പേജുകള്‍‌

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഡയറിക്കുറിപ്പിലെ കണ്ണീര്‍ ചാലുകള്‍ ..........പാര്‍ട്ട് -2



ജയിലില്‍ റോസമ്മ ഹൃദയം തുറന്നപ്പോള്‍ ..........
മുഖത്ത് നോക്കിയും ഇടയ്ക്ക് തറയില്‍ നോക്കിയും നീണ്ട നെടുവീര്‍പ്പുകളുടെ അകമ്പടിയോടെ വിദൂരതയില്‍ നോക്കിയും റോസമ്മ സംഭവിച്ച കാര്യങ്ങള്‍ ഒന്നൊന്നായി പറയുകയായിരുന്നു.
 പുല്‍നാമ്പില്‍ നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ പോലെ ഇടയ്ക്കിടെ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍തുള്ളികള്‍ മാറോടടുക്കിപ്പിടിച്ച ബൈബിളിന്റെ  ചട്ടയില്‍ വീണ്' ചിതറിത്തെറിച്ചുകൊണ്ടിരുന്നു. 
എല്ലാം എന്‍റെ ദുര്‍വ്വിധിയാണു സാര്‍ ...
എന്റെ  തൊലി വെളുപ്പാണ്'എനിക്കു ശാപമായത്.    
പതിനഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയതാണ്'എന്‍റെ ദുരിതം .
ദുരിതങ്ങളില്‍ നിന്നും കരകയറുവാനും മക്കളെ വളര്‍ത്തുവാനുമായിരുന്നു  പലരുടെയും കയ്യും കാലും പിടിച്ച് കുവൈറ്റില്‍ പോയത്. ചെന്നു വീണത് തിളച്ചുമറിയുന്ന വറചട്ടിയിലായിരുന്നു. ഒരു കൊല്ലത്തെ നരകയാതനകള്‍ക്കു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി. ഇനി ഗള്‍ഫിലേക്കില്ലെന്ന് തീരുമാനിച്ച് നാട്ടില്‍ തന്നെ എന്തെങ്കിലും ജോലിയന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്'
സലാലയില്‍ ഒരു വേക്കന്‍സിയുണ്ടെന്നു പറഞ്ഞ് ഒരാളെന്നെ സമീപിച്ചത്.
 ആദ്യം നിരസിച്ചെങ്കിലും നല്ല വീട്ടുകാരാണ്' അധികം ജോലിയില്ല എന്നൊക്കെപ്പറഞ്ഞപ്പോള്‍ മക്കളുടെ ഭാവിയോര്‍ത്ത് വീണ്ടും ഒരു ഭാഗ്യ പരീക്ഷണത്തിനു തയാറാവുകയായിരുന്നു. 
അങ്ങിനെയാണ്' സലാലയിലെത്തിയത്.
ആദ്യത്തെ രണ്ടുമാസങ്ങള്‍ കടന്നു പോയത് വളരെ സന്തോഷത്തിലും സമാധാനത്തിലുമായിരുന്നു. ഞാന്‍ കരുതി എന്റെ  പ്രാത്ഥന കര്‍ത്താവു കേട്ടു. ജീവിതം ദുരിതങ്ങളില്‍ നിന്നും കരകയറി പച്ചപിടിക്കുവാന്‍ പോവുകയാണെന്ന്'. നല്ല വീട്ടുകാര്‍ . നല്ല സ്നേഹമുള്ള കുട്ടികള്‍ . വീട്ടമ്മ സ്കൂള്‍ ടീച്ചര്‍ . കുടുംബനാഥന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ . എല്ലാവരും നല്ല പെരുമാറ്റം .ശാസനയില്ല, ശകാരങ്ങളില്ല, തികഞ്ഞ സ്വാതന്ത്ര്യം . ഭക്ഷണമൊക്കെ നമ്മുടെ ആവശ്യത്തിന്' ഉണ്ടാക്കിക്കഴിക്കാം . ആഴ്ചയില്‍ ഒരിക്കല്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യാം . പക്ഷെ ആകെ ഒരു നിബന്ധനയുണ്ടായിരുന്നത് വീടു വിട്ട് പുറത്തുപോകരുതെന്നു മാത്രം . 
വീട്ടുകാര്‍ ജോലിക്കും കുട്ടികള്‍ സ്കൂളിലേക്കും പോകുമ്പോള്‍ രണ്ടുവയസ്സുള്ള ഇളയ കുട്ടിയെ പരിചരിച്ചും വീട്ടു വേലകള്‍ ചെയ്തും വളരെ സന്തോഷത്തിലുള്ള ജീവിതമായിരുന്നു.
ജോലിക്കു കയറി ഒരുമാസത്തിനു മുമ്പുതന്നെ ടീച്ചറായ വീട്ടമ്മ കുട്ടികള്‍ക്കയച്ചുകൊടുക്കു... ഇതു നിന്‍റെ  ശമ്പളമല്ല എന്നു പറഞ്ഞ് ഒരു സംഖ്യ എന്റെ  കയ്യില്‍ വെച്ചു തന്നപ്പോള്‍ ഞാന്‍ അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുപോയി. എന്‍റെ തലയില്‍ കൈവെച്ച് അവരെന്നെ ആശ്വസിപ്പിച്ചു. മക്കള്‍ക്ക് പൈസ അയച്ചുകൊടുത്ത അന്ന് കരഞ്ഞുകൊണ്ടാണ്' ഞാന്‍ പ്രാര്‍ത്ഥിച്ചത്.
