പേജുകള്‍‌

2010, ജൂൺ 1, ചൊവ്വാഴ്ച

ഹര്‍ത്താല്‍ ( കവിത..........? )

കര്‍ത്താവിനോടെത്ര പ്രാര്‍ത്ഥിച്ചു നിത്യവും
കീര്‍ത്തനം ചൊല്ലിയലഞ്ഞു ക്ഷേത്രങ്ങളില്‍
നിര്‍ത്തുവാന്‍ കൂട്ടായ് നമസ്കരിച്ചെന്നിട്ടും
ഹര്‍ത്താലിന്നില്ലൊരു കോട്ടവുമിതുവരെ.

വേണ്ട ഹര്‍ത്താലെന്നു നാട്ടുകാര്‍മൊത്തവും
ചെണ്ടകൊട്ടി നാടുനീളെപ്പറഞ്ഞിട്ടും
കണ്ടമാനം ചര്‍ച്ച ടീവിയില്‍ കണ്ടിട്ടും
വേണ്ടായിരുന്നെന്നു കോര്‍ട്ടു പറഞ്ഞിട്ടും
കൊണ്ടാടുന്നു ഹര്‍ത്താലുല്‍സവമ്പോലെനാം

പണ്ടത്തെയല്ലല്ലൊ പാര്‍ട്ടികളിപ്പോള്‍
കൊണ്ടും കൊടുത്തും വളരേണ്ടവര്‍ നാം
ഗുണ്ടകള്‍ വാഴാനവസരമുണ്ടാക്കി-
ക്കൊണ്ടുവേണം നാം ഹര്‍ത്താല്‍ വളര്‍ത്തുവാന്‍.

വണ്ടിയില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും
ഗുണ്ടെറിഞ്ഞവരുടെ വണ്ടിതകര്‍ത്തു.
പണ്ടത്തെ നേതാവെന്നറിയുന്നൊരു വ്ര്'ദ്ധന്നു
രണ്ടിടി നെഞ്ചത്തു കൂടുതല്‍ കിട്ടി.
കടകള്‍ തകര്‍ക്കുവാന്‍ വന്നര്‍വാരി -
മടിനിറച്ചാഘോഷ ഭേരി മുഴക്കി.

നടുവൊടിഞ്ഞൊരുമാടക്കടയിലെക്കുലകള്‍
പടലക്കണക്കിന്നകത്താക്കി ഹര്‍ത്താല്‍ .
തടിമിടുക്കുള്ളവര്‍ നാലഞ്ചുപേരാ -
കടയുടമ കിളവന്റെ കരണത്തടിച്ചൂ.
അടിയേറ്റു വീണുപിടയുന്നിരകളെ
വടിവാളു വീശിത്തുരത്തുന്നു ഗുണ്ടകള്‍

ഇടയ്ക്കിടെപ്പൊങ്ങുന്ന ഹര്‍ത്താല്‍ധ്വനിത -
ന്നിടിവെട്ടില്‍ഞെട്ടിത്തരിക്കുന്നു ജീവിതം
ഇടനെഞ്ചുപൊട്ടിക്കരയുന്നു പൊതുജനം
കൊടിവെച്ചകാറില്‍ പറക്കുന്നു മന്ത്രിമാര്‍

വെടിയുമ്പറഞ്ഞിരുന്നേസി മുറികളില്‍
പടഹധ്വനികള്‍ മുഴക്കുന്നു നേതാക്കള്‍
സ്പടികഗ്ലാസ്സുകള്‍ നിറച്ചൊഴിച്ചങ്ങിനെ
പടുത്തുയര്‍ത്തുന്നൂ ജനായത്ത ഭരണം .

പെട്ടിക്കണക്കിന്നിറക്കണംകുപ്പികള്‍
പൊട്ടിച്ചുഹര്‍ത്താല്‍ രസകരമാക്കണം
കെട്ടുകളെത്രയിറക്കണംബോംബിന്റെ
ചുട്ടുകരിക്കണം പട്ടണം പകുതിയും.
പട്ടിണി പരിവട്ടം പാര്‍ട്ടിക്കറിയേണ്ട
തട്ടിക്കളയേണമെതിരുപറഞ്ഞെന്നാല്‍.

പാര്‍ട്ടിയാപ്പീസില്‍ കണക്കുകള്‍ നോക്കീ
ഹാര്‍ട്ടു തകര്‍ന്നിന്നു മരിച്ചവരെത്രപേര്‍
പാര്‍ട്ടിക്കുനേട്ടമുള്ളിന്നത്തെ ഹര്‍ത്താലിന്‍
ചാര്‍ട്ടില്‍ വരും രക്തസാക്ഷികളെത്രപേര്‍
വോട്ടുപിടിക്കുവാന്‍ചെല്ലുമ്പോള്‍നാളെയീ-
ചാര്‍ട്ടുകളെത്ര ഗുണം ചെയ്യുമറിയുമോ
പൊതുമുതല്‍പോയാലും പൊതുജനം ചത്താലും
പൊതുവില്‍ ഹര്‍ത്താല്‍ വിജയത്തിലാകണം

പൊതുജനം കഴുതയെന്നാരു പറഞ്ഞൂ
പൊതുവെയൊരുല്‍സവമാക്കിനാം ഹര്‍ത്താല്‍.

2 അഭിപ്രായങ്ങൾ:

നാട്ടുവഴി പറഞ്ഞു...

പൊതുജനം കഴുതയെന്നാരു പറഞ്ഞൂ
പൊതുവെയൊരുല്‍സവമാക്കിനാം ഹര്‍ത്താല്‍.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

nalla
kavitha
nalla varikal
oru thullal
kavithapole thonnunnu