പേജുകള്‍‌

2010, ജൂൺ 23, ബുധനാഴ്‌ച

തീക്കനല്‍ തീരങ്ങളില്‍ മേയാന്‍ വിധിച്ചവര്‍

പ്രിയമുള്ളവരേ , നമുക്കെല്ലാവര്‍ക്കും ജീവിതാനുഭവങ്ങള്‍ ധാരാളമുണ്ടാകും .ചില അനുഭവങ്ങള്‍ എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ഉപബോധ മനസ്സിലങ്ങിനെ കിടക്കും . എന്റെ എളിയ ജീവിതത്തിലും ഒരു പാട് ജീവിതങ്ങളുടെ നല്ലതും അല്ലാത്തതുമായ അനുഭവങ്ങള്‍ തറഞ്ഞു കിടക്കുന്നു . അതില്‍ ഒരെണ്ണം ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം .
തിരക്കൊഴിഞ്ഞപ്പോള്‍ ഓഫീസ് ബോയ് വന്നു പറഞ്ഞു...
സര്‍, കുറച്ചു നേരമായി രണ്ടു സ്ത്രീകള്‍ കാണാന്‍ കാത്തിരിക്കുന്നു.
അവരെ അകത്തേക്കു വിളിക്കൂ...
പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ ചുരിദാറും കരഞ്ഞുകലങ്ങിയ കണ്ണുകളും വിഷാദം തളം കെട്ടിയ മുഖവുമായി ഒരുവള്‍.
വിലകുറഞ്ഞ പര്‍ദ്ദയും വളരെ വില കുറഞ്ഞ അത്തറും പൂശി നിര്‍വ്വികാരഭാവത്തില്‍ മറ്റൊരുവള്‍.
ക്യാബിനില്‍ കടന്നപാടെ ചുരിദാറുകാരി സാര്‍ എന്നു വിളിച്ചപ്പോഴേക്കും കരച്ചിലടക്കാന്‍ കഴിയാതെ തേങ്ങിത്തേങ്ങി കരഞ്ഞു.
ഞാനൊന്നമ്പരന്നു.
ആശ്വസിപ്പിക്കാന്‍ ശ്രമിച്ച പര്‍ദ്ദാധാരിണിയെ ഞാന്‍ സ്നേഹപൂര്‍വ്വം വിലക്കി.
സാരമില്ല കരഞ്ഞുതീരട്ടെ........ നിങ്ങളിരിക്കൂ.
രണ്ടുപേരും എനിക്കഭിമുഖമായിട്ടുള്ള കസേരകളില്‍ ഇരുന്നു.
കൂട്ടുകാരി തേങ്ങുന്നതിനിടയ്ക്ക് പര്‍ദ്ദയണിഞ്ഞവള്‍ സ്വയം പരിചയപ്പെടുത്തി.
സാര്‍ ഞാന്‍ ജമീല. ഇവള്‍ ജാനു. ഇവളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തണം അത്രയ്ക്കു ദയനീയമാണ്' ഇവളുടെ കാര്യം .
സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ജമീലയുടെകണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ മുറിഞ്ഞു.തൊണ്ടയിടറി.
സാര്‍ ഞങ്ങള്‍ പാവങ്ങളാണ് .കുടുംബത്തിലെ ദാരിദ്ര്യം സഹിക്കാനാവാതെ വീട്ടുജോലിക്കായി വന്നതാണ് .ഇവള്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ് . എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തണം. ജമിലയുടെ വാക്കുകള്‍ കരച്ചിലായി പുറത്തേക്കൊഴുകി .
ഞാന്‍ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. സാരമില്ല എന്താണെങ്കിലും പറയൂ. നമുക്ക് പരിഹാരമുണ്ടാക്കാം .
രണ്ടുപേരും കരഞ്ഞുകൊണ്ടിരുന്നാല്‍ പ്രശ്നങ്ങള്‍ ഞാനെങ്ങിനെ അറിയും .
വരണ്ടുണങ്ങിയ ചുണ്ടുകള്‍ നാക്കുകൊണ്ട് നനച്ച് വിളറിയ വട്ടമുഖത്ത് പടര്‍ന്ന കണ്ണീര്‍ചാലുകള്‍ കയ്യിലിരുന്ന കൈലേസുകൊണ്ട് തുടച്ച് ജമീല വീണ്ടും സംസാരിക്കുവാന്‍ തുടങ്ങി.
വലിയൊരു മഴപെയ്തു തോര്‍ന്നപോലെ ജാനുവിന്റെ മനസ്സ് ശാന്തമാകുവാന്‍ തുടങ്ങി. ഓഫീസ് ബോയ് കൊണ്ടുകൊടുത്ത വെള്ളവും ചായയും രണ്ടുപേരും ആര്‍ത്തിയോടെ കുടിച്ചു.
നീണ്ടൊരു നെടുവീര്‍പ്പിനു ശേഷം ഇടറിയ ശബ്ദത്തില്‍ ജമീല പറഞ്ഞു
സര്‍ ഞങ്ങളെ കൈവിടരുത്.
കണാരേട്ടനാണ്' ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞുവിട്ടത്. ഇവളിന്നലെ മരിക്കാന്‍ പോയതാണ്'.. ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ ........
മൂക്കിനു താഴെ നുനുനുനുത്ത കുഞ്ഞു രോമങ്ങളുള്ള വെളുത്ത് വിളറിയ ജമീല യുടെമുഖത്ത് വീണ്ടും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി.