 എന്‍റെ പൊള്ളുന്ന ജീവിതത്തില്‍ തണല്‍ വിരിച്ചു തന്ന കര്‍ത്താവിനോട് കണ്ണു നീരോടെയാണ്' ഞാന്‍ നന്ദി പറഞ്ഞത്.
പേരിന്നു മാത്രം ഭര്‍ത്താവായി വന്ന് കുറേ കഷ്ടതകളും , രണ്ടുമക്കളെയും തന്നിട്ട് നിര്‍ദ്ദയം ഉപേക്ഷിച്ചുപോയ മനുഷ്യനില്‍ നിന്നും പലവിധ പരീക്ഷണങ്ങളില്‍ നിന്നും എനിക്കും മക്കള്‍ക്കും ആശ്വാസവും അഭയവും തന്നു. വീണ്ടും എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു.
ബൈബിളി ന്‍റെ  ചട്ടയില്‍ വീണ്ടും കണ്ണീര്‍ തുള്ളികള്‍.
തുടര്‍ന്ന് അണക്കെട്ടു പൊട്ടുന്നതുപോലെ ഒറ്റക്കരച്ചിലായിരുന്നു.
ശാന്തമായി മഴപെയ്തുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടാവുന്ന ഇടിയും മിന്നലും പോലെ ....
സാര്‍ ..ഞാന്‍ ആ വീട്ടില്‍ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല ..അതിനെനിക്കു കഴിയില്ല....ഞാന്‍ ഒളിച്ചോടിയതല്ല പേടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതാണു സാര്‍ ....
ഇത്തരം നിരവധി രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി  വന്നിട്ടുള്ള വനിതാ കോണ്‍സ്റ്റബിള്‍ ഒന്നും മനസ്സിലാകാതെ എന്‍റെ മുഖത്തേക്ക് നോക്കി. സഹോദരിമാരും അവരുടെ പെണ്‍മക്കളും ഒക്കെയുള്ള ഒരു കുടുംബത്തിന്‍റെ  നാഥന്‍ എന്ന നിലയില്‍ എന്‍റെ ഹൃദയത്തിലും മിന്നലേറ്റപോലെ ......ഒന്നാശ്വസിപ്പിക്കുവാന്‍ പോലുമാകാതെ ഞാനിരുന്നു. സാരമില്ല ....കരയണ്ട ...റോസമ്മ പറഞ്ഞോളൂ...
എന്‍റെ മക്കളാണെ സത്യം സാര്‍ ...ഞാന്‍ മന:പ്പൂര്‍വ്വം ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കു പറ്റിപ്പോയി . അതു വലിയൊരബദ്ധമായിരുന്നു. വളരെ സന്തോഷത്തില്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്' തങ്കം പോലെ മനസ്സുള്ള അറബിയും ഭാര്യയും എന്നെ കരുതിയിരുന്നത്. ആയിടയ്ക്കാണ്'വിദേശത്തെങ്ങോ ചികില്‍സയ്ക്കു പോയിരുന്ന എന്‍റെ അറബിയുടെ അപ്പന്‍ (ബാബ) അവിടെയെത്തുന്നത്.
 എല്ലാവരും സന്തോഷത്തോടെ, ഉല്‍സവത്തിമിര്‍പ്പില്‍ ചിലവഴിച്ച ആ നിമിഷങ്ങളില്‍ അദ്ദേഹം മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും സമ്മാനങ്ങള്‍ പങ്കുവെച്ചകൂട്ടത്തില്‍ എനിക്കും തന്നു നല്ല മണമുള്ള ഒരു കുപ്പി അത്തര്‍ . ഞാന്‍ അതുവാങ്ങി സന്തോഷത്തോടെ ബാബയെ വണങ്ങിയപ്പോള്‍ അപകടം മണക്കാന്‍ എനിക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ  സ്നേഹപ്രകടനങ്ങളായിരുന്നു മനസ്സു നിറയെ.
