പേജുകള്‍‌

2010, ജൂലൈ 25, ഞായറാഴ്‌ച

ഡയറിക്കുറിപ്പിലെ കണ്ണീര്‍ചാലുകള്‍


             ഡയറിക്കുറിപ്പിലെ കണ്ണീര്‍ചാലുകള്‍ ( അനുഭവ വിവരണം )


വിധി എതെല്ലാം തരത്തിലാണ് 'മനുഷ്യരെ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കുന്നത്. 
അല്ലെങ്കില്‍ മനുഷ്യര്‍ ഏതൊക്കെ മേഖലകളിലാണ്' വിധിയെ പരീക്ഷിക്കുന്നത്'...
ഓരോ അനുഭവവും കൊണ്ടു ചെന്നെത്തിക്കുന്നത് ഉത്തരം ​കിട്ടാത്ത കുറേ ചോദ്യങ്ങളിലേക്കാണ്'
ലേബര്‍ ചെക്കിങ്ങില്‍ പെട്ട് ജയിലിലായ നാലഞ്ചു പാവപ്പെട്ട ചെറുപ്പക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടിയായിരുന്നു സലാല പട്ടണത്തിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യൂന്ന അര്‍സാത്ത് സെന്‍ട്രല്‍ ജയിലില്‍ ഞാനെത്തിയത്. 
കൂടെ ലേബര്‍ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഏര്‍പ്പെടുത്തിയ ഒരു പോലീസ് കോണ്‍സ്റ്റബിളുമുണ്ടായിരുന്നു. സാധാരണ ജയില്‍ സന്ദര്‍ശകര്‍ക്കുള്ള ഔപചാരികതകള്‍ ഒഴിവാക്കി ജയില്‍ അസിസ്റ്റന്റിന്റെ ഓഫീസ് മുറിയില്‍ കൂടിക്കാഴ്ചകള്‍ക്കുള്ള അവസരമൊരുക്കിയത് വലിയ ആശ്വാസമായി.    
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടും അന്യ രാജ്യത്തിന്റെ നിയമ വ്യവസ്ഥകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടും സംഭവിച്ചുപോയ തെറ്റുകള്‍ക്ക് നിയമത്തിന്റെ പിടിയില്‍ അകപ്പെട്ടുപോയ നിസ്സഹായരായ ആ ചെറുപ്പക്കാരുടെ കണ്ണീരില്‍ കുതിര്‍ന്ന തേങ്ങലുകള്‍ക്ക് മൌനം മാറാല കെട്ടിയ ആ അന്തരീക്ഷത്തില്‍ ആയിരം അര്‍ത്ഥങ്ങളായിരുന്നു. 
വിവരങ്ങെല്ലാം  ശേഖരിച്ചതിനു ശേഷം എത്രയും വേഗം അവരെ പുറത്തിറക്കാനോ അല്ലെങ്കില്‍ നാട്ടിലെത്തിക്കുവാനോ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന സാന്ത്വന വാക്കുകളുടെ തണലില്‍ തൊഴുകയ്യോടെ മൌനമായി മറുപടി പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും തടവറയിലേക്കു തിരിച്ചു പോയി.
 മാന്യനും മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കുന്ന വ്യക്തിയുമായ ജയില്‍ ഓഫീസറുടെ ഹൃദ്യമായ പെരുമാറ്റം നോവുകളുറങ്ങുന്ന എന്റെ മനസ്സിനും ഒരു സാന്ത്വനമായിരുന്നു. പരുഷമായ വാക്കുകളും ധാഷ്ട്യവും അഹന്തയും മുഖമുദ്രയാക്കിയ നമ്മുടെ നാട്ടിലെ പോലീസ് സേനയിലും ഉണ്ടാകുമായിരിക്കും ഇത്തരം ശുദ്ധഹൃദയരായ ഉദ്യോഗസ്ഥര്‍ .
സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഖാവയും (അറബികള്‍ സ്ഥിരം കഴിക്കുന്ന കട്ടന്‍കാപ്പിപോലൊരു പാനീയം )ഈത്തപ്പഴവും കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്' നല്ലവനായ ആ ഓഫീസര്‍ മാസങ്ങളായി വനിതാസെല്ലില്‍ കിടക്കുന്ന റോസമ്മയുടെ കാര്യം അവതരിപ്പിച്ചത്. എമ്പസ്സി ഇടപെടുകയാണെങ്കില്‍ റോസമ്മയെ എളുപ്പം രക്ഷപ്പെടുത്തുവാന്‍  കഴിയുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരുടെ കേസിനെ കുറിച്ച് അന്വേഷിക്കുകയും അവരെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
 ഉടനെ ഫോണില്‍ നിര്‍ദ്ദേശം പോയി .  
നിമിഷങ്ങള്‍ക്കകം  ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ അകമ്പടിയോടെ സാമാന്യം തടിയുള്ള വെളുത്ത് പ്രൌഢയായ റോസമ്മ ഒഫീസറുടെ മുറിയിലെത്തി.