ഞാന്‍ ജാനുവിനെ നോക്കി.
വെളുത്ത ശരീരവും നീണ്ട കഴുത്തും ചുരുണ്ട മുടിയും നാല്‍പ്പതില്‍ താഴെ പ്രായവും സാമാന്യ സൌന്ദര്യവുമുള്ള ജാനുവിന്റെ ഉള്ളിലെരിയുന്ന തീക്കനലിന്റെ ചൂടേറ്റ് മുഖം കരുവാളിച്ചിരിക്കുന്നു.അനുഭവിക്കുന്ന മാനസിക പീഢനങ്ങളുടെ വേദനകള്‍ മുഖത്ത് പ്രകടമായിരുന്നു.
പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഞാന്‍ എന്റെ അസിസ്റ്റന്റിനോടു പറഞ്ഞു ഇനിയുള്ള സന്ദര്‍ശകരെ നമുക്ക് ഉച്ചയ്ക്ക് ശേഷം കാണാം
. എന്റെ ഒഫീസ് സ്തിതിചെയ്യുന്ന സലാല ടൌണില്‍ നിന്നും അറുപതു കിലോമീറ്റര്‍ ദൂരത്തുള്ള മിര്‍ബാത്തില്‍ നിന്നാണ്' ജാനുവും ജമീലയും വരുന്നത്.
തിരക്കുകള്‍ മാറ്റിവെച്ച് ഞാനവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.
വിഷമിക്കേണ്ട ......
എന്താണ്' പ്രശ്നങ്ങള്‍.. എല്ലാം സത്യസന്ധമായി പറയൂ..നമുക്കു പരിഹാരമുണ്ടാക്കാം .
ചായയും വെള്ളവും അകത്തു ചെന്നതുകൊണ്ടായിരിക്കാം ജമീലയുടെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ വിടരുവാന്‍ തുടങ്ങി.
ആശ്വാസ വചനങ്ങള്‍ ആത്മാവില്‍ സ്പര്‍ശിച്ചതുകൊണ്ടാകാം മരുപ്പച്ച കണ്ട ഒട്ടകത്തെപ്പോലെ ജാനുവിന്റെ കണ്ണുകളില്‍പ്രകാശവും മുഖത്ത് വെള്ളിമേഘങ്ങളൂം പടരുന്നതുപോലെ തോന്നി.
സാര്‍ ജാനുവിന്' ലേബര്‍കാര്‍ഡും വിസയും പാസ്പോര്‍ട്ടുമില്ല.
ഇതു പറയാനായിരുന്നോ ഇത്രയും നേരം നിങ്ങളിരുന്നു കരഞ്ഞത്...?
അല്ല സാര്‍ ...ജാനുവിന്റെ ശരീരം മുഴുവന്‍.....ജമീല അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ശരീരം മുഴുവന്‍.....?
ഞാന്‍പിന്നെയും ജാനുവിനെ നോക്കി.
കരഞ്ഞു വിര്‍ത്ത മുഖം മേല്ലെയുയര്‍ത്തി ജാനു വളരെ ദയനീയമായി എന്നെ നോക്കി .ഏതു ശിലാ ഹൃദയവും അലിയുന്ന നോട്ടം .
തെല്ലൊരു മടിയോടെ പതഞ്ഞുയരുന്ന പരിഭ്രമത്തോടെ ഒരുള്‍ ഭയത്തോടെ കഴുത്തില്‍ നിന്നും ഷാളുമാറ്റി ചുരിദാറിന്റെ കുടുക്കുകളഴിച്ച് പാതിയും പുറത്തിട്ട മാറിടം എന്നെ കാണിച്ചു.
ഒന്നേ നോക്കിയുള്ളു........
വെളുത്ത ചീട്ടിലെ കറുത്ത ആഡ്യനും ക്ളാവറും പോലെ മാറിടവും കഴുത്തും നിറയെ സിഗരറ്റു വെച്ചു പൊള്ളിച്ച അടയാളങ്ങള്‍.
ആ കാഴ്ചയുടെ ഷോക്കില്‍ ഞാന്‍ തരിച്ചിരുന്നു പോയി.
ഇതെങ്ങിനെ സംഭവിച്ചു...ആരാണീ ക്രൂരത ചെയ്തത്...?
നമുക്കുടനെ പോലീസില്‍ പരാതി നല്‍കണം .
എന്നിലെ ധാര്‍മ്മിക രോഷമുണര്‍ന്നു.
വേണ്ട സാര്‍....ജാനുവിന്റെ ദയനീയ സ്വരം .
പോലീസുകാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. അയാള്‍ സ്ഥലം വിട്ടു. എന്റെ കയ്യിലാണെങ്കില്‍ രേഖകളുമില്ല. എനിക്കെങ്ങിനെയെങ്കിലും നാട്ടില്‍ പോയാല്‍ മതി. എന്നെ രക്ഷിക്കണം. സാറിനെ ദൈവം രക്ഷിക്കും.
എനിക്കു രോഷം അടക്കുവാന്‍ കഴിഞ്ഞില്ല.
അല്പം പരുഷമായിത്തന്നെ ഞാന്‍ പറഞ്ഞു എന്നെ ദൈവം രക്ഷിച്ചിട്ടുണ്ട്. ഈ ക്രൂരത ചെയ്തവന്‍ ആരായാലും അവനെ വെറുതെ വിടരുത്.
ജാനു വീണ്ടും വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.
ഞാന്‍ ജമീലയുടെ നേരേ തിരിഞ്ഞു.
സത്യം പറയൂ....ആരാണവന്‍..?
അവന്‍ നാട്ടിലേക്കു രക്ഷപ്പെട്ടു.
മറുപടി എനിക്കു ത്ര്"പ്തികരമായിരുന്നില്ല.
