പേജുകള്‍‌

2010, നവംബർ 30, ചൊവ്വാഴ്ച

പതി മാഹാത്മ്യം


നീലാംബരത്തിലേക്കല്ലെന്റെ മിഴികള്‍ 
നീലാംബുജത്തിലുമല്ല .....
നീഹാര ബിന്ദുപോല്‍ സ്വേദം പൊടിയുമാ -
നിര്‍മ്മലന്‍ പൂമാനിലല്ലോ -എന്‍റെ 
നീലഭന്‍ വല്ലഭനിലല്ലോ.... 

നെല്ലും പതിരും തിരിയാത്ത മക്കള്‍ -
ക്കല്ലലുമാപത്തുമില്ലാ ......
എല്ലു മുറിയെപ്പണിയെടുത്തെന്നെയു -                                                            
മുല്ലസിപ്പിക്കുന്ന കേമന്‍ - എന്നെ 
വല്ലകിയാക്കുന്ന നാഥന്‍ - എന്‍റെ 
പല്ലക്കിലേറുന്ന വീരന്‍ .

കല്യാണ സൌഭഗത്തേരില്‍ക്കറങ്ങിയ 
നല്ല മുഹൂര്‍ത്തങ്ങളെന്നും,
ചൊല്ലിപ്പറഞ്ഞെന്റെയുള്ളം കുളിര്‍പ്പിക്കും 
ചെല്ലക്കിളിയായ മാരന്‍ എന്‍റെ -                                  
നല്ലൊരു പാതിയാം ധീരന്‍ .   

28 അഭിപ്രായങ്ങൾ:

Abdulkader kodungallur പറഞ്ഞു...

ബൂലോകത്തിലെ നല്ല സുഹൃത്തുക്കളുടെ അഭിപ്രായങ്ങളെ ഹൃദയപൂര്‍വം സ്വീകരിച്ച് ബൂലോക തെരുവുകളിലുള്ള കറക്കം നിറുത്തി ഞാനൊരു നല്ലപിള്ളയായി ഒരു കവിതയെഴുതി . അത് ഭര്‍ത്താവിന്റെ മഹത്വം മനസ്സിലാക്കി സ്നേഹം ചൊരിയുന്ന മഹിളാ രത്നങ്ങള്‍ക്കു സമര്‍പ്പിക്കുന്നു

എന്‍.പി മുനീര്‍ പറഞ്ഞു...

നല്ല കവിത..ഭര്‍ത്താവിനെ വാഴ്ത്തിപ്പാടുന്ന ഭാര്യയുടെ കാഴ്ചപ്പാട് കവിതയിലൂടെ വ്യക്തമാക്കി..
ഭര്‍ത്താവിന്റെ മഹത്വം മറക്കുന്ന ഭാര്യമാര്‍ പെരുകുന്ന ഇക്കാലത്ത് “പതി മഹാത്മ്യത്തിലൂടെ”
എന്തുകൊണ്ട് മഹാനായ പതിയില്‍ അഭിമാനം കൊള്ളണം എന്നു മഹിളാരത്നങ്ങള്‍
മനസ്സിലാക്കട്ടെ..

Jazmikkutty പറഞ്ഞു...

ഇരുകരങ്ങളും നീട്ടി സ്വീകരിച്ചീടുന്നു-
പതിരുകളില്ലാത്തൊരീ കവിത..
പാണിഗ്രഹം ചെയ്ത സുന്ദരനുമേകിടാം-
കവിയുര ചെയ്തൊരാശംസ.....

കൊടുങ്ങല്ലൂര്‍,കവിത അസ്സലായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നന്നായിട്ടുണ്ട് ഭായ് ഈ വരികൾ, പിന്നെ ഏതെങ്കിലും ഭാര്യമാർ ഇക്കാലത്ത് ഇതുപോലെ പതികളെ വാഴ്ത്തിപ്പറയുമോ എന്നുള്ളൊരു സംശയവും ഇല്ലാതില്ല കേട്ടൊ...