 വൃത്തിയായി വസ്ത്രം ധരിച്ചാല്‍ ഉന്നത കുലജാതയായ ഒരുദ്യോഗസ്ഥയാണെന്നേ ആരും പറയൂ. ഓഫീസറുടെ മുമ്പില്‍ വരുന്നതിന്റെ ഭവ്യതയാണെന്നു തോന്നുന്നു ഷാളു കൊണ്ട് തല മറച്ചിരുന്നു. കുഴിഞ്ഞ കണ്‍തടങ്ങള്‍ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകള്‍ക്ക് ദൈന്യഭാവം.
 നിര്‍വ്വികാരയായ് ഒന്നുമുരിയാടാതെ തികഞ്ഞ കുറ്റബോധത്തോടെ തലകുനിച്ചു നിന്ന റോസമ്മയ്ക്ക് ഓഫീസര്‍ എന്നെ പരിചയപ്പെടുത്തി.  
റോസമ്മ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.
 ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഏതാനും വാക്കുകളിലായിരുന്നു മറുപടി.
റോസമ്മയുടെ ബന്ധുക്കളാരെങ്കിലും ഇവിടെയുണ്ടോ..?
ഇല്ല...
നാട്ടുകാരാരെങ്കിലും ..?
അറിയില്ല....
വീട്ടില്‍ വിവരം അറിയുമോ....?
ഇല്ല....എന്നെ ഇതിനകത്തുനിന്നും എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെടുത്തണം സാര്‍ ...
കണ്ണുകള്‍ നിറഞ്ഞൊഴുകി ...ചുണ്ടുകള്‍ വിതുമ്പി.... ശബ്ദമിടറി.... 
ഒരു സീന്‍ ഒഴിവാക്കാന്‍ വേണ്ടി കൂടുതലൊന്നും ചോദിക്കാതെ റോസമ്മയുടെ കേസ് ഫയലിന്റെ നമ്പര്‍ ശേഖരിച്ച് ഓഫീസറോട് യാത്ര പറഞ്ഞ് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ സബിന്‍സ്പെക്റ്ററെ കണ്ടു വിവരങ്ങള്‍ പറഞ്ഞു ഫയല്‍ നമ്പര്‍ ഏല്‍പിച്ചപ്പോള്‍ അല്‍പനേരത്തെ തിരച്ചിലിനു ശേഷം റജിസ്റ്ററില്‍ നോക്കി അദ്ദേഹം പറഞ്ഞു ഈ ഫയല്‍ ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലാണ്' അവിടെ അന്വേഷിച്ചാല്‍ വിശദ വിവരങ്ങള്‍ അറിയാം 
ജയില്‍ ഓഫീസര്‍ തന്ന വിവരവും സബിന്‍സ്പെക്റ്റര്‍ തന്ന സൂചനയും അനുസരിച്ച് റോസമ്മയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ രണ്ടാണ്'
മോഷണവും ഒളിച്ചോട്ടവും .
 നിയമത്തിന്റെ മുമ്പില്‍ രണ്ടും ഗുരുതരമായ കുറ്റങ്ങളാണ്'.
ജയിലില്‍ വച്ചുകണ്ട റോസമ്മയുടെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. വീട്ടു വേലയ്ക്കു വന്ന സ്ത്രീയാണ്' റോസമ്മയെന്ന്'മനസ്സ് സമ്മതിക്കുന്നില്ല. അത്രയ്ക്കു കുലീനമാണ്'റോസമ്മയുടെ മുഖവും രൂപവും . 
ഒന്നുകില്‍ ചതിയില്‍ പെട്ടതായിരിക്കാം ...
മോഷണക്കേസ്..... കെട്ടിച്ചമച്ചതായിരിക്കാം ...
ഒളിച്ചോട്ടം........... രക്ഷപ്പെടലായിരിക്കാം .....
എല്ലാം തെളിവുകളെ ആശ്രയിച്ചിരിക്കുന്നു.
മനസ്സ് വല്ലാതെ അസ്വസ്ഥമായി. അന്നം തേടി അന്യനാട്ടില്‍ വന്ന്'കെണിയില്‍ അകപ്പെട്ടുപോകുന്നവരുടെ വേദനകള്‍ മരുഭൂമിയിലെ ചുടുകാറ്റുപോലെ മനസ്സിലേക്കാഞ്ഞടിച്ചു.
ഒരു ഭാഗത്ത് നിസ്സഹായരും നിരാലംബരുമായ നാലഞ്ചു ചെറുപ്പക്കാരുടെ ജീവിതം. മറ്റൊരുഭാഗത്ത് സമസ്താപരാധങ്ങളും മൌനത്തിലൊതുക്കി കരുണ തേടുന്ന റോസമ്മയുടെ ദയനീയ മുഖം. 
 പ്രക്ഷുബ്ദമായ മനസ്സിനെ ആശ്വസിപ്പിക്കുവാനും ഭാരം കുറക്കുവാനും സുഹൃത്തുക്കളിലേക്കിറങ്ങുമ്പോള്‍ അവരുടെ നിഷ്ക്കളങ്കവും ആത്മാര്‍ത്ഥവുമായ ചോദ്യ ശരങ്ങള്‍ ...  
വെറുതെ എന്തിനാ എല്ലാ വയ്യാവേലികളും എടുത്ത് തലയില്‍ വെക്കുന്നത്...
പിന്നെ ഒരുപദേശവും ..ചെയ്യാവുന്നതു ചെയ്യുക അല്ലാത്തത് വിട്ടുകളയുക. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.