ഇവര്‍ എന്തൊക്കെയോ മറച്ചുപിടിച്ച് സംസാരിക്കുകയാണെന്ന് മനസ്സ് മന്ത്രിച്ചു.
സാരമില്ല. അവന്‍ നാട്ടിലേക്കു പോയാലും എമ്പസ്സി വഴി അവനെ നമുക്ക് നാട്ടില്‍ പിടിക്കാം. നിങ്ങളവന്റെ വിവരങ്ങള്‍ തന്നാല്‍ മതി. ഇതിനുള്ള ശിക്ഷ അവനനുഭവിക്കുകതന്നെ വേണം .
എന്റെ മുഖത്തു നോക്കാന്‍ ഭയമുള്ളതുപോലെ തല നിവര്‍ത്താതെ താഴോട്ടു നോക്കി ജാനു പറഞ്ഞു....
അയാള്‍ പാക്കിസ്ഥാനിയാണ്'.
ആനപ്പുറത്തിരുന്നവന്‍ കഴുതപ്പുറത്തായതു പോലെ, ഉയരത്തില്‍ പറക്കുന്ന ഫ്ലൈറ്റ് എയര്‍പോക്കറ്റില്‍ വീണതുപോലെ നിമിഷ നേരം കൊണ്ട് ഞാന്‍ കാറ്റുപോയ ബലൂണ്‍ പോലെയായി.
നാക്കിറങ്ങിപ്പോയി.....
മൌനം ഘനീഭവിച്ച നിമിഷങ്ങള്‍...
ശരി..നിങ്ങള്‍ എത്രയും വേഗം ഡോക്ടറെ കാണണം.
ഞാന്‍ അതിനുള്ള ഏര്‍പ്പാട് ചെയ്യാം.
ഡോക്ടറെ കണ്ടു....മേല്' പുരട്ടാനുള്ള മരുന്നും തന്നു.
ജമീലയാണ്' മറുപടി പറഞ്ഞത്.
ജാനുവിനെ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്ന് ഡോക്ടറും പറഞ്ഞു.
അവള്‍......
അവള്‍....ഗര്‍ഭിണിയാണ്'...ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. അവള്‍ക്കിവിടെ ആരുമില്ല. അഞ്ചു കൊല്ലമായി നാട്ടില്‍ പോയിട്ടില്ല. പാസ്പോര്‍ട്ടിന്റെ കോപ്പി മാത്രമേ കയ്യിലുള്ളു. എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തിയില്ലെങ്കില്‍ അവളിവിടെക്കിടന്നു മരിക്കും .
ഒറ്റ ശ്വാസത്തില്‍ ജമീല പറഞ്ഞു നിര്‍ത്തിയപ്പോള്‍ തളര്‍ന്നു പോയത് ഞാനായിരുന്നു.....
വിസയും ലേബര്‍കാര്‍ഡുമില്ലാത്തതിന്'പിഴയും തടവും . ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ വ്യഭിചാരക്കുറ്റം വേറെയും .
ഞാനാകെ ധര്‍മ്മ സങ്കടത്തിലായി . അഭയം തേടി വന്നവരെ അവരെത്ര മോശക്കാരായാലും കുറ്റപ്പെടുത്തി തിരിച്ചയക്കുന്നതല്ലല്ലോ ധര്‍മ്മം .തണല്‍ തേടി വരുന്നവരെ തീക്കനലെറിഞ്ഞു വീഴ്ത്തുന്നതല്ലല്ലോ മനുഷ്യത്വം . ജാനു ചെയ്തതൊക്കെ കുറ്റമാണ് . രേഖകളില്ലാതെ ഇത്രകാലം ഇവിടെ നിന്നതും വഴിവിട്ട ജീവിതം നയിച്ചതും അവിഹിത ഗര്‍ഭം ധരിച്ചതും എല്ലാം കുറ്റമാണ് . അതുകൊണ്ടല്ലേ അകത്തും പുറത്തും പൊള്ളല്‍ ഏറ്റത്. ആശ്വാസ വചനങ്ങള്‍ക്ക് പകരം കുറ്റപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഒരു പക്ഷേ ജീവിതംതന്നെ അവസാനിപ്പിക്കുന്നതിനെ ക്കുറിച്ച് വീണ്ടും ചിന്തിച്ചാലോ .....ചെയ്ത പ്രവൃത്തികള്‍ യോജിക്കാനോ അംഗീകരിക്കാനോ പറ്റാത്തതാണെങ്കിലും ഏതു സാഹചര്യത്തിലാണ് ഇങ്ങിനെയൊക്കെ സംഭവിച്ചതെന്നും അറിയില്ലല്ലോ . എന്തായാലും ജാനുവിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഈയവസ്ഥയില്‍ പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. ജാനുവിനെ ഇവിടെ വരുത്തിയ സ്പോണ്സര്‍ പോലീസിലോ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിലോ പരാതികൊടുത്തിട്ടുന്ടോ എന്നും അറിയില്ല. സൌന്ദര്യം ആസ്വദിക്കാനും ശരീരം പങ്കുവെക്കാനും മാംസത്തിനു വിലപേശാനും നല്ല സമയത്ത് ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തീക്കുണ്ടത്തില്‍ എരിയുമ്പോള്‍ അല്പമെങ്കിലും ആശ്വാസമാകുന്നത് കൂട്ടുകാരി ജമീല മാത്രം. മനോ രാജ്യത്തില്‍ മുഴുകി മൌനമായിരുന്ന എന്നെ സര്‍ വിളിയിലൂടെ ജാനു ഉണര്‍ത്തി .
