പേജുകള്‍‌

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

പുനര്‍ജ്ജനിയുടെ നീതിശാസ്ത്രം                                              
ബ്രഹ്മണ്യാ ധായ കര്‍മ്മാണി 
സംഗം ത്യക്ത്വാ കരോതിയ 
ലിപ്യതേ നസ പാപേന 
പത്മപത്ര മിവാം ഭിസ
             (ഭഗവത് ഗീത)
താമരയിലയെ വെള്ളത്തുള്ളികള്‍ നനയ്ക്കാത്തതുപോലെയാണ് , ഈശ്വരനാമത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നത്. 
ഭഗവത് ഗീതയിലെ ഈ ആപ്തവാക്യം അനുഗ്രഹമായി ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് സലാല  സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലിലെ മലയാളികളായ ഒട്ടു മിക്ക ഡോക്ടര്‍മാരും , നഴ്സുമാരും , സലാലയിലെ സാമൂഹ്യ പ്രവര്‍ത്തകരും.
അവരുടെ തീവ്രവും ആത്മാര്‍ത്ഥവുമായ പരിചരണം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും രക്ഷപ്പെട്ടത് , പുനര്‍ജന്മം ലഭിച്ചത് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ച രാഗേഷ് എന്ന ചെറുപ്പക്കാരനാണ് . ഒരു കുടുംബത്തിന്റെ അത്താണിയാണ് രാഗേഷ് .
സലാല പട്ടണത്തിന്റെ ഏകദേശം കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന വളര്‍ന്നു വരുന്ന ഒരു പട്ടണമാണ് സാദ . ഒരു തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു ഞാന്‍ അങ്ങോട്ട്‌ പോയത് .പോകുന്ന വഴിയില്‍ സാധാരണ ആള്‍ത്തിരക്കൊഴിഞ്ഞ കോണില്‍ ഒരു തോട്ടത്തിന്നടുത്ത് ചെറിയൊരു ആള്‍ക്കൂട്ടം . കത്തുന്ന വെയിലില്‍ ഈ ഉച്ച സമയത്ത് എന്താണാവോ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് എന്നറിയാന്‍ വണ്ടി അങ്ങോട്ട്‌ തിരിച്ചു . അപ്പോഴേക്കും പോലീസ് വണ്ടിയും പാഞ്ഞെത്തി . ആള്‍ക്കൂട്ടത്തിനു നടുവില്‍ കാറ്റൊഴിഞ്ഞ ട്യൂബു പോലെ ഒരു ചെറുപ്പക്കാരന്‍ രക്തത്തില്‍ കുളിച്ചു ചുരുണ്ടു കൂടിക്കിടക്കുന്നു . ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ബംഗാളി എന്ന് തോന്നിക്കുന്ന വസ്ത്ര ധാരണം . വെയിലിന്റെ കാഠിന്ന്യം  കൊണ്ട് ഉണങ്ങി കട്ടപിടിച്ച രക്തത്തിന് മീതെ ഉറുമ്പുകള്‍ ചാലിടുന്നു. പരുക്കേറ്റു കരുവാളിച്ച മുഖത്ത് ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു. തുറന്നിരിക്കുന്ന വായില്‍ ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്നു. കീഴ്ത്താടി ഒരു വശത്തേയ്ക്ക് ചരിഞ്ഞിരിക്കുന്നു . പാതിയടഞ്ഞു നിശ്ചലമായ കണ്ണുകള്‍ . ആരോ പിരിച്ചു വെച്ചിരിക്കുന്നതുപോലെ ഒരു കാല്‍ വിപരീത ദിശയിലേക്കു തിരിഞ്ഞു പിരിഞ്ഞിരിക്കുന്നു . ഒടിഞ്ഞു വീണ  ചുള്ളിക്കമ്പുകള്‍ പോലെ കൈകള്‍ ശരീരത്തും  നിലത്തുമായി പതിഞ്ഞു കിടക്കുന്നു .