ചോദ്യവും ഉപദേശങ്ങളും മനസ്സിലേക്കെത്തിയില്ല. എവിടെയോ തട്ടിത്തടഞ്ഞ് പുറത്തേയ്ക്കു പോയി.
അടുത്തദിവസം രാവിലെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി സെക്ഷനില്‍ പോയി ഫയലെടുപ്പിച്ചു. ഫയല്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞു വിശദാംശങ്ങള്‍ തരാന്‍ എനിക്കധികാരമില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നേരില്‍ കണ്ട് അദ്ദേഹവും കോടതിയും കനിയണം . മൂന്നു ദിവസം കഴിഞ്ഞാലേ അദ്ദേഹത്തെ കാണാന്‍ കഴിയു. നിയമമന്ത്രി സ്ഥലത്തുള്ളതുകൊണ്ട് അദ്ദേഹം തിരക്കിലാണ്'.
ഇതിനിടയില്‍ ജയിലില്‍ കഴിയുന്ന മൂന്നു മലയാളികളെയും രണ്ടു ഗുജറാത്തികളെയും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായത്തോടെ സ്പോണ്‍സര്‍മാരെ വിളിച്ചു വരുത്തി അവരുടെ കുറ്റം ചെറിയ പിഴയിലൊതുക്കി അതാതു സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിചെയ്യാനുള്ള അവസരവുമൊരുക്കി.
 മനസ്സിന്റെ ഭാരം പകുതി കുറഞ്ഞതുപോലെ. 
ചുട്ടു പഴുത്തുനിന്ന മനസ്സിന്റെ ഉള്ളറകളില്‍ കുളിര്‍കാറ്റു വീശിയ പ്രതീതി.
നാലാം ദിവസം രാവിലെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിയപ്പോള്‍ അവിടെ പതിവിലും കവിഞ്ഞ തിരക്ക്. എന്റെ ദൌത്യം നീണ്ടു പോകുമോ എന്നൊരുള്‍ ഭയം . പ രിചയക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ ഒത്താശയോടെ അധികം കാത്തിരിക്കാതെ തന്നെ കൂടിക്കാഴ്ചക്കുള്ള അവസരം ലഭിച്ചു. 
ആഢംബരപൂര്‍ണ്ണമായ, വിശാലമായ ഓഫീസ് റൂമിലേയ്ക്ക് സെക്യൂരിറ്റിയുടെ അകമ്പടിയോടെ പ്രവേശിച്ചപ്പോള്‍ ആദ്യമായിട്ടു കാണുകയാണെങ്കിലും സൌഹൃദം  സ്പുരിക്കുന്ന പുഞ്ചിരിയോടെ അദ്ദേഹം സ്വീകരിച്ചു.
 ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും സംസാരത്തിലെയും പെരുമാറ്റത്തിലെയും കുലീനതയും  ആരിലും മതിപ്പുളവാക്കും വിധമായിരുന്നു.
തിരക്കിനിടയിലും ഔപചാരികമായ ആചാരമര്യാദകള്‍ കൈവിടാതെ വിശേഷങ്ങള്‍ തിരക്കിയ ആവ്യക്തിപ്രഭാവത്തിന്നു മുന്നില്‍ വിസ്മയക്കാഴ്ചകള്‍ കാണുന്ന ഒരു കുഞ്ഞിന്റെ മനസ്സോടെ ഞാനിരുന്നു.  
എന്റെ സന്ദര്‍ശനോദ്ദേശം അദ്ദേഹത്തെ ധരിപ്പിച്ചു. ഫയല്‍ നമ്പര്‍ കൈമാറി വിനയം തുളുമ്പുന്ന വാക്കുകളില്‍ എന്റെ പ്രത്യേക അപേക്ഷയും അദ്ദെഹത്തിന്നു മുമ്പില്‍ സമര്‍പ്പിച്ചു. 
എനിക്കല്‍പ്പം സമയം തരൂ..ഫയല്‍ പഠിച്ചതിനു ശേഷം വേണ്ടതു ചെയ്യാം എന്ന അദ്ദേഹത്തിന്റെ അനുഭാവപൂര്‍വമായ മറുപടിയില്‍ സംതൃപ്തനായി യാത്ര പറയുമ്പോള്‍ എന്റെ വിസിറ്റിങ്ങ് കാര്‍ഡ് അദ്ദേഹം വാങ്ങിയിട്ടു പറഞ്ഞു താമസിയാതെ വിവരം അറിയിക്കാം .
ഇരമ്പി വരുന്ന തിരമാലകള്‍ തീരത്തോടടുക്കുമ്പോള്‍ ശാന്തമായലിഞ്ഞില്ലാതാകുന്നതു പോലെ അസ്വസ്ഥതകള്‍ അലയടിച്ചിരുന്ന മനസ്സ് വളരെ ശാന്തമായി.
 റോസമ്മയെ എത്രയും വേഗം നാട്ടിലെത്തിക്കുവാന്‍ കഴിയും എന്ന തോന്നല്‍ എന്നിലുളവായി.
എത്ര ശ്രമിച്ചിട്ടും റോസമ്മയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ഊണിലും ഉറക്കത്തിലും ഒരുപാടു ചോദ്യങ്ങള്‍ എന്നെ മഥിച്ചുകൊണ്ടിരുന്നു. 