സാറൊന്നും മിണ്ടാതിരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു.
സാരമില്ല ...സമാധാനമായിരിക്കൂ ...എല്ലാറ്റിനും ഒരു പോംവഴി കണ്ടെത്താം .
ജമീല എവിടെയാണ് ജോലി ചെയ്യുന്നത് ....?
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ചോദ്യം കേട്ട് ജമീല ഒന്ന് പരുങ്ങി .
ഞാന്‍ .......ഞാന്‍ ഒരറബിയുടെ ...
ജമീലയുടെ വിഷമവും പരിഭ്രമവും കണ്ടപ്പോള്‍ ഞാന്‍ ചോദ്യങ്ങളൊഴിവാക്കി
സാര്‍ ജാനുവിനെ കുറ്റപ്പെടുത്തരുത്‌. അവള്‍ ഒരു പാവമായത് കൊണ്ടാ ഇങ്ങിനെയൊക്കെ സംഭവിച്ചത് .
ഞാനൊന്നും പറഞ്ഞില്ലല്ലോ ...ഒന്നും ചോദിക്കുന്നുമില്ല.
നിങ്ങളെന്നോടു പറഞ്ഞതെല്ലാം സത്യമല്ലേ...
എല്ലാം സത്യമാണ് . പടച്ചോനാണെ സത്യോണ് സാര്‍
എങ്കില്‍ സമാധാനമായിരിക്കൂ .. ജമീല ജോലിക്ക് പോയ്‌ കൊള്ളൂ..ജാനു നാലഞ്ചു ദിവസം ഇവിടെ ഗവര്‍ന്മെന്റ് ആശുപത്രിയില്‍ വിശ്രമിക്കട്ടെ .അവിടെ സുരക്ഷിതമാണ് .
അടുത്ത സുഹൃത്ത് ഡോക്ടറുടെ സഹായത്താല്‍ ജാനുവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു .
രണ്ടുദിവസം കൊണ്ടു എമ്പസ്സിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വരുത്തി എമിഗ്രേഷന്‍ ഓഫീസറെയും ലേബര്‍ ഡയരക്ടറെയും നേരില്‍ കണ്ടു. ജാനുവിന്റെ ദയനീയാവസ്ഥ വളരെ ദയനിയമായ വിധത്തില്‍ അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവരുടെ നല്ല മനസ്സ് കൊണ്ട് പിഴയും തടവും ഒഴിവാക്കിത്തന്നു .തടസ്സങ്ങളെല്ലാം നീങ്ങി ജാനുവിനുള്ള യാത്രാ മാര്‍ഗ്ഗം തുറന്നു കിട്ടിയപ്പോള്‍ മനസ്സിലെരിഞ്ഞിരുന്ന നേരിപ്പോട് മലവെള്ളത്തില്‍ ഒലിച്ചുപോയ ആശ്വാസം . എല്ലാദിവസവും ഫോണില്‍ ജാനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്ന ജമീലയ്ക്ക് പെരുന്നാളിന്റെ സന്തോഷം .
എന്നെ നന്ദിവാക്കുകള്‍ കൊണ്ടു പൊതിഞ്ഞു .
പിന്നെ ജാനുവിന്റെ കണ്ണില്‍ നിന്നും വന്നതൊക്കെ സന്തോഷ കണ്ണീരായിരുന്നു.
ഞാനും ഭാര്യയും ജമീലയും ഡോക്ടറും ( പേര് വെളിപ്പെടുത്തരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.) കുടി ജാനുവിനെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കിയപ്പോള്‍ ജാനു സൃഷ്ടിച്ച രംഗം ഹൃദയസ്പര്‍ശിയായിരുന്നു. വിവരണാതീതമായിരുന്നു .
ഭാര്യയെ കെട്ടിപ്പിടിച്ചു കരഞ്ഞ ജാനുവിന്റെ വയറ്റില്‍ നിന്നും ഒരു തേങ്ങല്‍ ഞാന്‍ കേട്ടുവോ .....
അത് അറവു ശാലയിലെ കുഞ്ഞാടിന്റെ പിടച്ചില്‍ പോലെ തോന്നിയോ .... ....?
മനസ്സ് മന്ത്രിച്ചു .....മാ.....നിഷാദ
----------------------------------------------------------------------------------------
അടുത്തത് ജാനു പറഞ്ഞ കരളലിയിപ്പിക്കുന്ന കഥ.( ആശുപത്രി യില്‍ വെച്ച് എന്റെയും ഡോക്ടറുടെയും മുപില്‍ ജാനു ഹൃദയം മലര്‍ക്കെ തുറന്നു . പന്ത്രണ്ടാം വയസ്സില്‍ വിടരും മുമ്പേ ചാരിത്ര്യം തല്ലിക്കൊഴിച്ച കല്‍പണിക്കാരനില്‍ നിന്നു തുടങ്ങി യ ദുരിത പര്‍വങ്ങള്‍ പറയാവുന്നതും പാടില്ലാത്തതുമെല്ലാം)
പണിപ്പുരയില്‍:- രാഗേഷിന്റെ രണ്ടാം ജന്മം
റോസമ്മയുടെ കടും കൈകള്‍
_____________________________________________________