അടുത്ത പള്ളിയില്‍ ഉച്ച നമസ്ക്കാരത്തിനെത്തിയവരായിരുന്നു ആള്‍ക്കൂട്ടത്തില്‍ അധികവും . കൂടി നിന്നവരുടെ നിഗമങ്ങള്‍ പലവിധമായിരുന്നു. മരക്കമ്പു കൊണ്ടു അടിച്ചു കൊന്നതായിരിക്കും എന്നോരുകൂട്ടര്‍ . കൊന്നിട്ട് ഇവിടെ കൊണ്ടുവന്നിട്ടതായിരിക്കും എന്ന് മറ്റു ചിലര്‍ . വണ്ടിയിടിച്ചു കൊലപ്പെടുത്തിയിട്ട് ഇവിടെ വലിച്ചിട്ടതായിരിക്കും എന്ന പക്ഷക്കാരുമുണ്ട് . അധിക നേരം നോക്കി നില്‍ക്കാന്‍ കഴിയാത്ത ആ  ദയനീയ കാഴ്ച ഹൃദയത്തെ പിളര്‍ക്കുന്നതുപോലെ തോന്നി. 
നമ്മെപ്പോലെ തന്നെ ജീവിക്കാന്‍ വേണ്ടി വന്നതല്ലേ . എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും പേറിയാകും വന്നിട്ടുണ്ടാവുക . എന്തൊക്കെ കണക്കുകൂട്ടലുകളായിരിക്കും  വീട്ടുകാര്‍ക്ക്. ഇതറി യുമ്പോള്‍ അവരുടെ അവസ്ഥ എന്തായിരിക്കും . എന്തിനാണാവോ ദൈവം ഈ ചെറുപ്പക്കാരനെ ഇങ്ങിനെ ശിക്ഷിച്ചത്.......ഇവിടെ ബന്ധുക്കളോ നാട്ടുകാരോ ആരെങ്കിലുമുണ്ടാകുമോ......ചിന്തകള്‍ കാടുകയറി .മനസ്സ്  അസ്വസ്ഥമാകാന്‍ തുടങ്ങി .
പോലീസുകാര്‍ ആളുകളെ  അകറ്റുന്ന തിരക്കില്‍ പെട്ടെന്ന് ഒരു പാക്കിസ്ഥാനി കിളവന്‍റെ ശബ്ദം ......
യെ..മരാ നഹി .....മരാ  നഹി ...സിന്ദാ ഹെ....സിന്ദാ ഹെ .. പാനി ലാവോ ഭായ് ലോക് ..പാനി ലാവോ.....( ഇയാള്‍ മരിച്ചിട്ടില്ല ...മരിച്ചിട്ടില്ല ..ജീവനുണ്ട് ..ജീവനുണ്ട്...വെള്ളം കൊണ്ടുവരൂ സഹോദരരെ ..വെള്ളം കൊണ്ടുവരൂ.)
അയാള്‍ ഉറക്കെക്കരയുന്നത് പോലെ തോന്നി . നിമിഷ നേരം കൊണ്ട് ആരോ വെള്ളവുമായി പാഞ്ഞെത്തി. അതിനിടയ്ക്ക് തോളില്‍ കിടന്ന ഷാളു കൊണ്ട് ഒരറബി ഈച്ചയെയും ഉറുമ്പിനെയും അകറ്റുന്നുണ്ടായിരുന്നു . കുറേശെയായി വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം സാവധാനം ഇറങ്ങിപ്പോകുകയും ശരീരം പതുക്കെ ചലിക്കുകയും ചെയ്തപ്പോള്‍ ആള്‍ക്കൂട്ടവും അന്തരീക്ഷവും പ്രാര്‍ഥനാ നിര്‍ഭരമായി.  
പിന്നെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുവാനുള്ള തിരക്കായിരുന്നു. അതുവരെ മൃത ശരീരമായി കണ്ടിരുന്ന, ജഡമായി വിശേഷിപ്പിക്കപ്പെട്ട ആ ചെറുപ്പക്കാരനെ എല്ലാവരും കൂടി പോലീസുവണ്ടിയിലേക്ക് കയറ്റി . എമര്‍ജന്‍സി ലൈറ്റിട്ടു പാഞ്ഞ പോലീസു വണ്ടിയുടെ പിറകെ ഞാനും ആശുപത്രിയിലെത്തി. 
ഇന്ത്യാക്കാരനായാലും പാക്കിസ്ഥാനിയായാലും ബംഗ്ലാദേശിയായാലും മനുഷ്യനല്ലേ  , ഒരു ജീവനല്ലേ .അതു രക്ഷപ്പെടുത്തുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ പരിചയക്കാരായ ഡോക്ടര്‍മാരെ വിളിച്ചു വരുത്തുവാനും , തീവ്ര പരിചരണം ലഭ്യമാക്കുവാനും ഈയുള്ളവന്റെ   ചെറു സേവനവും സഹായകമായി. 
പോക്കറ്റില്‍ നിന്നും പോലീസിനു കിട്ടിയ ലേബര്‍ കാര്‍ഡിലൂടെയാണ് ആള്‍ ഇന്ത്യാക്കാരനാണെന്നും, പേര് രാഗേഷ് എന്നും തിരിച്ചറിയുന്നത്‌ 
തുടര്‍ന്നുള്ള അന്ന്വേഷണത്തിലാണ് രാഗേഷ് മലയാളിയാണെന്നും അന്ന് രാവിലെ സലാലയില്‍  നടന്ന ആക്സിടണ്ടിന്റെ  കഥയും, പുറം ലോകവും പോലീസും അറിയുന്നതും .  
കുടുംബത്തിന്റെ അത്താണിയായ രാഗേഷ് ഗള്‍ഫ് എന്ന സ്വപ്ന ഭൂമിയിലേക്ക്‌ ആദ്യമായി പറന്നിറങ്ങുമ്പോള്‍ മനസ്സിലും നിറയെ സ്വപ്നങ്ങളായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് വിശ്രമം കൊടുക്കണം . അമ്മയ്ക്ക് ആശ്വാസമാകണം . സഹോദരങ്ങള്‍ക്ക്‌ തണലാകണം .
