച്ചിട്ടില്ല ...മരിച്ചിട്ടില്ല ..ജീവനുണ്ട് ..ജീവനുണ്ട്...വെള്ളം കൊണ്ടുവരൂ സഹോദരരെ ..വെള്ളം കൊണ്ടുവരൂ.)
അയാള്‍ ഉറക്കെക്കരയുന്നത് പോലെ തോന്നി . നിമിഷ നേരം കൊണ്ട് ആരോ വെള്ളവുമായി പാഞ്ഞെത്തി. അതിനിടയ്ക്ക് തോളില്‍ കിടന്ന ഷാളു കൊണ്ട് ഒരറബി ഈച്ചയെയും ഉറുമ്പിനെയും അകറ്റുന്നുണ്ടായിരുന്നു . കുറേശെയായി വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം സാവധാനം ഇറങ്ങിപ്പോകുകയും ശരീരം പതുക്കെ ചലിക്കുകയും ചെയ്തപ്പോള്‍ ആള്‍ക്കൂട്ടവും അന്തരീക്ഷവും പ്രാര്‍ഥനാ നിര്‍ഭരമായി.  
പിന്നെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുവാനുള്ള തിരക്കായിരുന്നു. അതുവരെ മൃത ശരീരമായി കണ്ടിരുന്ന, ജഡമായി വിശേഷിപ്പിക്കപ്പെട്ട ആ ചെറുപ്പക്കാരനെ എല്ലാവരും കൂടി പോലീസുവണ്ടിയിലേക്ക് കയറ്റി . എമര്‍ജന്‍സി ലൈറ്റിട്ടു പാഞ്ഞ പോലീസു വണ്ടിയുടെ പിറകെ ഞാനും ആശുപത്രിയിലെത്തി. 
ഇന്ത്യാക്കാരനായാലും പാക്കിസ്ഥാനിയായാലും ബംഗ്ലാദേശിയായാലും മനുഷ്യനല്ലേ  , ഒരു ജീവനല്ലേ .അതു രക്ഷപ്പെടുത്തുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ പരിചയക്കാരായ ഡോക്ടര്‍മാരെ വിളിച്ചു വരുത്തുവാനും , തീവ്ര പരിചരണം ലഭ്യമാക്കുവാനും ഈയുള്ളവന്റെ   ചെറു സേവനവും സഹായകമായി. 
പോക്കറ്റില്‍ നിന്നും പോലീസിനു കിട്ടിയ ലേബര്‍ കാര്‍ഡിലൂടെയാണ് ആള്‍ ഇന്ത്യാക്കാരനാണെന്നും, പേര് രാഗേഷ് എന്നും തിരിച്ചറിയുന്നത്‌ 
തുടര്‍ന്നുള്ള അന്ന്വേഷണത്തിലാണ് രാഗേഷ് മലയാളിയാണെന്നും അന്ന് രാവിലെ സലാലയില്‍  നടന്ന ആക്സിടണ്ടിന്റെ  കഥയും, പുറം ലോകവും പോലീസും അറിയുന്നതും .  
കുടുംബത്തിന്റെ അത്താണിയായ രാഗേഷ് ഗള്‍ഫ് എന്ന സ്വപ്ന ഭൂമിയിലേക്ക്‌ ആദ്യമായി പറന്നിറങ്ങുമ്പോള്‍ മനസ്സിലും നിറയെ സ്വപ്നങ്ങളായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് വിശ്രമം കൊടുക്കണം . അമ്മയ്ക്ക് ആശ്വാസമാകണം . സഹോദരങ്ങള്‍ക്ക്‌ തണലാകണം .
ഇത്രയും നാളത്തെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ പ്രാപിക്കണം . നല്ലൊരു ജിവിതം കെട്ടിപ്പടുക്കണം .അങ്ങിനെ നൂറുനൂറു സ്വപ്‌നങ്ങള്‍ .
തയ്യല്‍ ജോലിക്കാരനായ രാഗേഷ് സലാലയിലെത്തിയ്ട്ടു ഒരുമാസമേ ആയിരുന്നുള്ളു. ബന്ധുക്കളാരും സലാലയില്‍ ഇല്ല . നാട്ടുകാരെ പരിചയപ്പെട്ടിട്ടില്ല . എങ്കിലും ചെറിയൊരു ജോലി തരപ്പെടുത്തുവാന്‍ കഴിഞ്ഞു .