35 അഭിപ്രായങ്ങൾ:

Abdulkader kodungallur പറഞ്ഞു...

ഇതില്‍ എന്തെങ്കിലും ഗുണപാഠമുണ്ടോ എന്നെനിക്കറിയില്ല. നമുക്കു ചുറ്റുമുള്ള നമ്മുടെ സഹജീവികളുടെ വേദനകളും രോദനങ്ങളും തിരക്കിലും സന്തോഷത്തിന്നുമിടയില്‍ നാം അറിയാതെ പോകരുത്. ഒരു വാക്കോ ഒരു നോക്കോ ആര്‍ക്കെങ്കിലും ആശ്വാസമായെങ്കില്‍..........

പട്ടേപ്പാടം റാംജി പറഞ്ഞു...

മൃഗങ്ങളുടെ ചിന്തകള്‍ പോലുമില്ലാത്ത വൃത്തികെദ്ദവരുടെ നരനായാട്ടില്‍ സ്വന്തം ശരീരം പോലും സംരക്ഷിക്കാനാവാതെ പെട്ട് പോകുന്ന നിരവധി പാവങ്ങളുടെ കഥകള്‍ ഒരുപാട് ഉറങ്ങിക്കിടക്കുന്നു ഇവിടെ.
സിനിമയിലൊക്കെ കാണുന്നത് പോലെ നേരിട്ട് അനുഭവപ്പെടുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകക്കുമെങ്കിലും തന്നാലാവുന്നത് ചെയ്യാന്‍ കഴിയുന്നത് ഏറ്റവും വലിയ പ്രവൃത്തിയാണ്.
ഇത്തരം നിരവധി വ്യക്തികളെ സ്വന്തം രാജ്യത്ത്‌ എത്തിക്കുവാന്‍ മറ്റാരോടും സഹായം തേടാതെ പബ്ലിസിറ്റി ആവശ്യമില്ലാതെ ചെയ്യുന്ന ത്യാഗം വളരെ വലുതാണ്‌ കാടര്ഭായി.
കാദഭായി ഇത്തരം നിരവധി വ്യക്തികളെ നിര്‍ലോഭം സഹായിക്കുന്നു എന്നറിഞ്ഞതില്‍ മനസ്സില്‍ തട്ടിയ നന്ദി പറയട്ടെ.
ഇത്തരം നിരവധി സംഭവങ്ങള്‍ ഭായിക്ക് നേരിട്ട് അറിയാം എന്നത് കൊണ്ട് ഇനിയും ഇത്തരം സംഭവങ്ങള്‍ ഞങ്ങളോട് പറയും എന്ന് കരുതട്ടെ.

സഹായിക്കാനുള്ള മനസ്സിന് ആയിരമായിരം
അഭിനന്ദനങ്ങള്‍.

mannunnu പറഞ്ഞു...

വളരെ നല്ല എഴുത്ത്. എനിക്ക് നന്നായിഷ്ടപ്പെട്ടു. പറയേണ്ട കാര്യങ്ങള്‍ ലളിതമായി, സുന്ദരമായി അവതരിപ്പിച്ചിക്കുന്നു. നന്ദി, ഈ കഥ ,സോറി, സംഭവം പറഞ്ഞു തന്നതിന്..

ഒരു നുറുങ്ങ് പറഞ്ഞു...

പ്രിയ കാദര്‍ സാബ്,ആദ്യമായാണിവിടെ..
ശാന്താ ടീച്ചര്‍ വഴിയാണിവിടെത്തുന്നത് !
വളരെ ഉല്‍ക്കണ്ഠയോടെയാണ്‍ സംഭവവിവരണം
വായിച്ചത്,നോക്കെത്താ മരുഭൂമിയില്‍ ദിക്കറിയാതെ കുടുങ്ങിയ പോലെ !!

ഹെന്‍റമ്മോ,ഇതെന്തൊരു ക്രൂരത !! ഇങ്ങിനെയും
ചില ഭീകരാനുഭവങ്ങള്‍..അതും അബലകളോട് !
പരമപാവങ്ങളായ ‘ജാനു’മാര്‍ തന്നെ ഇരകള്‍...
അറിഞ്ഞൊ,അറിയാതെയോ വലയിലാകുന്നത്
എല്ലായ്പോഴുമെവിടേയും ഇത്തരക്കാര്‍ തന്നെ !
നിയമക്കുരുക്കിലകപ്പെട്ട് മഹാദുരിതം പേറേണ്ടി
വരുന്നതും ഇത്തരക്കാര്‍ തന്നെ..ഇവരെ ഇത്തരം
ദുര്‍വൃത്തികള്‍ക്കും,ചൂഷണത്തിനും പീഢനങ്ങള്‍ക്കും
വ്ധേയരാക്കുന്നവര്‍ സൂക്ഷ്മം തടി സലാമത്താക്കും!
ഈ കഷ്മലന്മാര്‍ ,അടുത്ത ഇരയെ കുടുക്കാനായി
വലയുമായി കാത്തിരിക്കും പിന്നെയും !!

ഈ രംഗത്ത് ,വിശിഷ്യാ എംബസീ തലത്തില്‍
പരിഹാര നിര്‍ദേശങ്ങളുമായി കാദര്‍ഭായിയെ
പോലുള്ളവര്‍ക്ക് സേവനപ്രവര്‍ത്തനങ്ങള്‍
അര്‍പ്പിക്കുവാനുള്ള സന്മനസ്സ് വര്‍ദ്ധിതമാവട്ടെ
എന്ന് പ്രാര്‍ത്ഥിക്കുന്നു !

മൈലാഞ്ചി പറഞ്ഞു...

ഇത്തരം ജീവിതങ്ങളെക്കുറിച്ചറിയുമ്പോഴാണ് ഞാനൊക്കെ എത്ര സുന്ദരമായിട്ടാണ് ജീവിക്കുന്നത് എന്ന് അറിയുന്നത്..

നന്നായിത്തന്നെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു..

ആശംസകള്‍..

ശ്രീ പറഞ്ഞു...

മൈലാഞ്ചി ചേച്ചി പറഞ്ഞതു പോലെ ഇത്തരം അനുഭവങ്ങളൊക്കെ വായിച്ചറിയുമ്പോഴാണ് എന്തു മാത്രം കഷ്ടപ്പെടുന്നവര്‍ എത്രയോ പേര്‍ ഈ ലോകത്ത് ജീവിയ്ക്കുന്നു എന്നറിയുന്നത്.

കൂതറHashimܓ പറഞ്ഞു...

ദുരിത ജീവിതങ്ങള്‍ കാണുമ്പോ സങ്കടം വരുന്നു
കൂടെ ദൈവത്തിന്‍ സ്തുതിയും, എന്നെ വലിയ ദുരിതങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്നതില്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ജാനുവിനെ രക്ഷിച്ച
ഖാദേര്‍ ഭായി ...ഒരായിരം
അഭിനനന്ദനങ്ങള്‍ ..ഏറ്റുവാങ്ങു ..
പാവം അബലകള്‍ അന്യ നാട്ടില്‍
ജീവിക്കാന്‍ വേണ്ടി പോകുന്നു ..അവിടെ
വെച്ചോ ?ഇവിടെ വെച്ചോ ആദ്യം മാനത്തിന്റെ
വില കിട്ടിയത് ?