 വീടിനോട് ചേര്‍ന്ന ഫാം ഹൌസില്‍ തനിച്ചു താമസിച്ചിരുന്ന അദ്ദേഹത്തോട് എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. നാലും അഞ്ചും ഭാര്യമാരെ സംരക്ഷിക്കുന്ന അറബികളുടെയിടയില്‍ ഭാര്യ മരിച്ചതിനു ശേഷം വിവാഹം കഴിക്കാതെ  ഏകനായി എല്ലാവരേയും സ്നേഹിച്ചു ജീവിക്കുന്ന ബാബയെപ്പറ്റി മരുമകളായ ടീച്ചറും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമകളായ മറിയമും എന്നോട് ബഹുമാനപൂര്‍വ്വം പറഞ്ഞിരുന്നു. അവരുടെ വാക്കുകളില്‍ ബാബയെന്നാല്‍ ദൈവതുല്യനായിരുന്നു. ആ ബഹുമാനം തന്നെ ഞാനും എന്‍റെ മനസ്സില്‍ സൂക്ഷിച്ചു. ഒരുദിവസം അപ്രതീക്ഷിതമായി ബാബ വീട്ടില്‍ കടന്നു വന്നു. കുഞ്ഞിനെക്കുളിപ്പിച്ച് ഭക്ഷണം കൊടുത്തുറക്കി വീട്ടുജോലികളെല്ലാം തീര്‍ത്ത് കുളിച്ചുവസ്ത്രം മാറി ബാബതന്ന അത്തര്‍ ആദ്യമായി ഉപയോഗിച്ച് എന്തെന്നില്ലാത്ത ഒരാത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ്" ബാബയുടെ വരവ്. 
വീട്ടിലെ വിശേഷങ്ങളും മക്കളുടെ ക്ഷേമങ്ങളും ചോദിച്ച ബാബയോട് മറ്റൊന്നും ചിന്തിക്കാതെ ഹൃദ്യമായാണ്' ഞാന്‍ മറുപടി പറഞ്ഞത്. എന്‍റെ സംസാരത്തിന്' ബാബതന്ന അത്തറിനേക്കാള്‍ മണമുണ്ടെന്നു പറഞ്ഞ് അപ്രതീക്ഷിതമായി അദ്ദേഹം എന്നെ വാരിപ്പുണര്‍ന്നു.
കുതറിമാറാന്‍  മനസ്സ് ആഗ്രഹിച്ചെങ്കിലും ശരീരം പെട്ടെന്ന് തളര്‍ന്നതുപോലെ, ഞാനറിയാതെ തന്നെ എന്തോ ഒരു മാസ്മരികത ശക്തി എന്നെ വലയം ചെയ്തപോലെ . ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുവാനോ ഒന്ന് ശബ്ദിക്കുവാനോ കഴിയാതെ അദ്ദേഹത്തിന്റെ   ഇംഗിതങ്ങള്‍ക്ക് വഴങ്ങിപ്പോയി . അന്ന്  സംഭവിച്ച ആ തെറ്റിന്‍റെ  കുറ്റബോധം എന്നിലുണ്ടായി. ഇനി ഒരിക്കലും  അങ്ങിനെ സംഭവിക്കരുതെന്ന് മനസ്സിലുറച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ  സമീപനത്തെ എതിര്‍ക്കുവാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയില്‍ പിന്നെ അതൊരു പതിവായി മാറുകയായിരുന്നു. ഞാനറിയാതെ തന്നെ എന്നില്‍ ഒരുള്‍ഭയം വളരുവാന്‍ തുടങ്ങി. നാളെ ഇതു പുറത്തറിഞ്ഞാല്‍ കുറ്റക്കാരിയകുന്നതും വേശ്യയെന്ന മുദ്ര കുത്തി പോലീസിലേല്‍പ്പിക്കുന്നതും മനസ്സിലോര്‍ത്ത് നീറിപ്പുകയുന്ന തിനിടയ്ക്ക് എപ്പൊഴോ ഞാനുമായി കൂടുതല്‍ അടുപ്പമുള്ള മൂത്തകുട്ടി മറിയമിനോട് പറഞ്ഞു. 
നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ബാബ ഇവിടെ വരാറുണ്ട് . എന്നോട് സ്നേഹമുണ്ടെങ്കിലും മോശമായി പെരുമാറുന്നു. നീ എന്നെ രക്ഷിക്കണം എന്ന്.
എന്‍റെ വര്‍ത്തമാനം കേട്ട് അന്തം വിട്ടിരുന്ന കുട്ടി അതു വിശ്വസിച്ചില്ല. പതിനാലു വയസ്സേ ഉള്ളുവെങ്കിലും നല്ല ശാരീരിക വളര്‍ച്ചയും കാര്യവിവരവുമുള്ളകുട്ടി എന്നെ ഉപദേശിച്ചു.
 നീ ഈ വിവരം ആരോടും പറയണ്ട. ബാബയെപ്പറ്റിപ്പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാനും വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ എന്റെ  ഭയം കൂടിക്കൂടി വന്നു. അവസാനം ഞാന്‍ മാത്രം കുറ്റക്കാരിയായി നാടുകടത്തപ്പെടുമോയെന്ന ചിന്ത മനാസ്സിനെ വേട്ടയാടാന്‍ തുടങ്ങി . ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ആ പതിനാലുകാരിയോട് ഞാന്‍ പറഞ്ഞുപോയി നിനക്ക് വിശ്വാസ മാകുന്നില്ലെങ്കില്‍ ഒരു ദിവസം നീ നേരത്തെ വീട്ടില്‍ വന്നാല്‍ കാണാം അങ്കം എന്ന് . മറ്റൊന്നും മനസ്സില്‍ കരുതിയല്ല ഞാന്‍ പറഞ്ഞത് . വെറുതെ അവള്‍ക്കൊരു വിശ്വാസം വരുവാനും എന്‍റെ സ്വയരക്ഷക്കുമായിരുന്നു. ഞാനത് മറക്കുകയും ചെയ്തു. 