ഒരു ദിവസം രാവിലെ താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ രാഗേഷ് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കായിരുന്നതിനാലും അധികം ആള്‍ സഞ്ചാരമില്ലാത്ത റോഡില്‍ വെച്ചായിരുന്നതിനാലും അപകടം അധികമാരുമറിഞ്ഞിരുന്നില്ല. അടുത്ത തോട്ടങ്ങളില്‍ പണിയെടുക്കുന്ന മൂന്നു നാല് പേര്‍ ദൃക് സാക്ഷികളായെങ്കിലും  വണ്ടിയിലുണ്ടായിരുന്ന സ്വദേശികളായ രണ്ടുപേര്‍ ചാടിയിറങ്ങി രാഗേഷിനെ കോരിയെടുത്ത് വണ്ടിയിലിട്ടു കൊണ്ട് പോകുകയായിരുന്നു. 
ഒരാള്‍ വണ്ടിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്നേഹ പൂര്‍വ്വം തടഞ്ഞു കൊണ്ട് പറഞ്ഞു ...പേടിക്കേണ്ട ഞങ്ങള്‍ നേരെ പോകുന്നത് ആശുപത്രിയിലെക്കാണ് . അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത് ആരും  വണ്ടിയില്‍ കയറിയില്ല . വണ്ടിയില്‍  വെച്ച് ചലനമറ്റ രാഗേഷിനെ മരിച്ചു എന്ന ധാരണയില്‍ അവര്‍ സാദയില്‍ റോഡരികിലുള്ള ഒരു തോട്ടത്തിന്റെ മൂലയില്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു .   ഇതിനിടെ അപകടം നടന്ന സ്ഥലത്ത്  തോട്ടം പണിക്കാരനായ ഒരു പാക്കിസ്ഥാനി വണ്ടിയുടെ  നമ്പര്‍ കുറിച്ചെങ്കിലും സീരിയല്‍ നമ്പര്‍ എഴുതിയിരുന്നില്ല.   
രാവിലെ എട്ടു മണിയ്ക്ക്  അപകടം സംഭവിച്ച രാഗേഷ് ഉച്ചയ്ക്ക് ഒരു മണിവരെ കത്തുന്ന വെയിലത്ത് കിടക്കുകയായിരുന്നു. 
ഉച്ച നമസ്കാരത്തിനു പള്ളിയില്‍ പോകുന്നവര്‍ കണ്ടില്ലായിരുന്നെങ്കില്‍ രാഗേഷിന്റെ ജീവിതം അന്നവിടെ തീരുമായിരുന്നു . 
സലാലയിലെ വിവിധമേഖലകളിലും സംഘടനകളിലും  പ്രവര്‍ത്തിക്കുന്ന സുമനസ്സുകളായ സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്നം കൊണ്ട് കേസ് മുമ്പോട്ട്‌ കൊണ്ടുപോയെങ്കിലും വേണ്ടത്ര തെളിവുകളില്ലാതെയും നമ്പറിന്റെ അപര്യാപ്തത  കൊണ്ടും  തള്ളിപ്പോവുകയായിരുന്നു.
എണ്‍പത് ശതമാനം ഇന്ഷൂറന്സിനു അര്‍ഹതയുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് വിധി ഏഴുതിയിട്ടും ഒരു പൈസ പോലും ലഭിക്കാതിരുന്നത് രാഗേഷിനു മറ്റൊരു ആഘാതമായിരുന്നു.
ഒരുമാസക്കാലം തീവ്ര പരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി സ്നേഹ പരിചരണങ്ങളേറ്റുവാങ്ങി പുനര്‍ജന്മമെടുത്ത രാഗേഷ് അത്യാവശ്യം ക്രച്ചസ്സില്‍ നടക്കാംഎന്നായപ്പോള്‍  താമസ സ്ഥലത്തേക്കു പോന്നു . നല്ലവരായ മലയാളി സുഹൃത്തുക്കള്‍ രാഗേഷിനെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ചു, പരിചരിച്ചു . നന്മ നിറഞ്ഞ അവരുടെ മനസ്സില്‍ സ്നേഹവും മനുഷ്യത്വവുമായിരുന്നു പ്രതിഫലിച്ചിരുന്നത് . ഇന്ന് രാഗേഷിനു സംഭവിച്ചത് നാളെ നമുക്കും സംഭവിച്ചു കൂടെന്നില്ലല്ലോ.. വിധിയുടെ വിളയാട്ടം ഏതൊക്കെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് . മരിച്ചു എന്ന് വിധിയെഴുതിയ രാഗേഷല്ലേ ജീവനോടെ നമ്മുടെ കണ്‍വെട്ടത്ത് നടക്കുന്നത് . മാനുഷികമായ പരിമിതികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന അമാനുഷിക ശക്തിയെക്കുറിച്ച് എത്രപേര്‍ ചിന്തിക്കുന്നു.    