Abdulkader kodungallur പറഞ്ഞു...

ഡിയര്‍ റാംജി എന്റെ പോസ്റ്റിനെക്കാള്‍ ഭംഗിയായി താങ്കള്‍ അഭിപ്രായം എഴുതി. അഭിനന്ദനങ്ങള്‍ക്കു നന്ദി.
പ്രോല്‍സാഹനങ്ങള്‍ക്കും .
ഡിയര്‍ കെട്ടുങ്ങല്‍ അഭിപ്രായത്തിനു നന്ദി. കഥയല്ല. ജീവിതം തന്നെയാണ്'.
ഡിയര്‍ നുറുങ്ങ്' പ്രവര്‍ത്തിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും എല്ലാവര്‍ക്കും വെളീച്ചമാകുന്ന നുറുങ്ങിന്റെ ഇത്തിരിവെട്ടം എന്റെ ബ്ലോഗിലും .സന്തോഷമായി.
ഡിയര്‍ മൈലാഞ്ചി..അഭിപ്രായത്തിന്'മൈലാഞ്ചിയുടെ ചുമപ്പും ഭംഗിയും . വളരെ നന്ദി.
ഡിയര്‍ ശ്രീ...ഉള്‍ക്കണ്ണ്'തുറന്ന്" ചുറ്റിലും നോക്കുമ്പോള്‍ കാണുന്നതധികവും വേദനാജനകം. നന്ദി അഭിപ്രായത്തിന്'.
ഡിയര്‍ ഹാഷിം ..ക്ഷമിക്കണം കൂതറ എന്നു വിളിക്കാന്‍ മനസ്സനുവദിക്കുന്നില്ല. ദുരിത ജീവിതം കാണുമ്പോള്‍ സങ്കടപ്പെടുന്നത്'ആര്‍ദ്രമായൊരു മനസ്സും മനസ്സിന്‍ നഭസ്സില്‍ നന്മയുമുള്ളതുകൊണ്ടാണ്'.അവര്‍ അനുഗ്രഹീതരാണ്'. നന്ദി.
ഡിയര്‍ കുസുമം ആര്‍ പുന്നപ്ര....അഭിനന്ദനങ്ങള്‍ ഹ്ര്'ദയപൂര്‍വം ഏറ്റുവാങ്ങിയിരിക്കുന്നു.
ജാനുവിന്റെ മാനത്തിന്' പന്ത്രണ്ടാമത്തെ വയസ്സില്‍ ഒരു കല്‍പ്പണിക്കാരന്‍ ക്രൂരമായി വിലയിട്ടു.
(ജാനു പറഞ്ഞത്)
അഭിപ്രായത്തിനു നന്ദി.

എറക്കാടൻ / Erakkadan പറഞ്ഞു...

നല്ല ഈ മനസ്സിന് നല്ലത് വരട്ടെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഒരു നിമിഷത്തിന്റെ അപക്വമായ പ്രവൃത്തി ജീവിതം മുഴുവന്‍ കണ്ണീരു കുടിക്കാന്‍ ഇടവരുത്തും എന്ന് അധികമാരും തിരിച്ചറിയുന്നില്ല

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ഒരു നെടുവീര്‍പ്പാണ് ആദ്യം എന്റെ പ്രതികരണം ...നിങ്ങളുടെ നല്ല മനസ്സ് എല്ലാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എത്ര ജീവിതങ്ങള്‍ പാതി വഴിക്കേ പോലിയില്ലായിരുന്നു....നിങ്ങള്‍ പറഞ്ഞതാണ് ശരി " നമുക്കു ചുറ്റുമുള്ള നമ്മുടെ സഹജീവികളുടെ വേദനകളും രോദനങ്ങളും തിരക്കിലും സന്തോഷത്തിന്നുമിടയില്‍ നാം അറിയാതെ പോകരുത്. ഒരു വാക്കോ ഒരു നോക്കോ ആര്‍ക്കെങ്കിലും ആശ്വാസമായെങ്കില്‍........"

Anees Hassan പറഞ്ഞു...

പ്രതികരിക്കാന്‍ എന്തിരിക്കുന്നു കൊടുങ്ങലൂര്‍ജി .....അങ്ങ് ഇത്രയും ചെയ്യുമ്പോള്‍ വായിച്ചു ആ അനുഭവങ്ങളെ കടല് കാണുന്നത് പോലെ കാണുകയല്ലാതെ ............

siya പറഞ്ഞു...

എന്‍റെ ബ്ലോഗില്‍ കമന്റ്‌ കണ്ടിട്ടും ഉണ്ട് .ഇപ്പോള്‍ ഇത് വായിച്ചു .വളരെ ലളിതമായ ഭാഷയില്‍ ഇത് അവതരിപ്പിച്ചു എന്ന് പറയുന്നു .ഇനിയും ഇത് വഴി വരാം എല്ലാ വിധ ആശംസകളും ..........

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

കാദര്‍ ഭായീ, ഒരുപാടു അഭിമാനം തോന്നുന്നു താങ്കളെക്കുറിച്ച്.
വാക്കിനെക്കള്‍ പ്രവൃത്തിയാണ് വലുതെന്നു താങ്കള്‍ കാണിച്ചു തന്നു. ഇനിയും മരിക്കാത്ത നന്മയുടെ പ്രതീകമാണ് താങ്കള്‍
വളരെ സത്യസന്ധമായ വിവരണം. ശരിക്കും പിടിച്ചിരുത്തി.

Abdulkader kodungallur പറഞ്ഞു...