ഇത്രയും നാളത്തെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ പ്രാപിക്കണം . നല്ലൊരു ജിവിതം കെട്ടിപ്പടുക്കണം .അങ്ങിനെ നൂറുനൂറു സ്വപ്‌നങ്ങള്‍ .
തയ്യല്‍ ജോലിക്കാരനായ രാഗേഷ് സലാലയിലെത്തിയ്ട്ടു ഒരുമാസമേ ആയിരുന്നുള്ളു. ബന്ധുക്കളാരും സലാലയില്‍ ഇല്ല . നാട്ടുകാരെ പരിചയപ്പെട്ടിട്ടില്ല . എങ്കിലും ചെറിയൊരു ജോലി തരപ്പെടുത്തുവാന്‍ കഴിഞ്ഞു .
ഒരു ദിവസം രാവിലെ താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ രാഗേഷ് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കായിരുന്നതിനാലും അധികം ആള്‍ സഞ്ചാരമില്ലാത്ത റോഡില്‍ വെച്ചായിരുന്നതിനാലും അപകടം അധികമാരുമറിഞ്ഞിരുന്നില്ല. അടുത്ത തോട്ടങ്ങളില്‍ പണിയെടുക്കുന്ന മൂന്നു നാല് പേര്‍ ദൃക് സാക്ഷികളായെങ്കിലും  വണ്ടിയിലുണ്ടായിരുന്ന സ്വദേശികളായ രണ്ടുപേര്‍ ചാടിയിറങ്ങി രാഗേഷിനെ കോരിയെടുത്ത് വണ്ടിയിലിട്ടു കൊണ്ട് പോകുകയായിരുന്നു. 
ഒരാള്‍ വണ്ടിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്നേഹ പൂര്‍വ്വം തടഞ്ഞു കൊണ്ട് പറഞ്ഞു ...പേടിക്കേണ്ട ഞങ്ങള്‍ നേരെ പോകുന്നത് ആശുപത്രിയിലെക്കാണ് . അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത് ആരും  വണ്ടിയില്‍ കയറിയില്ല . വണ്ടിയില്‍  വെച്ച് ചലനമറ്റ രാഗേഷിനെ മരിച്ചു എന്ന ധാരണയില്‍ അവര്‍ സാദയില്‍ റോഡരികിലുള്ള ഒരു തോട്ടത്തിന്റെ മൂലയില്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു .   ഇതിനിടെ അപകടം നടന്ന സ്ഥലത്ത്  തോട്ടം പണിക്കാരനായ ഒരു പാക്കിസ്ഥാനി വണ്ടിയുടെ  നമ്പര്‍ കുറിച്ചെങ്കിലും സീരിയല്‍ നമ്പര്‍ എഴുതിയിരുന്നില്ല.   
രാവിലെ എട്ടു മണിയ്ക്ക്  അപകടം സംഭവിച്ച രാഗേഷ് ഉച്ചയ്ക്ക് ഒരു മണിവരെ കത്തുന്ന വെയിലത്ത് കിടക്കുകയായിരുന്നു. 
ഉച്ച നമസ്കാരത്തിനു പള്ളിയില്‍ പോകുന്നവര്‍ കണ്ടില്ലായിരുന്നെങ്കില്‍ രാഗേഷിന്റെ ജീവിതം അന്നവിടെ തീരുമായിരുന്നു . 
സലാലയിലെ വിവിധമേഖലകളിലും സംഘടനകളിലും  പ്രവര്‍ത്തിക്കുന്ന സുമനസ്സുകളായ സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്നം കൊണ്ട് കേസ് മുമ്പോട്ട്‌ കൊണ്ടുപോയെങ്കിലും വേണ്ടത്ര തെളിവുകളില്ലാതെയും നമ്പറിന്റെ അപര്യാപ്തത  കൊണ്ടും  തള്ളിപ്പോവുകയായിരുന്നു.
എണ്‍പത് ശതമാനം ഇന്ഷൂറന്സിനു അര്‍ഹതയുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് വിധി ഏഴുതിയിട്ടും ഒരു പൈസ പോലും ലഭിക്കാതിരുന്നത് രാഗേഷിനു മറ്റൊരു ആഘാതമായിരുന്നു.