പത്ത് പൈസപോലും കയ്യിലില്ലാതിരുന്നിട്ടും ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കും രാഗേഷ് ബുദ്ധിമുട്ടിയില്ല . ഭീമമായ സംഖ്യ വക്കീല്‍ ഫീസ്‌ കൊടുത്തു തള്ളിപ്പോയ കേസ്  മേല്‍ക്കോടതിയില്‍  വാദിക്കുന്നതിനു വേണ്ടി കരുണാര്‍ദ്രമായ മനസ്സോടെ സലാലയിലെ മലയാളി സഹോദരങ്ങള്‍ ഒത്തുകൂടി രാഗേഷ് സഹായ കമ്മിറ്റി രൂപീകരിച്ചു . ഒരിക്കല്‍ സഹായിച്ചവര്‍  തന്നെ പിന്നെയും സഹായ ഹസ്തങ്ങള്‍ നീട്ടി മഹാ മനസ്കരാകുമ്പോള്‍,  നിറഞ്ഞ സാമ്പത്തികത്തിലും മനസ്സ് വികസിക്കാതെ നിഷ്ക്കരുണം മുഖം തിരിക്കുന്നവര്‍ അറിയുന്നുണ്ടോ അജ്ഞാത ശക്തിതന്‍ അവര്‍ണ്ണ നീയ ലീലാവിലാസങ്ങള്‍ ...നാളെ തങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ....
ഇപ്പോള്‍ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത രാഗേഷ് ദൈവത്തിന്റെ വരദാനമായി കിട്ടിയ പുനര്‍ജ്ജനിയുടെ ആത്മവിശ്വാസത്തില്‍ വീണ്ടും ജോലിക്കിറങ്ങുകയാണ് തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍. കൊതിതീരുവോളം ഒന്ന് ജീവിക്കുവാന്‍ . 
മരണത്തിനും പുനര്‍ജന്മത്തിനും സാക്ഷിയാകാന്‍ വിധിക്കപ്പെട്ടയാള്‍ അതിന്‍റെ നീതി ശാസ്ത്രം തേടുന്നതില്‍ അര്‍ത്ഥമുണ്ടോ..     
അടിക്കുറിപ്പ്:-  
1 . അപകടത്തിനു ദൃക്സാക്ഷികളാകുന്നവര്‍ വാഹന  നമ്പര്‍ കുറിച്ചെടുക്കുമ്പോള്‍ വ്യക്തമായി സീരിയല്‍ നമ്പര്‍ അടക്കം കുറിച്ചെടുക്കുക. 
2 . അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുവാന്‍ ദൃക് സാക്ഷികളും മുന്നിട്ടിറങ്ങുക 
3 . നേരില്‍ കണ്ട കാര്യങ്ങള്‍  ഇരയുടെ നന്മക്കായി എവിടെയും തുറന്ന് പറയുവാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുക 
4 . സഹായ ഹസ്തം നീട്ടേണ്ട  രംഗത്ത് മടിച്ചു നില്‍ക്കാതിരിക്കുക .കൊടുക്കും തോറും കൂടിക്കൂടി  വരുന്ന ഒരത്ഭുത പ്രതിഭാസമാണ് സഹായം.
---------------------------------------------------------------------------------------------------------------------------
വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ഇപ്പോള്‍ നാട്ടിലുള്ള രാഗേഷിന്റെ ഫോണ്‍ നമ്പര്‍ ..00919847682096                .                     