‘പതിരുകളൊന്നും വേർതിരിക്കാനില്ല
പതി മാഹാത്മ്യം തുടിച്ചയീവരികളിൽ
പതവന്ന വണ്ടിക്കാളപോൽ ജീവിതം
പതിയെ വലിക്കും പതികളെ മാനിക്കാം..‘

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

"കല്യാണ സൌഭഗത്തേരില്‍ക്കറങ്ങിയ
നല്ല മുഹൂര്‍ത്തങ്ങളെന്നും,
ചൊല്ലിപ്പറഞ്ഞെന്റെയുള്ളം കുളിര്‍പ്പിക്കും ..."
ഇത് ഒന്നുകില്‍ വല്ല കാര്യലാഭത്തിനു വേണ്ടിയുള്ള ഭാര്യമാരുടെ സോപ്പിടീല്‍ ആയിരിക്കും. അല്ലെങ്കില്‍ വല്ല സിനിമയിലും നോക്കിയാല്‍ മാത്രം കാണാമായിരിക്കും.
വിഷയം മാറ്റി തെരുവുകളിലെ കറക്കം നിര്‍ത്തി 'നല്ല പിള്ള' ആയതിനു നന്ദി.

ആളവന്‍താന്‍ പറഞ്ഞു...

ഇത് അല്‍പ്പം സുഖമുള്ള ഏര്‍പ്പാടാണ്. അല്ല പെണ്ണുങ്ങള്‍ ആണുങ്ങളെ പൊക്കി പറയുന്നതേയ്!! സാധാരണ എഴുത്തുകാരും കവികളും ഒക്കെ നായികയെ അല്ലെ വര്‍ണ്ണിക്കാറുള്ളൂ. ഇത് തിരിച്ചല്ലേ.ഇഷ്ട്ടപ്പെട്ടു. ഇതേ പോലെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ പാട്ട് ഉണ്ട്. സത്യത്തിലെ "നീ എന്‍ സുന്ദരന്‍.... എന്റെ മാത്രം സുന്ദരന്‍ ... ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍...."

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

kavitha assalayi kaderji... nalla prasa bhangiyum, arthapoornnavumaya varikal.... abhinandanangal..............

പട്ടേപ്പാടം റാംജി പറഞ്ഞു...

അല്ല..ഭാര്യ മാത്രമല്ലല്ലോ ഭര്‍ത്താവും ഉണ്ടല്ലോ അല്ലെ..
ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന വരികള്‍.
കവിത എനിക്കിഷ്ടപ്പെട്ടു.

അജ്ഞാതന്‍ പറഞ്ഞു...

നന്നായി എഴുതി എന്നു ഞാൻ പറയുന്നതിൽ അർഥമില്ല കാരണം കവിതയെ വസ്തു നിഷ്ഠമായി മാനസ്സിലാക്കുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്ന താങ്കളുടെ (ഒക്ടോബർ 10 മാധ്യമം ആയ്ചപ്പതിപ്പിൽ സി.എസ് ജയചന്ദ്രന്റെ ആസാമി പണിക്കാർ അന്നകവിതയേയും മാധവി മേനോന്റെ അങ്ങനത്തന്നെ എന്ന കവിതയേയും വളരെ നന്നായി വിശകലനം ചെയ്തു അഭിപ്രായം പറഞ്ഞത് കാണാനിടയായി) കവിതയെ വിലയിരുത്താൻ മാത്രമുള്ള അറിവ് ഈയുള്ളവൾക്കില്ല . എന്നാലും ഈ കവിത അതിലെ മനോഹരമായ ഈണം ഉൾക്കൊണ്ടെഴുതിയ വരികൾ എനിക്കു വളരെ ഇഷ്ട്ടമായി. സാഹിത്യ ഭംഗി നിറഞ്ഞ വാക്കുകളിലൂടെ തന്റെ ഭർത്താവിനെ വാഴ്ത്തി പാടിയത് വളരെ നന്നായി. നെല്ലും പതിരും തിരിയാത്ത മക്കള്‍ -ക്കല്ലലുമാപത്തുമില്ലാ ......എല്ലു മുറിയെപ്പണിയെടുത്തെന്നെയു - മുല്ലസിപ്പിക്കുന്ന കേമന്‍ - എന്നെ വല്ലകിയാക്കുന്ന നാഥന്‍ - എന്‍റെ പല്ലക്കിലേറുന്ന വീരന്‍ എത്ര ശരിയാ ഈ വരികൾ എന്നിട്ടും പെണ്ണുങ്ങളെന്താ ഇങ്ങനെ വാഴ്ത്തി വരികൾ എഴുതാത്തത് എന്ന് ചിന്തിച്ചു പോയി ... (ഞാനും ഒന്നു ശ്രമിച്ചു നോക്കട്ടെ .. ഇതിലും അധികം കാണും എനിക്കും പറയാൻ..) ജാസ്മിക്കുട്ടി പറഞ്ഞത് പോലെ ഇത് ഇരു കൈകളും നീട്ടി ഈ മഹിളാരത്നവും സ്വീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ... നല്ല പിള്ളയായി വന്ന് നല്ല വരികൾ സമ്മാനിച്ചതിനു.