ഒരു ദിവസം അപ്രതീക്ഷിതമായി ക്ലാസ് കട്ടു ചെയ്ത് അവള്‍ നേരത്തെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി . ഭയവും പരിഭ്രമവും മൂലം എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ കുഴങ്ങി . സാരമില്ല ബാബ വരുമ്പോള്‍ അവളെ കണ്ടാല്‍ തിരിച്ചു പോകും എന്ന ആശ്വാസത്തില്‍ വിഷമങ്ങള്‍ മറച്ചുവെച്ചു . വന്നപാടെ സ്കൂള്‍ യൂണിഫോം മാറ്റി വീട്ടുവേഷത്തില്‍ പ്രത്യേകിച്ച് ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെ ബാബ വന്നിരുന്നോ എന്ന് തിരക്കി . ഇല്ല എന്ന മറുപടി കേട്ട് അവള്‍ എന്റെ  മുറിയില്‍ കയറി സുരക്ഷിതമായി ഒളിച്ചിരുന്നു. ഞാന്‍ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവള്‍ പറഞ്ഞു നീ പറഞ്ഞത് സത്യമാണോ എന്നെനിക്കറിയണം . വേറെ ആരും ഇതറിയില്ല . ഞാനും നീയും മാത്രം .
 മറ്റൊരു പോംവഴിയുമില്ലാതെ അവളുടെ  നിര്‍ബ്ബന്ധത്തിനും വഴങ്ങേണ്ടി വന്നു. അവള്‍ക്ക് എല്ലാം കാണാം .അവളെ പെട്ടെന്ന് കാണാന്‍ പറ്റാത്ത വിധത്തിലായിരുന്നു അവളിരുന്നത് .
 എന്റെ നെഞ്ചില്‍ തീയായിരുന്നു. 
പതിവ് പോലെ ബാബ വന്നു. വേട്ടക്കാരന്റെ  മുമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇരയെപ്പോലെ ഞാന്‍ നടത്തിയ എതിര്‍പ്പുകളും പരിശ്രമങ്ങളും വിലപ്പോയില്ല .  എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ ബാബ പിന്‍മാറും എന്ന എന്റെ  പ്രതീക്ഷ അസ്ഥാനത്തായിരുന്നു. എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തനാക്കിയ ബാബയുടെ മുമ്പില്‍ എനിക്ക് അധികനേരം പിടിച്ചു നില്‍ക്കാനായില്ല . പൂര്‍വാധികം കരുത്തോടെയും വാശിയോടെയും ബാബ എന്നെ കീഴ്പ്പെടുത്തുകയായിരുന്നു. ജനിച്ച പടി നിന്നു കൊണ്ട് എന്നെ വിവസ്ത്രയാക്കി  ബാബ എന്നില്‍ നടത്തിയ ചേഷ്ടകളും വൈകൃതങ്ങളും എല്ലാം ആ പെണ്‍കുട്ടി അവളുടെ മൊബൈലില്‍ പകര്‍ത്തുന്നത് ഞാനറിഞ്ഞിരുന്നില്ല സാര്‍ .....
കണ്ണുകളില്‍ നിന്നും ധാരധാരയായോഴുകിയ കണ്ണുനീര്‍ ഷാളിന്റെ തലപ്പു കൊണ്ട് തുടച്ച് റോസമ്മ നെടുവിര്‍പ്പിട്ടു . 
പിന്നീടെന്താണ്  സംഭവിച്ചത് ...ഞാന്‍ ചോദിച്ചു . 
അവള്‍ കണ്ട കാഴ്ച്ചകളൊക്കെയും എന്‍റെ തലയില്‍ വീണ ഇടിത്തീയായിരുന്നു സാര്‍.
അവള്‍ മറ്റൊരു പെണ്ണായി മാറുകയായിരുന്നു...........  
അവിടെ മറ്റൊരു ദുരന്തം ജനിക്കുകയായിരുന്നു..........
            ------------------------------------------------------------------
പ്രിയമുളവരെ , അടുത്ത ഭാഗത്തോടുകൂടി റോസമ്മ യുടെ ഡയറി ക്കുറിപ്പുകള്‍ അവസാനിക്കുന്നു. വായനയുടെ മുഷിപ്പ് ഒഴിവാക്കുവാനാണ് മൂന്നു ഭാഗമാക്കി പോസ്റ്റ്‌ ചെയ്യുന്നത് . സഹകരിച്ചതിന്  ഹൃദയ പൂര്‍വ്വം നന്ദി.
             ------------------------------------------------------------------