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

സുകൃതം സലാല

അല്‍പ്പം പൊങ്ങച്ചം ( നടുവില്‍ ഒമാന്‍ അംബാസിഡര്‍ ശ്രീ . അനില്‍ വാധ്വ) 

ഗള്‍ഫ് മേഖലയില്‍ എല്ലായിടത്തും  ഇപ്പോള്‍
സൂര്യന്‍ താഴോട്ടിറങ്ങി വന്ന് കടുത്ത ചൂട് പ്രവഹിക്കുമ്പോള്‍
 മറ്റൊരു ഗള്‍ഫ് മേഖലയായ സലാലയില്‍
 സൂര്യനെ കണ്ടിട്ട് ഒരു മാസമാകുന്നു .
പരിശുദ്ധമായ റംസാന്‍ മാസത്തിന്റെ
തുടക്കത്തില്‍ മുങ്ങിയ സൂര്യന്‍
സെപ്തംബര്‍ ആദ്യവാരം പിന്നിട്ടതറിഞ്ഞിട്ടില്ല .
വ്രതാനുഷ്ടാനത്ത്തിന്റെ മഹത്വ മെന്നോണം
 ആകാശങ്ങളില്‍ നിന്നും
 അമൃത വര്‍ഷം പോലെ ചന്നം പിന്നം പെയ്യുന്ന മഴ.
മനസ്സില്‍ കുളിര് കോരിയിടുന്ന പൂനിലാ രാത്രികള്‍ പോലെ പകലുകള്‍ .
എന്‍റെ പോറ്റമ്മ എത്ര സുകൃതം ചെയ്തവള്‍  .
പെറ്റമ്മയെപ്പോലെ സുന്ദരി .
ആയമ്മയുടെ പരിലാളനങ്ങള്‍ ഏറ്റുവാങ്ങിയ ഞാനെത്ര ഭാഗ്യവാന്‍ .
പോറ്റമ്മ യെക്കുറിച്ച് മുന്‍പ് എഴുതിയ വരികള്‍

സുകൃതം സലാല  
കേരങ്ങള്‍ തിങ്ങി വളരുന്നുവെങ്കിലും 
കേരള മക്കള്‍ നിറയെയുണ്ടെങ്കിലും 
ചേരമാനന്ത്യ മുറങ്ങുന്നുവെങ്കിലും 
കേരളമല്ലിത്  സുകൃതം സലാല ..!

കേരളത്തനിമ 
കേരളത്തനിമ പകരുന്ന തെരുവുകള്‍        
കേരളച്ചന്തം തുടിക്കുന്ന തോട്ടങ്ങള്‍ 
തോരണം പോലെ മനോഹര വീഥികള്‍ 
ചേരരാജ്യത്തിന്റെയോമാനപ്പുത്രിയോ..
ഹരിതം മനോഹരം
ആനകളംബാരിയില്ലെങ്കിലെന്താ-                    
ആനന്ദ ദായകം ജീവിതം നിത്യം .
ആലസ്യമില്ലാത്തൊരാത്മ ഹര്‍ഷത്തിനാ- 
ലാലോലമാടിത്തുടിക്കും സലാല.
കുഞ്ഞാറ്റക്കിളി
കുന്നും മലകളും കാവലിരിക്കുന്ന     
കുഞ്ഞാറ്റക്കിളികള്‍ കലപിലകൂട്ടുന്ന
കന്നുകള്‍ കൂട്ടമായ് മേഞ്ഞു നടക്കുന്ന
ചന്നം പിന്നം മഴത്തുള്ളികള്‍ പാറുന്ന                                                          
എന്നും പതിനാറില്‍ മിന്നിത്തിളങ്ങുന്ന
പൊന്നുവിളയുന്ന മണ്ണ്' സലാല.......! 
കന്നുകള്‍ കൂട്ടമായ്‌ 
പാപങ്ങളൊട്ടും പൊറുക്കാത്ത മണ്ണ്'    
പാപിയെപ്പാഠം പഠിപ്പിക്കും മണ്ണ്'
പാവങ്ങളെത്തീറ്റിപ്പോറ്റുന്ന മണ്ണ്'
പാവന സുന്ദര ശീതള മണ്ണ്'                   
പള്ളിയകം 
കാടും കടുവയും കാട്ടിലെത്തേവരും     
കാട്ടുകള്ളന്മാരുമുണ്ടെങ്കിലെന്താ
കൊട്ടും കുരവയുമാര്‍പ്പുവിളികളും 
ഒട്ടും കുറയാതുയര്‍ത്തുന്ന മണ്ണ്'