ഒരുമാസക്കാലം തീവ്ര പരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി സ്നേഹ പരിചരണങ്ങളേറ്റുവാങ്ങി പുനര്‍ജന്മമെടുത്ത രാഗേഷ് അത്യാവശ്യം ക്രച്ചസ്സില്‍ നടക്കാംഎന്നായപ്പോള്‍  താമസ സ്ഥലത്തേക്കു പോന്നു . നല്ലവരായ മലയാളി സുഹൃത്തുക്കള്‍ രാഗേഷിനെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ചു, പരിചരിച്ചു . നന്മ നിറഞ്ഞ അവരുടെ മനസ്സില്‍ സ്നേഹവും മനുഷ്യത്വവുമായിരുന്നു പ്രതിഫലിച്ചിരുന്നത് . ഇന്ന് രാഗേഷിനു സംഭവിച്ചത് നാളെ നമുക്കും സംഭവിച്ചു കൂടെന്നില്ലല്ലോ.. വിധിയുടെ വിളയാട്ടം ഏതൊക്കെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് . മരിച്ചു എന്ന് വിധിയെഴുതിയ രാഗേഷല്ലേ ജീവനോടെ നമ്മുടെ കണ്‍വെട്ടത്ത് നടക്കുന്നത് . മാനുഷികമായ പരിമിതികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന അമാനുഷിക ശക്തിയെക്കുറിച്ച് എത്രപേര്‍ ചിന്തിക്കുന്നു.    
പത്ത് പൈസപോലും കയ്യിലില്ലാതിരുന്നിട്ടും ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കും രാഗേഷ് ബുദ്ധിമുട്ടിയില്ല . ഭീമമായ സംഖ്യ വക്കീല്‍ ഫീസ്‌ കൊടുത്തു തള്ളിപ്പോയ കേസ്  മേല്‍ക്കോടതിയില്‍  വാദിക്കുന്നതിനു വേണ്ടി കരുണാര്‍ദ്രമായ മനസ്സോടെ സലാലയിലെ മലയാളി സഹോദരങ്ങള്‍ ഒത്തുകൂടി രാഗേഷ് സഹായ കമ്മിറ്റി രൂപീകരിച്ചു . ഒരിക്കല്‍ സഹായിച്ചവര്‍  തന്നെ പിന്നെയും സഹായ ഹസ്തങ്ങള്‍ നീട്ടി മഹാ മനസ്കരാകുമ്പോള്‍,  നിറഞ്ഞ സാമ്പത്തികത്തിലും മനസ്സ് വികസിക്കാതെ നിഷ്ക്കരുണം മുഖം തിരിക്കുന്നവര്‍ അറിയുന്നുണ്ടോ അജ്ഞാത ശക്തിതന്‍ അവര്‍ണ്ണ നീയ ലീലാവിലാസങ്ങള്‍ ...നാളെ തങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ....
ഇപ്പോള്‍ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത രാഗേഷ് ദൈവത്തിന്റെ വരദാനമായി കിട്ടിയ പുനര്‍ജ്ജനിയുടെ ആത്മവിശ്വാസത്തില്‍ വീണ്ടും ജോലിക്കിറങ്ങുകയാണ് തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍. കൊതിതീരുവോളം ഒന്ന് ജീവിക്കുവാന്‍ . 
മരണത്തിനും പുനര്‍ജന്മത്തിനും സാക്ഷിയാകാന്‍ വിധിക്കപ്പെട്ടയാള്‍ അതിന്‍റെ നീതി ശാസ്ത്രം തേടുന്നതില്‍ അര്‍ത്ഥമുണ്ടോ..     
അടിക്കുറിപ്പ്:-  
1 . അപകടത്തിനു ദൃക്സാക്ഷികളാകുന്നവര്‍ വാഹന  നമ്പര്‍ കുറിച്ചെടുക്കുമ്പോള്‍ വ്യക്തമായി സീരിയല്‍ നമ്പര്‍ അടക്കം കുറിച്ചെടുക്കുക. 
2 . അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുവാന്‍ ദൃക് സാക്ഷികളും മുന്നിട്ടിറങ്ങുക 
3 . നേരില്‍ കണ്ട കാര്യങ്ങള്‍  ഇരയുടെ നന്മക്കായി എവിടെയും തുറന്ന് പറയുവാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുക 
4 . സഹായ ഹസ്തം നീട്ടേണ്ട  രംഗത്ത് മടിച്ചു നില്‍ക്കാതിരിക്കുക .കൊടുക്കും തോറും കൂടിക്കൂടി  വരുന്ന ഒരത്ഭുത പ്രതിഭാസമാണ് സഹായം.
---------------------------------------------------------------------------------------------------------------------------
വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ഇപ്പോള്‍ നാട്ടിലുള്ള രാഗേഷിന്റെ ഫോണ്‍ നമ്പര്‍ ..00919847682096                .                     