42 അഭിപ്രായങ്ങൾ:

നവാസ് കല്ലേരി... പറഞ്ഞു...

ധൈര്യമായി പറയൂ...ഇപ്പോള്‍ ആകാംക്ഷയായി, ബാക്കി അറിയാന്‍ ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

റോസമ്മയുടെ കഥ ഒരു സിനിമാത്രില്ലർ പോലെയാണല്ലോ ഭായ്....
തുടർക്കഥയിലെ സസ്പൻസ് പോലെ , വായനക്കാരെ മുൾമുനയിൽ നിർത്തി അടുത്തഭാഗത്തിനായി കാത്തിരിപ്പിക്കുന്ന ഈ രചനാവൈഭവത്തെ അഭിനന്ദിക്കുന്നു...കേട്ടൊ

ഒരു യാത്രികന്‍ പറഞ്ഞു...

വായിക്കുന്നു.....സസ്നേഹം

Abdulkader kodungallur പറഞ്ഞു...

നവാസ് കല്ലേരി...
നന്ദി നവാസ് . താങ്കളുടെ ആകാംക്ഷയാണ് എന്റെ ധൈര്യം .
ബിലാത്തിപട്ടണം / BILATTHIPATTANAM....
പതിവുപോലെ താങ്കളുടെ പ്രോത്സാഹനോന്മുഖമായ വാക്കുകള്‍ എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കുന്നു.വളരെ നന്ദി.
ഒരു യാത്രികന്‍ .....നന്ദി
സസ്നേഹമുള്ള വായന മനസ്സിലെ നന്മയുടെ ലക്ഷണമാണ് .കെടാതെ സൂക്ഷിക്കുക .

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല കഥ നന്നായി പറയുന്നു..
ബാക്കി കേള്‍ക്കാന്‍ ആകാംക്ഷയുണ്ട്...


ഞാനിവിടെ എങ്ങനെയെത്തിയന്നെല്ലേ ചിന്തിച്ചത്..
നിയ ജിഷാദിന്റെ കവിതക്ക് കൊടുത്ത എഡിറ്റിംങ് കണ്ടാണു..
അതു വളരെ നന്നായിരുന്നു കെട്ടോ..

ആശംസകളോടെ!

Jishad Cronic പറഞ്ഞു...

സത്യം .. ശരിക്കും നിങ്ങള്‍ വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി..ഇത് പറഞ്ഞ രീതി വേറെ ആരുടേയും എഴുത്തില്‍ കണ്ടിട്ടില്ല ..ശരിക്കും ഒരു ത്രില്ലെര്‍ ഫിലിം കാണുന്നപോലെ മുന്നിലൂടെ കടന്നു പോകുന്നു.

--

Sabu Hariharan പറഞ്ഞു...

ഞാൻ വായിച്ചിരുന്നു. എന്തെഴുതണം എന്നറിയാതെ പകച്ചു പോയതു കൊണ്ട്‌ ഒന്നും എഴുതാതെ പോയെന്നെയുള്ളൂ. അടുത്ത ഭാഗം എപ്പോൾ?...

പട്ടേപ്പാടം റാംജി പറഞ്ഞു...

പലപ്പോഴും ഒരു കഥയേക്കാള്‍ ഭീകരമാകുന്നു യാഥാര്‍ത്ഥ്യ ജീവിതത്തിലെ അനുഭവങ്ങള്‍.
ഇവിടെയും വലിയൊരു കെണിയില്‍ പെടുന്നത് പോലെ വിശ്വസിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവം ശരിയായി പറഞ്ഞു.
നന്ദി ഭായി.

ആളവന്‍താന്‍ പറഞ്ഞു...

ഇതിപ്പം ആകെ ടെന്ഷനനായല്ലോ.... എന്നാ അടുത്തത്‌?

Abdulkader kodungallur പറഞ്ഞു...

ബ്ലോഗര്‍ നൗഷാദ് അകമ്പാടം ......
നൌഷാദ് കഥയല്ല പച്ചയായ ജീവിതം പകര്‍ത്തിയ ജീവിതകഥ .അഭിപ്രായത്തിനു വളരെ നന്ദി.
Jishad ക്രോണിക്.......
ജിഷാദ് എന്നെ സുഖിപ്പിച്ചോ ..
എനിക്ക് സുഖിച്ചു .വളരെ നന്ദി.
Sabu M H ......
സാബു അങ്ങിനെ നമ്മെ പകപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന എത്രയെത്ര ജീവിതങ്ങള്‍ നമുക്ക് ചുറ്റും .അഭിപ്രായത്തിനു നന്ദി.
പട്ടേപ്പാടം റാംജി........
താങ്കള്‍ പറഞ്ഞത് പോലെ പച്ചയായ യാഥാര്‍ത്യങ്ങള്‍ പലപ്പോഴും ഭീകരമായിത്തന്നെ നമ്മുടെ മനസ്സിനെ വേട്ടയാടുന്നു. വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി.

Thommy പറഞ്ഞു...

ഒന്നാം ഭാഗം ഇപ്പോളെ കണ്ടുള്ളൂ
രണ്ടും വളരെ നന്നായിരിക്കുന്നു

ഹംസ പറഞ്ഞു...