ഇത്രയും സൌന്ദര്യവും പ്രൌഢിയും കുലീനത്വവും ജ്വലിക്കുന്ന റോസമ്മയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം സത്യമായിരിക്കുമോ...അതോ കെട്ടിച്ചമച്ചതോ....? സത്യമാകാതിരിക്കട്ടെ എന്നു മനസ്സ് പ്രാര്‍ത്ഥിച്ചു. 
ഏതുസാഹചര്യത്തിലായിരിക്കും റോസമ്മ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടാകുക....
കാഴ്ചയില്‍ അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു ലക്ഷണവുമില്ലാത്ത റോസമ്മ ഹൌസ് മെയ്ഡിന്റെ വിസയില്‍ എന്തിനു വന്നു. 
പുറത്തുകാണുന്നതിനേക്കാള്‍ വിപരീതമായിരിക്കുമോ അകം ...അതുകൊണ്ടായിരിക്കുമോ ഇങ്ങിനെയൊക്കെ സംഭവിച്ചത്...? 
എന്തായാലും പബ്ലിക് പ്രോസിക്യൂട്ടറുമായുള്ള അടുത്ത കൂടികാഴ്ചയ്ക്ക് മുമ്പ് ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെന്ന് മനസ്സിലുറച്ചു.
 അധികാര മേഖലയിലുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൈ മലര്‍ത്തുന്നതല്ലല്ലോ ശരി .  
ജയില്‍ ഓഫീസറുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ സ്വകാര്യമായ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. 
സുഹൃത്തുക്കളില്‍ നിന്നും സമ്മാനമായി ലഭിച്ച ബൈബിളുകളില്‍ ഒരെണ്ണം ഞാന്‍ കയ്യില്‍ കരുതിയിരുന്നു. തീ തിന്നുന്ന ജയില്‍ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം ബൈബിള്‍ വായനയിലൂടെ ലഭിക്കുന്നെങ്കില്‍ ലഭിക്കട്ടെ .  അതിനും പ്രത്യേക അനുവാദം വാങ്ങിയിരുന്നു .
 ജയിലിലെ ചെറിയൊരു മുറിയില്‍ അറബി ഭാഷ മാത്രമറിയാവുന്ന ഒരു ലേഡി കോണ്‍സ്റ്റബിളിന്റെ സാന്നിധ്യത്തില്‍ റോസമ്മയോട് ഞാന്‍ പറഞ്ഞു നിങ്ങളെ രക്ഷപ്പെടുത്തുവാന്‍ പലവാതിലുകളും മുട്ടിക്കൊണ്ടിരിക്കുകയാണ്' . ഈ ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച് എന്താണ്'സംഭവിച്ചതെന്ന് സത്യസന്ധമായി എന്നോട് പറയണം . ദയവായി ഒന്നും മറച്ചുവെക്കരുത്. 
സത്യം തുറന്നു പറയുമ്പോഴായിരിക്കും രക്ഷപ്പെടാനുള്ള വഴി തെളിയുന്നത്. എന്താണെങ്കിലും റോസമ്മയ്ക്ക് എന്നോട് തുറന്നു പറയാം . തെറ്റുകള്‍ സ്വാഭാവികമാണ്'. നമ്മളൊക്കെ പച്ചയായ മനുഷ്യരല്ലെ. ഒരു പക്ഷേ എല്ലാം തുറന്നു പറയുമ്പോള്‍ റോസമ്മയുടെ മനസ്സിന്റെ ഭാരവും കുറയും മോചനത്തിന്നുള്ള വഴികളും തെളിഞ്ഞു വരും .
 സാരമില്ല എല്ലം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്നു കരുതി സമാധാനിക്കുക. ഒരു നീണ്ട നെടുവീര്‍പ്പോടെ റോസമ്മ എന്നെ നോക്കി. 
അണപൊട്ടിയൊഴുകിയ കണ്ണീര്‍ കവിളുകളില്‍ ചാലുകള്‍ സൃഷ്ടിച്ചു. സംഭവിച്ച ഓരോകാര്യവും വള്ളി പുള്ളി തെറ്റാതെ റോസമ്മ ഹൃദയത്തിന്റെ ഭാഷയില്‍ ദുഖത്തില്‍ ചാലിച്ച് എന്റെ മുമ്പില്‍ വിളമ്പി.
 ഇടിമിന്നലേറ്റ പോലെ ഞാന്‍ തരിച്ചിരുന്നു പോയി.
                                  ---------------------------------------------------------- 
പ്രിയമുള്ളവരെ, എന്റെ ഡയറിയിലെ അനുഭവക്കുറിപ്പുകള്‍ സത്യ സന്ധമായി നിങ്ങളുടെ മുമ്പില്‍ മലര്‍ക്കെ തുറന്നു . റോസമ്മ ചെയ്തത് വലിയൊരു തെറ്റാണ് . പറഞ്ഞത് വലിയൊരു പാഠമാണ്'. തുടര്‍ന്നെഴുതുവാന്‍ നിങ്ങളുടെ അനുവാദമുണ്ടെങ്കില്‍   മാത്രം ഞനെഴുതാം.
                                 ----------------------------------------------------------      