35 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

@@
നേരില്‍ കണ്ട കാര്യങ്ങള്‍ ഇരയുടെ നന്മക്കായി എവിടെയും തുറന്ന് പറയുവാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുക.

****

Manoraj പറഞ്ഞു...

പോസ്റ്റിലെ സീരിയസ്സ് കൊണ്ട് തന്നെ ഇത് നല്ലത്.എഴുത്തിനേക്കാള്‍ ഇതിലെ കാര്യത്തില്‍ ശ്രദ്ധിച്ചു. ഇത് കൂടുതല്‍ പേരിലേക്ക് എത്തട്ടെ.. എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ആക്സിഡന്റായി ഹോസ്പിറ്റലില്‍ കിടക്കുകയാ.. കാലു മുറിച്ച് മാറ്റി.. വിധിയുടെ കളികള്‍!!!

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം കാണുന്നു കേള്‍ക്കുന്നു. ഓരോ ദിവസവും എത്രയെത്ര സംഭവങ്ങള്‍. ഇത്തരം സഹായ ഹസ്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അപകടത്തില്‍ പെട്ടവര്‍ക്ക്‌ ആരുമില്ലാത്ത ഇവിടെ അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നത്.
അടിക്കുറിപ്പ്‌ ചേര്‍ത്തത് വളരെ നന്നായി.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