ഹോ.. വല്ലാത്ത ഒരു അനുഭവ കഥയാണല്ലോ... റോസമ്മ ഇനി എന്തെല്ലാം അനുഭവിക്കണം ആവോ... ഈ വയസ്സന്മാര്‍ക്കാ കേട് കൂടുതല്‍ അല്ലെ.... പാവം

ബാക്കി ഉടന്‍ എഴുതികൊള്ളൂ...

Abdulkader kodungallur പറഞ്ഞു...

ആളവന്‍താന്‍.......
അപ്പോള്‍ അനുഭവിച്ചവരുടെ ടെന്‍ഷന്‍ എന്തായിരിക്കും .
റെന്ഷനടിച്ചതിനു നന്ദി.
Thommy......
വൈകിയാണെങ്കിലും വന്നല്ലോ ..സന്തോഷം
ഹംസ.......ജീ ..
എല്ലാ വയസ്സന്മാര്‍ക്കുമില്ല കേട്ടോ ...എനിക്കൊരു പാരയുണ്ടോന്നൊരു സംശയം .
വന്നതിനും പാരവെച്ചതിനും നന്ദി.

siya പറഞ്ഞു...

ഞാനും ഇവിടെ ഉണ്ട് കേട്ടോ ..അടുത്ത ഭാഗം കൂടി അറിഞ്ഞിട്ട് എഴുതാം ,വേഗം അടുത്ത ഭാഗം എഴുതണം ട്ടോ

Echmukutty പറഞ്ഞു...

വായിയ്ക്കുന്നു.......

Abdulkader kodungallur പറഞ്ഞു...

സിയ......
വളരെ നന്ദി. അടുത്തഭാഗം ഉടനെ പോസ്റ്റ് ചെയ്യാം
Echmukutty .......
വളരെ നന്ദി

Anees Hassan പറഞ്ഞു...

തീവ്രം

നാട്ടുവഴി പറഞ്ഞു...

നല്ല ഭാഷ,നല്ല അവതരണം,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

Abdulkader kodungallur പറഞ്ഞു...

ആയിരത്തിയൊന്നാംരാവ്......
വളരെ നന്ദി
നാട്ടുവഴി....
നന്ദിയോടെ പിറകെ വരുന്നു.
കുസുമം ആര്‍ പുന്നപ്ര.....
വളരെ നന്ദി

ശ്രീനാഥന്‍ പറഞ്ഞു...

കാദർഭായ്-രണ്ടു ഭാഗങ്ങൾ ഇപ്പോൾ ഒന്നിച്ചാണു വായിച്ചത്! എത്ര ഉദ്വേഗജനകമായി താങ്കൾ കഥ പറയുന്നു! യാഥാർഥ്യം പലപ്പോഴും സങ്കൽപ്പത്തേക്കാൾ വിചിത്രമാണല്ലോ! ഇത്തരം മനുഷ്യന്റെ ഗതികേടുകളിൽ സഹായിയാവുന്ന താങ്കളെപ്പോലുള്ള ഗൾഫ് മലയാളികൾ നാട്ടിലുള്ളവർക്കും പ്രചോദനമാകട്ടേ!

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഇത് സത്യമോ മിഥ്യയോ? ഒരു സിനിമാക്കഥ പോലെ... പകച്ചിരുന്നു പോയി. ഒരു സ്ത്രീ തന്റെ വേഴ്ചകള്‍ കുട്ടിയെ ഏര്‍പ്പാട് ചെയ്തു കാട്ടിക്കൊടുക്കുന്നു എന്നൊക്കെ പറഞ്ഞാല്‍? അവിശ്വസനീയം. എന്തൊക്കെയാണ് നടക്കുന്നത്?
ആ സ്ത്രീയുടെ വക്കുകളിലെ വൈരുദ്ധ്യം എന്നെ കുഴയ്ക്കുന്നു. സ്വയം കീഴടങ്ങി എന്ന് പറയുന്ന അവര്‍ എന്തിനു ഇങ്ങനെ ഒരു നാടകം കളിക്കണം? അടുത്ത ലക്കത്തിനായി കാക്കുന്നു.

Abdulkader kodungallur പറഞ്ഞു...