പള്ളികള്‍ പള്ളിക്കൂടങ്ങള്‍ ചര്‍ച്ചുക-                                           
ളുള്ളു തുറക്കുവാനമ്പലമുണ്ട്
ബന്തും സമരവും ഹര്‍ത്താലുമല്ലാത്ത-
തെന്തും സുലഭമായുള്ള സലാല.
 സുല്‍ത്താന്‍ ഖാബൂസ് മോസ്ക് 
ഓടും നദികളും ഓടിവള്ളങ്ങളും     
ഓടിക്കിതച്ചുപായുന്ന തീവണ്ടിയും 
ഓടക്കുഴല്‍ വിളി നാദമുയര്‍ത്തുന്ന
ഓടമുളകളുമില്ലെങ്കിലെന്താ-
ഓമനസ്വപ്നങ്ങള്‍ പേറിയെത്തുന്നവര്‍-
ക്കൊപ്പന പാടുന്ന മണ്ണ്' സലാല.....
ഇളനീര്‍ പന്തല്‍ 
കെട്ടുവള്ളങ്ങള്‍ വരിയായി നീങ്ങുന്ന  
ചിട്ടയിലിളനീരിന്‍ പന്തലുകള്‍ 
പച്ചയും മഞ്ഞയുമിടകലര്‍ന്നങ്ങിനെ
പച്ചത്തുരുത്തിന്റെ നിറകുടങ്ങള്‍....
ആശ്ചര്യമത്ഭുതം തോന്നും വിധത്തിലാ-
ചാരുതയാര്‍ന്ന പഴക്കുലകള്‍ .

പാല്‍ക്കുടമമ്മയ്ക്കു നല്‍കിയ പോലെയോ-
പപ്പായത്തയ്യിലും പാല്‍ക്കുടങ്ള്‍
  


പച്ചപ്പുതപ്പിട്ടുറങ്ങുന്ന കുന്നിന്റെ-
യുച്ചിയില്‍"അയ്യൂബ് നബി"യുടെ ഖബറിടം 
 അയ്യൂബ് നബി (അ )
സ്വഛമായ് പട്ടണനടുവിലതി നീളത്തി- 
ലാശ്ചര്യ"മുമ്രാന്‍ നബി"യുടെ ഖബറിടം .
 ഉമ്രാന്‍ നബി (അ )
ചേണുറ്റ ഗ്രാമീണ ശാന്തിതന്‍ തോപ്പില്‍
"ചേരമാന്‍പെരുമാളിന്‍ "പെരുമതന്‍ ഖബറിടം
ചേരമാന്‍ പെരുമാള്‍
എന്തൊരു സുന്ദരം മോഹനമീ നാട്    
ശാന്തി വിളയുന്നൊരത്ഭുത നാട്
ചന്ദനം തോല്‍ക്കും നിറമാര്‍ന്ന
സൌന്ദര്യ ധാമങ്ങള്‍ മിന്നും മരതകനാട്.
സന്ദര്‍ശകര്‍ക്കെന്നും പറുദീസയാകുന്ന
സന്താപമേല്‍ക്കാതെ സന്തോഷം പങ്കിടാന്‍
സങ്കോചമില്ലാതെ സല്ലപിച്ചീടുവാന്‍ 
സഭ്യതയോടെ മതിമറന്നാടുവാന്‍ 
സാഗരതീരത്തിലാടിത്തിമിര്‍ക്കുവാന്‍ 
ചാകര കണ്ടിട്ടൊരത്ഭുതം കൂറുവാന്‍ 
സായൂജ്യതയുടെയൂഞ്ഞാലിലാടുവാന്‍ 
സജ്ജന സമ്പന്ന നാട് സലാല....
മാവേലി മലയാളക്കരയില്‍ വരുന്നപോല്‍ 
മാഹാത്മ്യമേന്തി മഴക്കാലയുല്‍സവം 
സഫലമീ മണ്ണിന്റെ ശാന്തിയും സ്വഛവും 
സകല ലോകത്തിലും പുകള്‍പെടട്ടെ
പാരെങ്ങുമറിയട്ടെ, വാനോളമുയരട്ടെ
പാവനം ,സുന്ദരം ,സുകൃതം സലാല..!