33 അഭിപ്രായങ്ങൾ:

Abdulkader kodungallur പറഞ്ഞു...

പ്രിയമുള്ളവരേ , ഇതൊരു കഥയല്ല ഭാവനയുമല്ല . തികച്ചും സംഭവിച്ചതാണ്. അഭ്യുദയ കാമ്ക്ഷികളായ നല്ല സുഹൃത്തുക്കളുടെ പ്രോല്സാഹനമാണ് ഇത് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് .

islamikam പറഞ്ഞു...

അനുഭവങ്ങള്‍ പറയുന്നത് പച്ചയായ യാധാര്ത്യങ്ങള്‍ ആണല്ലോ.
അതില്‍ ചിലതിനു അപരിചിതത്വം ഉണ്ടാകും .

താങ്കള്‍ കേള്‍പ്പിക്കുക.

Manoraj പറഞ്ഞു...

ഇതിനോട് വിയോജിപ്പ് ഉണ്ട്. ഇത്രയും കാര്യങ്ങൾ ആരുടെയും അനുവാദം വാങ്ങാതെ എഴുതിയിട്ട് ഇനിയുള്ളത് അനുവാദമുണ്ടെങ്കിലും എഴുതാം എന്ന് പറഞ്ഞു നിർത്തിയതിനോട്. ഒപ്പം ഇത് കഥയല്ല ജീവിതമാണെന്ന് പറഞ്ഞിട്ട് ഒരു തുടർനോവലിന്റെ രീതിയിൽ പോസ്റ്റ് അവസാനിപ്പിച്ചതിനോടും. തുടരുമെന്ന് കരുതുന്നു.

എറക്കാടൻ / Erakkadan പറഞ്ഞു...

ധൈര്യമായി പറയൂ...ഇപ്പോള്‍ ആകാംക്ഷയായി, ബാക്കി അറിയാന്‍ ...

പിന്നേ ആ പച്ച നിറമുള്ള അക്ഷരങ്ങള്‍ ഒരു സുഖമില്ല ..അതിന്റെ നിറം മാറ്റിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

തെറ്റുകള്‍ പറ്റിയേക്കാം. മനസ്സറിഞ്ഞുള്ള പ്രായശ്ചിതം അവയെ മറികടക്കും.
റോസമ്മയില്‍ അത് നിങ്ങള്‍ കണ്ടു എങ്കില്‍ തുടരുക.
അവര്‍ മോചിപ്പിക്കപ്പെട്ടോ എന്നറിയാനും ആകാംക്ഷ

Abdulkader kodungallur പറഞ്ഞു...

islamikam...
വളരെ നന്ദി . അഭിപ്രായത്തിന്
Manoraj
ശരിയാണ് താങ്കള്‍ പറഞ്ഞത് .വിയോജിപ്പുകള്‍ തുറന്നു പ്രകടിപ്പിക്കുമ്പോഴാണ് നാം നല്ല സുഹൃത്ത്ക്കളാകുന്നത്. താങ്കള്‍ അത് ചെയ്തു .അപ്പോള്‍ പ്രത്യേക നന്ദി.
എറക്കാടൻ / Erakkadan
താങ്ക ളുടെ നിര്‍ദ്ദേശം മാനിച്ചു. കളര്‍ മാറ്റി. പിന്നെ താങ്കള്‍ തന്ന ധര്യം നല്ല ഉര്‍ജ്ജമായി.
വളരെ നന്ദി .
ചെറുവാടി .....
താങ്കള്‍ പറഞ്ഞ ആകാമ്ക്ഷ യാണ് തുടരുവാനുള്ള ധൈര്യം.ഒരുമിച്ച് എഴുതിയാല്‍ വായനക്കാര്‍ മുഷിയും . അഭിപ്രായത്തിനു വളരെ നന്ദി.

അലി പറഞ്ഞു...

വൈകാതെ ബാക്കിയുമെഴുതൂ...

Echmukutty പറഞ്ഞു...

മനോരാജിന്റെ അഭിപ്രായമാണ് എനിയ്ക്കും.
തുടരും എന്നു തന്നെ ഞാനും കരുതുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

പൊള്ളിക്കുന്ന സത്യങ്ങള്‍ നേരിട്ട് അറിയാന്‍ കഴിയാറില്ലെന്കിലും പലതും കണ്ടും കേട്ടും അറിയാന്‍ കഴിയുന്നവരാണ് എല്ലാ ഗല്ഫ് കാരും.
അതെല്ലാം തന്നെ ഒരു മനുഷ്യന്‍ എന്ന നിലക്ക് ഏറെ വേദനിപ്പിക്കുനതും. പക്ഷെ പലര്‍ക്കും പലപ്പോഴും നിസ്സഹായനായി നോക്കിനിലക്കാന്‍ മാത്രമേ കഴിയാറുള്ളൂ. ഓരോരുത്തരും കാണുന്നതിനേക്കാള്‍ നീറുന്ന പ്രശ്നങ്ങള്‍ സ്വന്തം ജീവിതത്തില്‍ പരിഹരിക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ തന്നെ.

ഇവിടെ അധികം ആര്‍ക്കും കഴിയാത്ത കാര്യങ്ങളാണ് ഒന്നും പ്രതീക്ഷിക്കാതെ കാടര്‍ഭായി ചെയ്ത്കൊണ്ടിരിക്കുന്നത് എന്നറിയുമ്പോള്‍ ഞാനൊക്കെ എന്ത് എന്നെനിക്ക് തോന്നിപ്പോകാറുണ്ട്.

ഒരു കഥ വായിക്കുന്നതിനേക്കാള്‍ ഉദ്വേഗത്തോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയും അവതരണവും ഒരു കലാകാരനെ എടുത്ത്‌ കാണിക്കുന്നു. ജീവിതമാകുമ്പോഴും പറയുന്ന രീതിയാണ് വായനക്ക് പ്രേരിപ്പിക്കുക എന്നെനിക്ക് തോന്നുന്നു.
ഒരു നീണ്ട കുറിപ്പാകുമ്പോള്‍ തുടര്‍ന്നെഴുതുന്ന ചെറിയ കുറിപ്പുകളാക്കുന്നതാണ് വായനക്ക് സൗകര്യം എന്നാണ് എന്റെ അഭിപ്രായം.
ഇത്തരം ഡയറിക്കുറിപ്പുകള്‍ ഞങ്ങളുമായി പങ്കുവെക്കുന്നത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങള്‍.

