പേജുകള്‍‌

2010, മേയ് 25, ചൊവ്വാഴ്ച

നൊമ്പരപ്പുഴ.....( കവിത )

ആമുഖം. പെരിയാറിന്റെ കൈവഴിയായി ത്ര്'പ്രയാര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നട തഴുകിയും കഴുകിയുമൊഴുകുന്ന കൊടുങ്ങല്ലൂര്‍ പുഴ പഴയ കാല വഞ്ചിനാടിനെത്തഴുകി മുസരിസ്സ് തുറമുഖത്തെത്തുന്നതിനും നാലു കിലോമീറ്റര്‍ മുമ്പാണ്' ഉഴുവത്തുകടവ്. അവിടെയാണ്' എന്റെ സുഹ്ര്'ത്തും കവിയും നാടകക്ര്'ത്തും അഭിനേതാവും ,ചിത്രകാരനുമൊക്കെയായ ശ്രീ. ആശാമോന്‍ കൊടുങ്ങല്ലൂരിന്റെ വീട്. അദ്ദേഹത്തിന്റെ വീടിന്റെ ഓരം ചേര്‍ന്നൊഴുകുന്ന പുഴയുടെ തീരത്തിരുന്നാല്‍ നേരം പോകുന്നതറിയില്ല.മിക്കവാറും
പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഞങ്ങളവിടെ ഒത്തുകൂടാറുണ്ട്. ആശാമൊന്റെ അമ്മാവന്‍ തിരുത്തോളി രാജന്‍ തന്റെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള പുഴയോരം ഏതൊരു പ്രക്ര്'തി സ്നേഹിയേയും ഹഠാദാകര്‍ഷിക്കും വിധം മനോഹരമാക്കിയിരിക്കുന്നു. ആ മനോഹര തീരത്തിരുന്ന് കവിതകള്‍ ചൊല്ലിയും കഥകള്‍ പറഞ്ഞും എത്രയെത്ര പാതി രാത്രികളെ പകലുകളാക്കി മാറ്റിയിരുന്നു. അവിടെയിരുന്ന് പുഴയെ നിര്‍ന്നിമേഷം നോക്കിയപ്പോഴാണ്' പുഴയുടെ തേങ്ങലുകളും നൊമ്പരങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. അതാണ്'.......................നൊമ്പരപ്പുഴ.....(കവിത)


ഒഴുകുന്നൂ പുഴയഴലുകളെല്ലാമുള്ളിലൊതുക്കി നിത്യവും
തഴുകിയും തലോടിയും സ്നേഹതീരങ്ങളെപ്പുണര്‍ന്നും
വഴിനീളെപ്പുളകങ്ങള്‍ വിതറിയുമിണങ്ങിയും പിണങ്ങിയു-
മെഴുതുന്നതേതു മഹാകാവ്യമോ നീറുമാത്മ നൊമ്പരങ്ങളോ....

കണ്ണേറിനാല്‍ ഹര്‍ഷപുളകിത ഗതകാലങ്ങളയവിറക്കിയും
കല്ലേറിനാല്‍ നിണമൊഴുക്കിത്തളര്‍ത്തുമിന്നിനെശ്ശപിച്ചും
കല്പാന്തകാലമിങ്ങനെയൊഴുകുന്നതാര്‍ക്കെന്നോര്‍ത്തു തപിച്ചും
കര്‍മ്മത്തിന്‍ ധര്‍മ്മപാതയില്‍ മിഴിനീരിലലിഞ്ഞൊഴുകുന്നൂ പുഴ
വലകള്‍ പലവിധം ഞൊറിഞ്ഞുമെറിഞ്ഞും ചുറ്റും
വലയം തീര്‍ത്തും മുങ്ങിയും പൊങ്ങിയുമരച്ചാണ്‍
വയറിന്നന്നം തേടുന്നവര്‍ക്കമ്മയായ് നന്മയായുണ്‍മയായ്
വാരിക്കോരിക്കൊടുക്കുമ്പൊഴുമാരറിയുന്നാറിന്‍നോവുകള്‍ ........

കണ്ണടച്ചു കൈകള്‍ കൂപ്പിയമ്മേയെന്നാദരാല്‍
വിളിക്കായ് കാതോര്‍ക്കവേ-
കേള്‍ക്കുന്നതനാഥപ്രേതങ്ങള്‍ തന്‍ ദൈന്യ വിലാപം
ഉമ്മകള്‍ മോഹിച്ചാത്മഹര്‍ഷത്താല്‍ മയങ്ങവേ-
അമ്മതന്‍ മാറിലേക്കെറിയുന്ന
തഴുക്കുഭാണ്ഢങ്ങളെച്ചില്‍കൂന‍കള്‍
ഒഴിഞ്ഞ മദ്യക്കുപ്പികള്‍
കുപ്പകള്‍,അഴുകിയ മാംസപിണ്ഢങ്ങള്‍
പുഴുവരിച്ചാര്‍ക്കും മ്ര്'ഗജഢങ്ങള്‍
ചീഞ്ഞ കുടല്‍മാലകള്‍...എല്ലാം
എല്ലാമേറ്റുവാങ്ങി നാറും കാറ്റേറ്റ്
സര്‍വ്വംസഹയായ്
മെല്ലെയൊഴുകുന്നാടിയും പാടിയും
പുഴയെന്നുമെന്നും.
അബ്ദുള്‍ഖാദര്‍ കൊടുങ്ങല്ലൂര്‍