MOIDEEN ANGADIMUGAR പറഞ്ഞു...

നെല്ലും പതിരും തിരിയാത്ത മക്കള്‍ -
ക്കല്ലലുമാപത്തുമില്ലാ ......
എല്ലു മുറിയെപ്പണിയെടുത്തെന്നെയു - മുല്ലസിപ്പിക്കുന്ന കേമന്‍ - എന്നെ
വല്ലകിയാക്കുന്ന നാഥന്‍ - എന്‍റെ
പല്ലക്കിലേറുന്ന വീരന്‍ .

കൊള്ളാം,അർത്ഥസമ്പുഷ്ടം.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഖാദര്‍ ഭായ് ക്ഷമിക്കണം. കവിതയ്ക്ക് അഭിപ്രായം പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.
എന്നാലും വായിച്ചു. ആശംസകള്‍ നേരുന്നു. ഒരു സ്മൈലിയും :)

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

കാദര്‍ഭായ്, കവിതയിലെ ആലങ്കാരികതയും ഈണവും ആസ്വദിച്ചു.

പിന്നെ അതിലെ പ്രമേയം... എന്റെ കാഴ്ചപ്പാടില്‍ ഭാര്യ ഭര്‍ത്താവിനെ "ദൈവത്തെപ്പോലെ" പുകഴ്ത്തുകയൊന്നും വേണ്ട! രണ്ടുപേര്‍ക്കും തുല്യ പ്രാധാന്യവും, അംഗീകാരവും, ഉത്തരവാദിത്വങ്ങളുടെ പങ്കുവയ്ക്കലും ആണ് എനിക്കിഷ്ടം.

mayflowers പറഞ്ഞു...

ഇത് ഖാദര്‍ക്കയെപ്പറ്റി ഭാര്യ രചിച്ചതാണോ?

Kalavallabhan പറഞ്ഞു...

"നീലാംബരത്തിലേക്കല്ലെന്റെ മിഴികള്‍
നീലാംബുജത്തിലുമല്ല .....
നീഹാര ബിന്ദുപോല്‍ ശ്വേതം പൊടിയുമാ -
നിര്‍മ്മലന്‍ പൂമാനിലല്ലോ -എന്‍റെ "
കലാ വല്ലഭൻ നിന്നിലല്ലോ....

ഇങ്ങനെ ഒരു തിരുത്തൽ വരുത്തിയിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു.

നല്ല ചൊല്ലാവുന്ന (പാടവുന്ന) കവിത.
പിള്ളയ്ക്ക് ആശംസകൾ

Unknown പറഞ്ഞു...

കവിത ചൊല്ലാന്‍ നല്ല രസമുണ്ട്. ഇതൊരു വിപരീത കവിത, അതികം കാണാത്തത്.
ആശംസകള്‍.

Jishad Cronic പറഞ്ഞു...

നല്ല കവിത...

നാട്ടുവഴി പറഞ്ഞു...

കവിത നന്നായിട്ടുണ്ട്‌...
കണ്ണിൽ സ്വപ്നമെഴുതിയ പാവം പെണ്ണ് കഥയെന്തറിഞ്ഞു......

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

പതീഭക്തയായ പത്നിയുടെ കാഴ്ചപ്പാടിൽ എഴുതിയ ഗീതം നന്നായിരിക്കുന്നു.