Abdulkader kodungallur പറഞ്ഞു...

അലി.... ആ അനുവാദമായിരുന്നു എന്റെ ആവശ്യം സന്ദര്‍ശനത്തിനു നന്ദി
Echmukutty..അനുവാദം ചോദിക്കാതെ എഴുതിയതില്‍ ഇതുവരെ അപകടമില്ല . റോസമ്മ പറഞ്ഞ കാര്യങ്ങള്‍ കുറച്ച് പ്രശ്നമാണ് .അതാണ്‌ അനുവാദം ചോദിക്കുന്നത്. അനുവാദം കിട്ടി .നന്ദി.

ഹംസ പറഞ്ഞു...

സംഭവിച്ച ഓരോകാര്യവും വള്ളി പുള്ളി തെറ്റാതെ റോസമ്മ ഹൃദയത്തിന്റെ ഭാഷയില്‍ ദുഖത്തില്‍ ചാലിച്ച് എന്റെ മുമ്പില്‍ വിളമ്പി.
ഇടിമിന്നലേറ്റ പോലെ ഞാന്‍ തരിച്ചിരുന്നു പോയി.

റോസാമ്മ പറഞ്ഞ ആ കാര്യം അറിയാന്‍ ചെറിയ ഒരു ആകാംക്ഷ... അതുകൊണ്ട് കൂടുതല്‍ വൈകാതെ ബാക്കി കൂടി എഴുതൂ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

khaderji,
bakkikuuti ezhuthu

Vayady പറഞ്ഞു...

ആദ്യമായിട്ടാണിവിടെ. ബാക്കി വായിക്കാനായി വീണ്ടും വരാം.

ഒരു നുറുങ്ങ് പറഞ്ഞു...

പ്രിയ കാദര്‍ഭായീ,വിവരണം
തുടരട്ടെ.13 വര്‍ഷം സലാലയില്‍
പ്രവാസിയായി കഴിഞ്ഞ ഈയുള്ളവന്‍
അര്‍സാത്ത് ജയിലും,സലാലയിലെ വിവിധ
പോലീസ് സ്റ്റേഷനുകളും ഏറെ സുപരിചിതം
തന്നെയെന്ന് താങ്കള്‍ക്കറിയാമല്ലോ..
താങ്കളിപ്പോള്‍ നിര്‍വ്വഹിച്ചുവരുന്ന ഔപചാരിക
സേവനം,ഈ രംഗത്ത് വ്യക്തിതലത്തില്‍ മുമ്പ്
എനിക്കും പലപ്പോഴും നിരവ്വഹിക്കേണ്ടതായി
വന്നിട്ടുണ്ട്.എന്‍റെ നല്ലവനായ സ്പോണ്‍സര്‍
(മര്‍ഹൂം ഷയിഖ് അവദ് അല് റഊദ് )
ആയിരുന്നു എനിക്കത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള
പ്രേരണയും പ്രചോദനവും നല്‍കിയിരുന്നത് !

അദ്ദേഹത്തിന്‍ ജയിലധികൃതരും ഭരണകൂടവും
ഉന്ന്തോദ്യോഗസ്ഥരുമൊക്കെയായുണ്ടായിരുന്ന
നല്ല ബന്ധങ്ങളെ ഒരു പരിധിവരെ പാവപ്പെട്ട
എന്നാല്‍ നിരപരാധികളായ,നിയമനടപടികള്‍ക്ക്
വിധേയരാക്കപ്പെട്ടവര്‍ക്ക് വേണ്ടി ഞാന്‍
ഉപയോഗപ്പെടുത്തുകയായിരുന്നു.അക്കാലത്ത്
എംബസിയുടെ ഇടപെടലുകളും,മറ്റു സേവന
പ്രവര്‍ത്തനങ്ങളും സലാലയില്‍ ഇന്നത്തെ
പോലെ സജീവമായിരുന്നില്ല.
(വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസികവിഭ്രാന്തിപൂണ്ട്
ഒരു ജബലി വെടിവെപ്പ് നടത്തി ഒരുമലയാളി
കൊല്ലപ്പെടാനും,പലര്‍ക്കും പരിക്കേറ്റതുമായ
സംഭവം നിങ്ങളോര്‍ക്കുമല്ലൊ..അന്ന് അവര്‍ക്ക്
മാന്യമായ നഷ്ടപരിഹാരം ഷയിക്കിന്‍റെ
സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി നേടിയെടുക്ക്കയായിരുന്നു)
ഇത്തരം തുറന്നെഴുതാന്‍ കൊള്ളുന്നതും
അല്ലാത്തതുമായ ഒരുപാട് സംഭവങ്ങള്‍ക്ക്
സാക്ഷ്യം വഹിക്കേണ്ടി വന്ന എനിക്ക്
കാദര്‍ഭായിയോട് ഒരു നിര്‍ദേശമുണ്ട് :

സംഭവങ്ങള്‍ യാഥാര്ത്ഥ്യം തന്നെയെന്ന്
എനിക്കുറപ്പുണ്ട്,അതില്‍ പരാമര്‍ശിക്കപ്പെടുന്ന
വ്യക്തികളുടെ ഊരും പേരുമൊക്കെ
സാങ്കല്പിക നാമങ്ങളാണെന്ന് പറയുന്നതല്ലേ
ഉത്തമം..വിവരണം തുടരട്ടെ,സേവനവും.
റോസമ്മയുടെ പേര്‍ സാങ്കല്പികമെന്ന് കരുതട്ടെ!