ഡിയര്‍ എറക്കാടന്‍...താങ്കളുടെ കുഞ്ഞുവരിയിലെ വലിയ പ്രാര്‍ത്ഥന നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ സഫലീക്രിതമാകട്ടെ.പ്രാര്‍ത്ഥനയ്ക്ക് നന്ദി .
ഡിയര്‍ ഇസ്മയില്‍ ...താങ്കള്‍ പറഞ്ഞതുപോലെ ജീവിത കാലം മുഴുവന്‍ കണ്ണീരു കുടിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നമുക്ക് സമയമില്ല നാം തിരക്കിലാണ് .അഭിപ്രായത്തിനു നന്ദി.
ഡിയര്‍ ആദില ....ആ നെടുവീര്‍പ്പില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ആദിലയുടെ മനസ്സിന്റെ ആര്‍ദ്രതയും. അഭിപ്രായത്തിനു നന്ദി.
ഡിയര്‍ ആയിരത്തോന്നാം രാവ് ...ആയിരം രാവുകള്‍ പിന്നിട്ടു പിന്നെയും അതിന്‍റെ മുകളില്‍ കയറിയിരിക്കുന്ന പ്രിയ മാഷേ .....ഒരു പക്ഷേ അങ്ങേയ്ക്ക് പറയുവാനുള്ളത് ഇതിലും വലുതാനെങ്കിലോ...? വളരെ നന്ദി .
ഡിയര്‍ സിയാ ...ആശംസകള്‍ നന്ദി പുര്‍വ്വം സ്വീകരിച്ചിരിക്കുന്നു. വരിക വല്ലപ്പോഴും .
ഡിയര്‍ വഷളന്‍ ....( ? ) സല്‍പ്രവര്‍ത്തികള്‍ക്ക് കുടുതല്‍ ഉര്‍ജ്ജം തരുന്ന ശ്രവണ സുന്ദരവും മാനസീകോദ്ദീപകവുമായ അഭിപ്രായം തേനില്‍ ചാലിച്ച് വൈദഗ്ധ്യം നേടിയ വൈദ്യരെപ്പോലെ താങ്കള്‍ എനിക്കു തന്നു . ഹൃദയ പുര്‍വ്വം സ്വീകരിച്ചിരിക്കുന്നു . നന്ദി.

Umesh Pilicode പറഞ്ഞു...

:-)

poor-me/പാവം-ഞാന്‍ പറഞ്ഞു...

വീട്ടു വേലക്ക് ഇന്ന് ഗള്‍ഫില്‍ ഒരു സ്ത്രീയും ഗള്‍ഫില്‍ പോകെണ്ടതില്ല.ആത്മാര്‍ഥമായി സേവനം ചെയ്താല്‍ ആളുകള്‍ നല്ല ശമ്പളം ന്‍ല്‍കി സുരക്ഷയോടെ സ്വന്തം ഗ്രാമത്തില്‍ തന്നെ തൊഴില്‍ നല്‍കാന്‍ തയ്യാറാണ്.ഓരൊരുത്തരേയും രക്ഷിക്കേണ്ടത് അവ്രു തന്നെയാണ്...ഈ സംഭവത്തില്‍ അവര്‍ പാക്കിസ്താന്‍ കാരന്‍ ഇട്ട് പോയാല്‍ എന്ന് ചിന്തിച്ചിരുന്നോ? അബ്ദുല്‍ജി നല്ലത് ചെയ്യുമ്പോള്‍ താങ്കളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടേ!!!!

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

ആ നല്ല മനസ്സിനു നന്ദി...ആശംസകൾ...

ആളവന്‍താന്‍ പറഞ്ഞു...

താങ്കളുടെ ഈ നല്ല മനസ്സിന് എല്ലാ നന്മകളും ഉണ്ടാവട്ടെ.

നാട്ടുവഴി പറഞ്ഞു...

വായിച്ചു, എനിക്ക് അത്ഭുതമോന്നും തോന്നിയില്ല താങ്കള്‍ അങ്ങിനെയാണെന്ന് എനിക്ക് നന്നായി അറിയാം

Abdulkader kodungallur പറഞ്ഞു...

ഉമേഷ്‌ പിലിക്കൊട്
വന്നതിനു നന്ദി. ഒന്നും മിണ്ടിയില്ലല്ലൊ
poor-me/പാവം-ഞാന്‍
എന്തു ചെയ്യാം സുഹ്ര്'ത്തെ.കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷനേടാന്‍ അക്കരെപ്പച്ച തേടി ഇയ്യലുകളെപ്പോലെ കരിഞ്ഞുപോകുന്ന എത്രയോ ജന്മങ്ങള്‍ ....നന്ദി.
Gopakumar V S (ഗോപന്‍ )
താങ്കളുടെ ആശംസകള്‍ ഹ്ര്"ദയപൂര്‍വം സ്വീകരിച്ചിരിക്കുന്നു.
നാട്ടുവഴി
താങ്കളൊട് ഞാന്‍ എന്താപറയ്യാ...ഒന്നുമില്ല.

Jishad Cronic പറഞ്ഞു...

സങ്കടം വരുന്നു.

അലി പറഞ്ഞു...

ഖാദർക്കാ...
ഇത് വായിച്ചിരുന്നെങ്കിലും അന്ന് അഭിപ്രായമെഴുതാതെ എന്തോ തിരക്കിൽ പെട്ട് വഴിമാറിപ്പോയി. ഈ പോസ്റ്റിനെയോ എഴുത്തിന്റെ ലാളിത്യത്തെയോ അഭിനന്ദിക്കുന്നതിനപ്പുറം ആ നല്ല മനസ്സിന്റെ നന്മയ്ക്കു മുമ്പിൽ സലാം പറയാൻ ഞാനിഷ്ടപ്പെടുന്നു. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ!

എന്‍.ബി.സുരേഷ് പറഞ്ഞു...