മനുഷ്യത്വമുള്ളവരുടെ മനസ്സിനെ കുളിരണിയിക്കുന്ന സംഭവം.. വിധിയുടെ വിളയാട്ടം കൊണ്ട് തോട്ടത്തിന്റെ ഓരത്ത് മ്ര്‌തിയുടെ കവാ‍ടത്തിലേക്ക് പ്രവേശനം കാത്തു കിടന്ന ആ മലയാളിയുടെ വിധിമാറ്റിമറിച്ചത് സൂക്ഷ്മദ്ര്‌ഷടിയോടെ ആ മനുഷ്യനെ നിരീക്ഷിച്ച് ജീവന്റെ കണിക ബാക്കിനിൽക്കുന്നുവെന്നു കണ്ടെത്തിയ ഒരു പാക്കിസ്‌ഥാനിയുടെ ജാഗ്രത.മറ്റു കാര്യങ്ങൾക്ക് ഉത്സാഹിച്ചത് ഊരും പേരുമറിയാത്ത മറ്റനേകർ..മനുഷ്യസാഹോദര്യത്തിന്റെ മഹിതമായ MANIFESTATION...
അങ്ങ് പരാമർശിച്ച ഒരാശയം ഒരിക്കൽകൂടി ആവർത്തിക്കാൻ തോന്നുന്നു. “പേഴ്സ് വികസിക്കുന്നതിന്റെ അനുപാതത്തിൽ മനസ്സ് മനസ്സ് സങ്കോചിക്കുന്ന“ ജനുസ്സിൽ പെട്ട ആളുകൾ വർദ്ധിക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങളെ സംബന്ധിക്കുന്ന പ്രതിപാദനം വളരെ പ്രസക്തമാണ്. നന്ദി.

മുകിൽ പറഞ്ഞു...

വായിച്ചു. അടിക്കുറിപ്പാണു എഴുത്തിന്റെ കാതൽ... മനുഷ്യനന്മയുടെ തെളിച്ചമുള്ള മുഖം കണ്ടു മനസ്സു കുളിർത്തു.

Jishad Cronic പറഞ്ഞു...

പലപ്പോഴും നടക്കുന്ന ഇങ്ങനത്തെ സംഭവത്തില്‍ സാദാരണ ആരും തിരിഞ്ഞു നോക്കാറില്ല,കാരണം അത് പിന്നീടുണ്ടാക്കുന്ന പ്രശ്നങ്ങള ഓര്‍ത്തുകൊണ്ട്‌ മാത്രം, എന്നാല്‍ അവിടെ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ അവിടെ തിരിച്ചുകിട്ടുന്നത് ഒരു ജീവനാണ്.എല്ലാവര്‍ക്കും ഇത് ഒരു പാടമായി ഉള്‍കൊള്ളുവാന്‍ കഴിയട്ടെ...

ഗുണ്ട പറഞ്ഞു...

ആള് പുലിയാണല്ലേ? എന്തായാലും മനസ്സിന്റെ വലിപ്പം കണ്ടുകൊണ്ടു ഞാന്‍ ഒന്നും ചെയ്യുന്നില്ല.ഹാ...എന്തായാലും ഇങ്ങനെയുള്ള പ്രശ്നങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുക്ക.

Thommy പറഞ്ഞു...

Nice of you to write it up and Blog. By the way, what was the ocasion of you meeting with Manmohanji. Thank you for sharing

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അടിക്കുറിപ്പ് വളരെ നന്നായി . ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണികളായി തടിച്ചു കൂടുന്നവര്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ പലരും രക്ഷപ്പെട്ടേക്കും.നമ്മുടെ നാട്ടില്‍ നടന്നതാണ്,ഒരിക്കല്‍.

Echmukutty പറഞ്ഞു...

അടിക്കുറിപ്പിലെ മൂന്നാമത്തെയും നാലാമത്തെയും അഭിപ്രായങ്ങൾക്ക് എങ്ങനെ അഭിനന്ദിയ്ക്കണമെന്നറിയില്ല.
വളരെ നന്നായി.

ഒരു നുറുങ്ങ് പറഞ്ഞു...