(വിയർപ്പ് എന്ന അർത്ഥമാണ് ഉദ്ദേശിച്ചതെങ്കിൽ ശ്വേതം എന്നല്ല സ്വേദം എന്നാണ് പ്രയോഗിക്കേണ്ടത്. ശ്വ്വേതം എന്ന വാക്കിന്റെ അർത്ഥം വെളുപ്പ് എന്നാണല്ലോ)

Abdulkader kodungallur പറഞ്ഞു...

പള്ളിക്കരയില്‍ ...താങ്കളുടെ മഹാമനസ്കതയെ മാനിക്കുന്നു . വലിയൊരു തെറ്റാണു താങ്കള്‍ തിരുത്തിയത് . നന്ദി ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും .
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി .

സ്വപ്നസഖി പറഞ്ഞു...

അപൂര്‍വ്വസുന്ദരമീ ചൊല്‍ക്കവിത !

Vayady പറഞ്ഞു...

നല്ല ഈണത്തില്‍ ചൊല്ലാവുന്ന മനോഹരകവിത. അഭിനന്ദങ്ങള്‍.
ഈ സമര്‍പ്പണം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു..:))

ഉമ്മുഫിദ പറഞ്ഞു...

നല്ല വരികള്‍ !

jyo.mds പറഞ്ഞു...

ബൂലോക തെരുവുകളിലെ കറക്കം നിറുത്തി നല്ല പിള്ളയായെന്ന വിവരം വായിച്ച് ചിരിച്ചു.നല്ല കവിത.

sulekha പറഞ്ഞു...

കവിതയുടെ ആശയം പുതുമയുള്ളതാണ് .പക്ഷെ പ്രാസ പ്രേമം അല്പം കൂടിയില്ലേ എന്നൊരു തോന്നല്‍ .ഞാനിവിടെ പുതിയ ആളാണേ.എനിക്ക് തോന്നിയത് പറഞ്ഞു .ആശംസകള്‍

TPShukooR പറഞ്ഞു...

നല്ല പാതി ഇപ്പോഴും നല്ല പാതി തന്നെ. കവിത ഭംഗിയായി അവതരിപ്പിച്ചു. ആദ്യ രണ്ടു വരികള്‍ നല്ല പ്രാസമൊപ്പിച്ച സാഹിത്യം.

Manoraj പറഞ്ഞു...

ഒത്തിരി നന്നായി കവിതകളും ലേഖനങ്ങളും വഴങ്ങുന്നുണ്ട്. ഇനിയും എഴുതുക.

ഭാര്യയുടെ അരികില്‍ നിന്നും ഇത്തരം നല്ല വാക്കുകള്‍ കേള്‍ക്കുക എന്നത് വളരെ നല്ല കാര്യമാണ്. ബ്ലോഗിലെ കമന്റ് പോലെ പിശുക്ക് പിടിച്ച കാര്യമാണതെന്ന് കല്യാണം കഴിഞ്ഞവര്‍ക്ക് അറിയാം. അല്ലേ മാഷേ:)

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ചെല്ലക്കിളിയായ മാരന്‍ എന്‍റെ -
നല്ലൊരു പാതിയാം ധീരന്‍ .
ഞാനിതിപ്പോഴാണു കണ്ടത്
കൊള്ളാം കേട്ടോ മാഷേ..
പക്ഷേ ഈ ചെല്ലക്കിളി എന്ന പദപ്രയോഗം ഒരു സ്ത്രീലിംഗമാണോന്ന് ഒരു സംശയമുണ്ടേ..ഒരു തോന്നലാണേ..ഒന്നു പരിശോധിക്കുക

Abdulkader kodungallur പറഞ്ഞു...

തികച്ചും സ്വാഭാവികമായ സംശയമാണ് താങ്കളുടെത്. പ്രേമം മൂക്കുമ്പോള്‍ അന്യോന്യമുള്ള ഈ പ്രയോഗത്തില്‍ ലിംഗ ഭേദമില്ലെന്ന് മാത്രമല്ല , അരുമയായ , വാത്സല്യ ഭാജനമായ പ്രേമഭാജനമായ എന്നൊക്കെയാണ് അര്‍ത്ഥം എന്ന് ഒരു മലയാളം വിദ്വാന്‍ വിവരിച്ചു തന്നു . ഇത്തരം പ്രായോഗികമായ സംശയങ്ങളും അറിവുകളുമാണ് നാം കൈമാറേണ്ടത് . വളരേ നന്ദി .