ഭാവുകങ്ങള്‍ !

Abdulkader kodungallur പറഞ്ഞു...

പട്ടേപ്പാടം റാംജി.....
റാംജിയുടെ വാക്കുകള്‍ കൂടുതല്‍ എഴുതുവാനുള്ള പ്രോല്‍സാഹനവും കൂടുതല്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള ആവേശവും ഊര്‍ജ്ജവും നല്‍കുന്നു. വളരെ നന്ദിയുണ്ട്.

ഹംസ ഭായ്....എല്ലാം ഒറ്റയടിക്ക് എഴുതിയാല്‍ നീണ്ടുപോകും അതുകൊണ്ടാ രണ്ടു ഭാഗമാക്കാമെന്നു തീരുമാനിച്ചത്.അഭിപ്രായത്തിനു വളരെ നന്ദി.
കുസുമം ആര്‍ പുന്നപ്ര....
വളരെ നന്ദി. ഉടനെയെഴുതാം ബാക്കി.

വായാടിക്കു സുഖമല്ലെ...പറന്നുപറന്നങ്ങിനെ..ഹ..ഹ.
ഒരു നുറുങ്ങ്.....
തീര്‍ച്ചയായും താങ്കളുടെ നിര്‍ദ്ദേശം നൂറു ശതമാനവും ഞാന്‍ പാലിക്കപ്പെട്ടിട്ടുണ്ട്.ആരെയും വേദനിപ്പിക്കുവാന്‍ നമുക്ക് കഴിയില്ലല്ലൊ. അനുഭവങ്ങള്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച സുഹ്ര്'ത്തുക്കള്‍ പറഞ്ഞത് ഇത്തരം അനുഭവക്കുറിപ്പുകളില്‍ നമ്മളറിയാതെ ഒളിഞ്ഞുകിടക്കുന്ന ചില ഗുണ പാഠങ്ങള്‍ ആര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ അതും നന്മയല്ലെ.സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ നിന്നും എന്തെങ്കിലും പ്രചോദനം ലഭിക്കുകയാണെങ്കില്‍ അതും നല്ലതല്ലെ.
താങ്കള്‍ ചെയ്തിട്ടുള്ള പല നല്ല കാര്യങ്ങളൂം എനിക്കറിയാവുന്നതല്ലെ.അതും പങ്കുവെക്കുന്നത് നന്നായിരിക്കുമെന്നാണ്'എന്റെ എളിയ അഭിപ്രായം .വിലയേറിയ അഭിപ്രായത്തിന്'വളരെ നന്ദി.

K@nn(())raan*خلي ولي പറഞ്ഞു...

മനുഷ്യത്തം മരിക്കാത്ത ഭായിക്ക് ആശംസകള്‍. പടച്ചോന്‍ പുണ്യം തരും. വരട്ടെ ബാക്കി.

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഖാദര്‍ജീ (ഒരുപാടു ബഹുമാനം തോന്നുന്നു താങ്കളോട്),
താങ്കള്‍ ഒരു വലിയ മനുഷ്യനാണ്. ആശരണര്‍ക്ക് സമയോചിതമായ തുണ നല്‍കുന്നത്തില്‍പ്പരം എന്തുണ്ട് ഈ ലോകത്തില്‍?
വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ. ഒടുവില്‍ ആകാംഷ ബാക്കി. അടുത്ത ഭാഗം എന്നാണ്? കാത്തിരിക്കുന്നു.

ആളവന്‍താന്‍ പറഞ്ഞു...

എന്തിനാ ഇനി ഇങ്ങനെ ഒരു ചോദ്യം? അതിന്റെ ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. തീര്ച്ചായായും ഇതിന്റെ അടുത്ത, (അവസാന) ഭാഗത്തിനായി കാത്തിരിക്കുന്നു.

Abdulkader kodungallur പറഞ്ഞു...

കണ്ണൂരാന്‍ / Kannooraan.....
എന്നേക്കാള്‍ കൂടുതല്‍ ഒരു പക്ഷേ നിങ്ങളൊക്കെ ചെയ്യുന്നുണ്ടാകും .ഞാനത് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി നിങ്ങളുമായി പങ്കിടുന്നു എന്നു മാത്രം .താങ്കളുടെ പ്രാര്‍ത്ഥന നമുക്കെല്ലാവര്‍ക്കും ഗുണകരമാവട്ടെ. നന്ദി.
വഷളന്‍ ജേക്കെ ★ Wash AlleJK........
താങ്കളുടെ നല്ലവാക്കുകള്‍ എനിക്കു കൂടുതല്‍ പ്രചോദനമാകുന്നു.വളരെ നന്ദി.
ആളവന്‍താന്‍.....
എന്തു കാര്യമായാലും സുഹ്ര്'ത്തുക്കളോടൊരു അഭിപ്രായം ചോദിക്കുന്നത് നല്ലതല്ലെ.അതുകൊണ്ടുമാത്രമാണ്' അനുവാദവും ചോദിച്ചത്. നന്ദി.സുഹ്ര്'ത്തെ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അബ്ദുൾ ഭായി,വായനക്കാരനെ മുൾമുനയിൽ നിറുത്തിയിട്ട് ഈ അനുഭവകുറിപ്പുകൾ അവസാനിപ്പിക്കാതെ സസ്പെൻസിൽ കെട്ടിയിട്ടു അല്ലെ ?
നല്ല ഒതുക്കമുള്ള വിവരണങ്ങൾ ..കേട്ടൊ ഭായി

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ആദ്യമായിട്ടാണ് ഇവിടെ ..
ബാക്കി കൂടി അറിഞ്ഞിട്ടാവാം അഭിപ്രായം ..
വീണ്ടും വരാം ....