കാദര്‍ഭായീ...
വായിച്ചു,രാഗേഷിന്‍റെ കഥ !
രാഗേഷിനെ വിളിച്ച് ഏറെ സംസാരിച്ചു..
സലാലയുടെകൂട്ടായ്മയെക്കുറിച്ചും,സാമൂഹ്യസേവന
രംഗത്തെ പരസ്പരധാരണയോടെയുള്ള മലയാളി
സംഘങ്ങളുടെ ഇടപെടലുകളെക്കുറിച്ചുമൊക്കെ
രാഗേഷിന്‍ വാതോരാതെ പറയാനുണ്ടേറെ !!
മാനവീകവും,മാനുഷീകവുമായ ഇടപേടലാണ്‍
രാഗേഷ് ഇന്ന് അനുഭവിക്കുന്നത്.അതിര്‍ത്തിക്ക്
അപ്പുറത്തുള്ള പാകിസ്ഥാനീ സോദരന് തന്‍റെ
വായിലേക്കൊഴിച്ച ഒരു കവിള്‍ ജലപാനമാണ്‍
ഒരുവേള തന്നെ ജീവിതത്തിലേക്ക് വഴിതിരിച്ചു
വിട്ടതെന്ന കാര്യം നന്ദിയോടെ സ്മരിക്കുന്നു...
“......യെ..മരാ നഹി .....മരാ നഹി ...സിന്ദാ ഹെ....സിന്ദാ ഹെ .. പാനി ലാവോ ഭായ് ലോക് ..പാനി ലാവോ.....”
അധികാരിവര്‍ഗ്ഗം സമൂഹമനസ്സിനെ എത്രതന്നെ
പിന്നോട്ട് നയിക്കാനിടയാക്കുന്നുവെങ്കിലും
ഇത്പോല്ലുള്ള സന്ദര്‍ഭങ്ങളിലെ മാനുഷീക
ഇടപെടലുകള്‍ കാഴ്ചവെക്കുന്ന സ്നേഹമുദ്രകളില്‍
സര്‍വ്വവിദ്വേഷങ്ങളും വെറുപ്പുകളും പകയും
ജാതിയും,മതവും ദേശഭേദമെന്യെ മഞ്ഞുപോലെ
ഉരുകിപ്പോവുന്നു..പുനര്‍ജ്ജനിയുടെ
രീതിശാസ്ത്രത്തിലൂടെ താങ്കള്‍ രാഗേഷ് എന്ന
വ്യക്തിയെ പരിചയപ്പെടുത്തിയതിലൂടെ
മഹത്തായൊര് സ്നേഹ-സേവന സന്ദേശമാണ്‍
നല്‍കിയിരിക്കുന്നത്..!
അടിക്കുറിപ്പുകള്‍ ശ്രദ്ധേയം...“കൊടുക്കും തോറും കൂടിക്കൂടി വരുന്ന ഒരത്ഭുത പ്രതിഭാസമാണ് സഹായം.”

Unknown പറഞ്ഞു...

നന്മവറ്റാത്ത മനസ്സിന്റെ ഉടമകളാകാന്‍ എല്ലാവരെയും ദൈവം സഹായിക്കട്ടെ.
കാരുണ്യം സീമാതീതമായി ഒഴുകട്ടെ. 'കൊടുക്കും തോറും കൂടിക്കൂടി വരുന്ന ഒരത്ഭുത പ്രതിഭാസമാണ് സഹായം.”

ഒരു യാത്രികന്‍ പറഞ്ഞു...

നന്മ വറ്റാത്ത നല്ല മനസ്സുകളെ കുറിച്ചറിയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു......സസ്നേഹം

MT Manaf പറഞ്ഞു...

നോവുന്ന വാര്‍ത്ത.....

ബാധ്യതകളുടെ ഭാണ്ടം
നഷ്ടമാവാത്തവരും
ജീവിതത്തിന്‍റെ
പച്ചപ്പ്‌ മരീചികയായവരുമാണ്
സാധാരണ പ്രവാസികള്‍
അവര്‍ മൌനം കൊണ്ട്
സംസാരിക്കുന്നു
ജീവന്‍ പോലും പണയപ്പെടുത്തി
രക്തം കൊണ്ട്
വിയര്‍പ്പു തീര്‍ക്കുന്നു
അതിനിടയില്‍ ഒരു
കുമിള പോലെ
ഉടഞ്ഞില്ലാതായാല്‍.......

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ എല്ലായിടത്തും കാണും. എണ്ണത്തില്‍ കുറവാണെങ്കിലും.
ഒരുപാട് പേരുടെ പ്രാര്‍ഥനയും പ്രവര്‍ത്തനവും സമ്മാനിച്ച പുതുജീവന്‍ രാഗേഷിന് സന്തോഷതിന്റെതാവട്ടെ.
അതില്‍ ഒരു ഭാഗമാവാന്‍ കഴിഞ്ഞ ഖാദിര്‍ സാഹിബിനും ആശംസകള്‍

Akbar പറഞ്ഞു...