ശ്രീനാഥന്‍.....
താങ്കള്‍ പറഞ്ഞതുപോലെ പലപ്പോഴും യാഥാ ര്‍ത്യങ്ങള്‍ സങ്കല്‍പ്പത്തെക്കാള്‍ ഭീകരമായി എനിക്കും തോന്നിയിട്ടുണ്ട് . ഓരോ സംഭവങ്ങള്‍ക്ക് പുറകെ സഞ്ചാരി ക്കേണ്ടി വരുമ്പോള്‍ ഞെട്ടിക്കുന്ന , അവിശ്വസനീയമായ വിവരങ്ങളാണ് ലഭിക്കുന്നത് . നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടി രിക്കുന്ന ഭീകര സത്യങ്ങള്‍ നാം അറിയാതെ പോകുന്നു. വിലയേറിയ അഭിപ്രായത്തിനു നന്ദി.
ജെ .കെ,.....
താങ്കള്‍ ചിന്തിക്കുന്ന വഴിയിലൂടെ തന്നെയാണ് ഞാനിപ്പോഴും ചിന്തിക്കുന്നത് . സാമാന്യ ബുദ്ധിക്കു നിരക്കാത്ത വിധത്തിലുള്ള പ്രവൃത്തികളും പറച്ചിലുകളും എന്നെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. നാമുദ്ദെശിക്കുന്ന നേരായ വഴികള്‍ക്കുമപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യമായിരുന്നോ അവര്‍ക്ക് എന്ന് ഇപ്പോഴും ഞാന്‍ സംശയിക്കുന്നു. വലിയൊരു ചിന്തയാണ് താങ്കള്‍ പങ്കു വച്ചത് . വളരെ നന്ദി.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

റോസമ്മയുടെ കഥ വായിച്ചു. കഥയാണോ, അനുഭവമാണോ ഇത്? രണ്ടായാലും ഉള്ളുലക്കും വിധം എഴുതി.

എറക്കാടൻ / Erakkadan പറഞ്ഞു...

വിഷമായി

Vayady പറഞ്ഞു...

റോസാമ്മയുടെ കഥ ശ്വാസം വിടാതെയാണ്‌ വായിച്ചത്. വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്ത ഭയം. അവര്‍ക്ക് പിന്നീട് എന്താണ്‌ സംഭവിച്ചിട്ടുണ്ടാകുക? പോസ്റ്റ് ഉദ്വേഗജനകമായിരുന്നു.

നല്ല ഒഴുക്കുള്ള എഴുത്ത്.

Abdulkader kodungallur പറഞ്ഞു...

അനില്‍കുമാര്‍. സി.പി.....
വെറും കഥയല്ല സുഹൃത്തെ പച്ചയായ ജീവിത കഥ .ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്യങ്ങള്‍ താങ്കളുടെ
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

എറക്കാടൻ / Erakkadan ....
ആരുടെ പോസ്റ്റിലായാലും പറയാനുള്ളത് വ്യക്തമായും സ്പഷ്ടമായും തുറന്നു പറയണം . അവ്യക്തത അഭിലഷണീയമല്ല.നന്ദി
. Vayady ......
വളരെ നന്ദി . ബാക്കി ഭാഗം അടുത്തുതന്നെ

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

ശക്തമായ അവതരണം

ഗീത പറഞ്ഞു...

സത്യം പലപ്പോഴും കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമായിരിക്കും. റോസമ്മക്ക് തെറ്റുപറ്റി. അത്തരമൊരു സാഹചര്യത്തില്‍ മനസ്സിനു കുറച്ചുകൂടി ബലം കൊടുത്ത് പിടിച്ചു നില്‍ക്കണമായിരുന്നു. ഒരിക്കല്‍ വഴുതിവീണാല്‍ പിന്നെ തിരിച്ചു കയറാന്‍ പറ്റാത്ത കുഴിയിലേക്കാ‍ാണല്ലോ വീണത്.
ഉദ്വേഗജനകമായി എഴുതിയിരിക്കുന്നു.

Abdulkader kodungallur പറഞ്ഞു...

ശ്രീ ഗോപീകൃഷ്ണന്റെയും ഗീതയുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

എന്‍.ബി.സുരേഷ് പറഞ്ഞു...

അബ്ദുക്ക. അതിതീവ്രമാണ് ഈ അനുഭവം. ജീവിതം ഒരു ഭാരമായി കൊണ്ടു നടക്കേണ്ടി വരുന്ന പെണ്ണിന്റെ മനസ്സും ശരീരവും ഏറ്റുവാങ്ങേണ്ടി വരുന്ന തീപ്പൊള്ളൽ പകർത്തി. എഴുത്ത് മനുഷ്യത്വരൂപമാർജ്ജിക്കുന്നതാണ് ഇവിടെ കാണുന്നത്. റോസമ്മയുടെ ജീവിതമല്ല എത്രയോ ആയിരം സ്ത്രീകളുടെ ജീവിതമാണു ഇവിടെ വാക്കുകളിൽ പകർത്തപ്പെടുന്നത്.

വഴിപോക്കന്‍ | YK പറഞ്ഞു...

അബൂബക്കര്‍ സാര്‍... അടുത്ത ഭാഗം ഉടന്‍ വരുമെന്ന പ്രതീക്ഷയോടെ
ഒരു വഴിപോക്കന്‍

Abdulkader kodungallur പറഞ്ഞു...