Abdulkader kodungallur പറഞ്ഞു...

ബിലാത്തിപട്ടണം / BILATTHIPATTANAM.
മനപ്പൂര്‍വ്വമല്ല മുരളി ഭായ് ..നീണ്ട പോസ്റ്റ് മടുപ്പുളവാക്കും എന്നു കരുതിയാണ്'.അഭിപ്രായം നന്ദിപൂര്‍വം സ്വീകരിച്ചിരിക്കുന്നു.

ഷാഹിന വടകര .....
ആദ്യമായിട്ടാണെങ്കിലും വന്നല്ലോ..ഇനിയും വരണേ

.. പറഞ്ഞു...

..
ആദ്യമായാണിവിടെ, വായിച്ചത് ഈ പോസ്റ്റും.
കഴിയുമെങ്കില്‍ തുടര്‍ന്നെഴുതുക, തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം, വായനയിലൂടെയും കാഴ്ചയിലൂടെയും കേട്ടറിവിലൂടെയുമുള്ള തിരിച്ചറിവുകള്‍ ചില തെറ്റുകളില്‍ നിന്നെങ്കിലും പലരേയും പിന്തിരിപ്പിക്കും..

താങ്കളുടെ ഉദ്യമത്തിന് ആശംസകള്‍.

തൊമ്മിയുടെ കാര്‍ട്ടൂണിന് താങ്കളുടെ പരിശ്രമം കണ്ടിട്ടുണ്ട്. അതിനും കൂടി ഒരാശംസ നേരില്‍ പറയാന്‍ വിനിയോഗിക്കുന്നു ഇവിടം.
..

.. പറഞ്ഞു...

..
ആ കൌസ്തുഭം കൗസ്തുഭം ആക്കാന്‍ അപേക്ഷ.
..

Anees Hassan പറഞ്ഞു...

പറയുക ....

അക്ഷരം പറഞ്ഞു...

റോസമ്മയുടെ ജീവിതം നല്‍കുന്ന പാഠം
താങ്കളുടെ മനോഹരമായ ശൈലിയില്‍ തന്നെ വായിയ്ക്കാന്‍ ആഗ്രഹമുണ്ട് ..
തുടരുക ...

Sabu Hariharan പറഞ്ഞു...

യഥാർത്ഥ സംഭവങ്ങൾ എഴുതുന്നത് മറ്റുള്ളവരെ ശരിയായ വഴിയിലേക്ക് നയിക്കുവാൻ സഹായിക്കും എന്നാണ്‌ വിശ്വാസം.
‘ഇവിടെ കുഴിയുണ്ട്’ എന്ന ബോർഡ് ആ വഴി വരുന്നവർക്ക് ഒരു മുന്നറിയിപ്പാവില്ലെ?.
ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം. പേരുകൾ യഥാർത്ഥ പേരുകൾ ആകരുത് എന്ന കാര്യം.

നാട്ടുവഴി പറഞ്ഞു...

വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിയതിന് ദൈവം ചോദിക്കട്ടെ..........
ആശംസകളൊടെ........

നാട്ടുവഴി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abdulkader kodungallur പറഞ്ഞു...

രവി....
താങ്കളുടെ അഭിപ്രായം വിലയേറിയാതാണ് .ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു .
വളരെ നന്ദി.
ആയിരത്തിയൊന്നാംരാവ് ....
വളരെ നന്ദി .
അക്ഷരം....
താങ്കളുടെ വാക്കുകള്‍ പ്രചോദനമാകുന്നു . വളരെ നന്ദി .
സാബു ...
വളരെ ശ്രദ്ധേയമായ അഭിപ്രായമാണ് താങ്കളുടെത്. യഥാര്‍ത്ഥ പേരുകള്‍ കൊടുത്താല്‍ അവരോടു ചെയ്യുന്ന ക്രൂരതയല്ലേ.
വളരെ നന്ദി .
നാട്ടുവഴി ....
ദൈവത്തിനു കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന ലോകത്തിലല്ലേ നാം .താങ്കളും കൊടുത്തുകാണും എന്തെങ്കിലും.
ദൈവത്തിനെ ക്കൊണ്ട് എന്നെ ശിക്ഷിപ്പിക്കാന്‍ വന്നതിന് വലിയ നന്ദി.

വി.എ || V.A പറഞ്ഞു...

ഒരു നല്ല മഴ നനഞ്ഞ് ഉള്ള് കുളിരുപൂകി ലയിച്ചിരിക്കുമ്പോഴാണ് റോസമ്മ കയറി വന്നത്. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.തുടരട്ടെ കഥ...

jyo.mds പറഞ്ഞു...

നന്നായി എഴുതുന്നു-അടുത്ത ഭാഗം വായിക്കാന്‍ തിടുക്കമായി.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വളരെ വൈകിയാണിവിടെയെത്തിയത്. അതിനാല്‍ ആദ്യം മുതല്‍ ഓരോന്നായി വായിക്കാന്‍ തുനിയുകയാണ്. ആദ്യത്തെ കമന്റുകളും വായിച്ചു. ഒക്കെ ഒന്നു മനസ്സിലാക്കി വരെട്ടെ.