തിന്നാൻ വേണ്ടിയല്ലാതെ കൊല്ലുകയും ആനന്ദിക്കാൻ വേണ്ടി മാത്രം മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവിയെ ഭൂമുഖത്തുള്ളൂ. അത് മനുഷ്യനാണ്.
ഉള്ളും പുറവും പൊള്ളി മുന്നിൽ ഒരാൾ നിലവിളിക്കുമ്പോൾ അത് കാണാതെ പിന്നെയും സാഡിസം കാണിക്കുന്നവനെ മൃഗം എന്നു വിളിച്ചാൽ മൃഗങ്ങൾ മാനനഷ്ടത്തിന് കേസുകൊടുക്കും. എല്ലാം ഇരുളിൽ ആണ്ടുപോയിട്ടില്ല എന്നാണല്ലോ താങ്കളുടെ സന്മനസ്സ് സൂചിപ്പിക്കുന്നത്.
എഴുത്തും കാരുണ്യവൂം നന്നായി.

pournami പറഞ്ഞു...

VERY TOUCHING..
enthyalum sahayikkan pattiyallo...boolokathil baryamarude cheating story nadakkumbol ithupoloru kadha manushyane manushyanayi thnk cheyan sahayikkate

sm sadique പറഞ്ഞു...

ഇതിൽ ഗുണപാടമുണ്ട്.
കഷ്ട്ടതയിൽ അകപ്പെട്ട സഹജീവികൾക്ക് കഴിയും വിധം സഹായങ്ങൾ ചെയ്യുക എന്നുള്ള ഗുണപാടം.
വളരെ നല്ല പ്രവർത്തി.
പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ………..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

താങ്കളൊരു നല്ലമനസ്സുകാരൻ തന്നെ,ഒപ്പം ഹൃദയസ്പര്‍ശിയായ എഴുത്തും കേട്ടൊ

MT Manaf പറഞ്ഞു...

"അഭയം തേടി വന്നവരെ അവരെത്ര മോശക്കാരായാലും കുറ്റപ്പെടുത്തി തിരിച്ചയക്കുന്നതല്ലല്ലോ ധര്‍മ്മം"

Touching experience, Abdulkader sab

K@nn(())raan*خلي ولي പറഞ്ഞു...

ദ്രോഹികള്‍ കല്ലിവല്ലി!
നന്മ വിജയിക്കും. ഭായിക്ക് നല്ലത് വരട്ടെ.

Abdulkader kodungallur പറഞ്ഞു...

Jishad Cronic™
ജിഷാദിനെ കരയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
അലി
താങ്കളുടെ പ്രാര്‍ത്ഥന യുടെ ഫലം നമുക്കെല്ലാര്‍ക്കും ലഭിക്കുമാറാകട്ടെ.
എന്‍.ബി.സുരേഷ്
താങ്കളുടെ പ്രാര്‍ത്ഥനയ്ക്കും ഹ്ര്'ദയസ്പ്ര്'ക്കായ അഭിപ്രായത്തിനും നന്ദി.എല്ലാവര്‍ക്കും നല്ലതു വരട്ടെ.
pournami
താങ്കളുടെ അഭിപ്രായത്തില്‍ നന്മയുണ്ട്. നന്ദി.

sm sadique
ണപാഠമുണ്ട് എന്നുതാങ്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ക്ര്'താര്‍ത്ഥനായി. താങ്കളുടെ പ്രാര്‍ത്ഥന നമുക്കെല്ലാര്‍ക്കും ഗുണകരമാവട്ടെ. നന്ദി
ഒഴാക്കന്‍.
വന്നു നോക്കി പോയി ഒന്നും പറഞ്ഞില്ലല്ലോ
ബിലാത്തിപട്ടണം / BILATTHIPATTANAM.
താങ്കള്‍ വെറുതെ അഭിപ്രായം പറയുന്ന ആളല്ല. അതുകൊണ്ടു തന്നെ അഭിപ്രായത്തിന്നു വിലയുമുണ്ട് . നന്ദി.
MT Manaf
വളരെ നന്ദി പ്രിയ മനാഫ് .
കണ്ണൂരാന്‍ / Kannooraan
ചിലപ്പോള്‍ തോന്നും എല്ലാം കല്ലി വല്ലി യായിക്കാണുന്ന താങ്കളുടെ നിലപാട് എത്ര ശരിയെന്ന്. നന്മ വിജയിക്കട്ടെ.നമുക്കെല്ലാവര്‍ക്കും നല്ലതു വരട്ടെ.

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ ‍.എന്റെ (മര)ഹൃദയം എന്ന പോസ്റ്റിനു താങ്കള്‍ ഇട്ട കമന്റില്‍ കൂടെയാണ് ഇവിടെ വന്നത്. യദൃശ്ചികമായി എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ട ആ വേദന ഇവിടെയും കണ്ടു.നിസ്സഹായത.

“ഭാര്യയെ കെട്ടിപ്പിടിച്ചു കരഞ്ഞ ജാനുവിന്റെ വയറ്റില്‍ നിന്നും ഒരു തേങ്ങല്‍ ഞാന്‍ കേട്ടുവോ“.കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

റഷീദ് കോട്ടപ്പാടം പറഞ്ഞു...

കടല്‍ കടന്നു വരുന്നവര്‍ സ്വപ്നം കാണുന്നത് മണല്‍ കൊട്ടാരങ്ങളെ കുറിച്ചവാന്‍ വഴിയില്ല. ഒരിക്കലും തകരാത്ത സൌധങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ യാത്രക്കൊടുവില്‍ അവര്‍ തിരിച്ചറിയുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന്.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ആദ്യമായി താങ്കളുടെ ഹ്ര്‌ദയാലുത്വത്തിനു നന്ദിയും നമസ്കാരവും. ജാനുവിന്റെ കഥയുടെ ഫ്ലഷ് ബാക്ക് പിന്നാലെ ഉണ്ടെന്നെഴുതിയിട്ട് പോസ്റ്റ് ചെയ്തുകണ്ടില്ലല്ലൊ..പ്രതീക്ഷിക്കുന്നു.