ശ്രീ .എന്‍ .ബി .സുരേഷ് ...
എഴുത്ത് മനുഷ്യത്വ രുപമാര്‍ജ്ജിക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ അത് എന്നില്‍ കൂടുതല്‍ ഉര്‍ജ്ജം പകരുന്നു. മനുഷ്യര്‍ അകപ്പെടുന്ന കെണികളും
സ്വയംകൃതാനര്‍ഥങ്ങളും വരുത്തി വെക്കുന്ന തീവ്രമായ അനുഭവങ്ങള്‍ എന്‍റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ഞാന്‍ എഴുതുന്നത് ആര്‍ക്കെങ്കിലും ഗുണകരമാകുമെങ്കില്‍ എന്ന സദുദ്ദേശത്തോടുകൂടിയാണ് .വളരെ നന്ദി
വഴിപോക്കന്‍ ...
പോകുന്ന വഴി ഇവിടെ വന്നതിനു നന്ദി. അടുത്ത പോസ്റ്റ്‌ ഉടന്‍

ശ്രീ പറഞ്ഞു...

എന്തെല്ലാം അനുഭവങ്ങള്‍... അല്ലേ മാഷേ

വെഞ്ഞാറന്‍ പറഞ്ഞു...

എനിക്കു വായിക്കാനാകുന്നില്ല. കടുംനീല പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ. തകരാറ്‌ എന്റേതാണോ?

jyo.mds പറഞ്ഞു...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Abdulkader kodungallur പറഞ്ഞു...

ശ്രീ.......
അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വന്നതിനു നന്ദി.
വെഞ്ഞാറന്‍ ........
എന്റെ മനസ്സു പോലെ വെളുത്ത പശ്ചാത്തലത്തില്‍ നൊമ്പരങ്ങളുടെ കറുത്ത അക്ഷരങ്ങള്‍
വായിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ . വന്നതിനു നന്ദി
jyo .......
വളരെ നന്ദി . അടുത്ത ഭാഗം ഉടന്‍

വി.എ || V.A പറഞ്ഞു...

കണ്ണീർക്കയത്തിന്റെ നടുക്കാണിപ്പോൾ... കരയ്ക്കെത്തണം, ബാക്കി പോരട്ടെ...

Pranavam Ravikumar പറഞ്ഞു...

ആദ്യ ഭാഗവും രണ്ടാം ഭാഗവും വായിച്ചു.....

ഒരു സിനിമ കണ്ട പ്രതീതി.... പക്ഷെ ഇടയ്ക്കു വെച്ച് കറണ്ട്പോയപോലെ.... (ഇനി എപ്പോഴാ ബാക്കി സിനിമ കാണാന്‍ കഴിയുകാ... വേഗം എഴുതുമല്ലോ...)

ഓണാശംസകള്‍!!!


കൊച്ചുരവി :-)

മുകിൽ പറഞ്ഞു...

ഒരുവിധം എല്ലാപോ‍സ്റ്റൂകള്ളിലൂ‍ടെയും കടന്നുപോയി. മുന്നിൽ കാണുന്ന മനുഷ്യരിലെല്ല്ലാം നന്മ കാണാനുള്ള ഒരു വലിയ മനസ്സുണ്ട് താങ്കൾക്ക്. ദൈവത്തിന്റെവലിയൊരു അനുഗ്രഹമാണത്. മഴയെക്കുറിച്ചുള്ള കവിത വായിച്ചു. മഴയെ ആവാഹിക്കാൻ നടത്തിയ നല്ലൊരു ശ്രമം. വളരെ നന്നായിരിക്കുന്നു അത്. മഴ അനുഭവപ്പെടൂന്നുണ്ട്. ഒരു കുഞ്ഞു അഭിപ്രായം: ഇപ്പോഴത്തെ പോസ്റ്റിന്റെ കടൂംനീല പശ്ചാത്തലം കണ്ണിനു സുഖം തരുന്നില്ല. അതു ഇളം നിറമാക്കൂ. കൌസ്തുഭത്തിനു പശ്ഛാത്തലമായ ചിത്രവൂം, മഴയൂടെ ചിത്രവും അതിമനോഹരം.
താങ്കളുടെ കാരുണ്യം നിറഞ്ഞ മനസ്സിനു കൂടുതൽ പേരുടെ കണ്ണീരൊപ്പാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ, ഓണാശംസകൾ.

Abdulkader kodungallur പറഞ്ഞു...

വി.എ || V.A.....
അങ്ങിനെ എത്രയെത്ര കണ്ണീര്‍ കയങ്ങള്‍ ..
വളരെ നന്ദി . അടുത്ത ഭാഗം ഉടനെ .
Pranavam Ravikumar a.k.a. Kochuravi
യഥാര്‍ത്ഥ ജീവിതം ചിലപ്പോള്‍ സിനിമയേക്കാള്‍ ഉദ്വേഗ ജനകമായിരിക്കും .
വളരെ നന്ദി. അടുത്ത ഭാഗം വരുന്നു.
മുകിൽ........
വിലയേറിയ അഭിപ്രായങ്ങള്‍ക്കും, പ്രാര്‍ത്ഥന കള്‍ക്കും സന്ദര്‍ശനത്തിനും വളരെ നന്ദി.
ബ്ലോഗു പാശ്ചാത്തലം വെളുപ്പും അക്ഷരങ്ങള്‍ കറുപ്പുമാണല്ലോ.. നോക്കാം .

ഒഴാക്കന്‍. പറഞ്ഞു...

waiting for the next..