മനുഷ്യര്‍ക്ക്‌ ഒന്നിനും പുതു ജീവന്‍ കൊടുക്കാനാവില്ല. എന്നാല്‍ മനസ്സുവെച്ചാല്‍ ദൈവസഹായത്തോടെ ഇത്തരം അത്യാസന്ന നിലിയില്‍ നിന്ന് ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനാവും. നല്ല മനുഷ്യരുടെ സമയോചിതമായ ഇടപെടലില്‍ രകെഷിനു ജീവന്‍ തിരുച്ചു കിട്ടിയ ഈ സംഭവം ഏറെ സന്തോഷത്തോടെയാണ് വായിച്ചു തീര്‍ത്തത്.

Anees Hassan പറഞ്ഞു...

വാക്കുകളില്ല ...

Anees Hassan പറഞ്ഞു...

കൊടുക്കും തോറും കൂടിക്കൂടി വരുന്ന ഒരത്ഭുത പ്രതിഭാസമാണ് സഹായം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സംഭവത്തേയും,സംഭവിച്ചവനേയും ആധാരമ്മാക്കിയെഴുതിയ ഈ കുറിപ്പുകൾ മനുഷ്യന്റെ നന്മകളെ വാഴ്ത്തുന്നതോടൊപ്പം.....,
ഏവർക്കും ബോധവൽക്കരണം നൽകുവാൻ കഴിയുന്ന നല്ല ഉപദേശങ്ങളും......

നന്നായി കേട്ടൊ ഭായ്... ഈ നീതിശാസ്ത്രം

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഭായീ, ഓരോ പോസ്റ്റ്‌ വായിക്കുമ്പോഴും താങ്കളോടുള്ള ആദരം കൂടുന്നു. എല്ലാരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍
"കൊടുക്കും തോറും കൂടിക്കൂടി വരുന്ന ഒരത്ഭുത പ്രതിഭാസമാണ് സഹായം." എത്ര ശരി.

(കൊലുസ്) പറഞ്ഞു...

നാട്ടിലായപ്പോള്‍ ഇതേപോലെ കുറെ സംഭവങ്ങള്‍ അറിയാന്‍ കഴിഞ്ഞു. നാട്ടില്‍ ആര്‍ക്കെങ്കിലും accident ഉണ്ടായാല്‍ ആരും help ചെയ്യില്ല പോലും. police പ്രശ്നമാക്കും എന്ന്.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഖാദേര്‍ജീ,
മനുഷത്വം മരിച്ചിട്ടില്ല. അവിടെ ..
ഇവിടെ ഇത്രയും മനുഷത്വമുള്ളവരെ കാണാന്‍ അല്‍പം ബുദ്ധിമുട്ടാണ്. നല്ല വിവരണം. കാണുന്നതുപോലെ തോന്നി.

ശ്രീ പറഞ്ഞു...

നാട്ടില്‍ പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ സഹായിയ്ക്കാന്‍ ചെല്ലുന്നവര്‍ക്ക് പിന്നീട് പുലിവാല് പിടിയ്ക്കേണ്ടി വരുന്നത് കൊണ്ടാണ് പലരും ഒഴിഞ്ഞു മാറുന്നതെന്നാണ് അനുഭവം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിയ്ക്കല്‍ ആക്സിഡന്റില്‍ പെട്ട ഒരു ഫാമിലിയെ സഹായിയ്ക്കാന്‍ ചെന്ന കോളേജ് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് കേസില്‍ പെടാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത് ഒരു ഹോസ്പിറ്റലിലെ ഡോക്ടറുടെ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമായിരുന്നു...

Vayady പറഞ്ഞു...

പോസ്റ്റും അടിക്കുറിപ്പും വളരെയേറെ ഇഷ്ടപ്പെട്ടു. ആശംസകള്‍

jyo.mds പറഞ്ഞു...

ഇത്തരം കേസ്സുകളില്‍ പൊലീസ്സ് സ്റ്റേഷന്റേയും,കോടതിയുടേയും പടിയിറങ്ങേണ്ടി വരുന്ന harassment ഓര്‍ത്ത് സഹൃദയര്‍ പോലും പലപ്പോഴും മുന്നോട്ട് വരാന്‍ മടിക്കും.ഒരു കൂട്ടം നല്ല മനസ്സുള്ളവരുടെ ശ്രമം കൊണ്ട് ഒരു പാവപ്പെട്ടവന്‍ രക്ഷപ്പെട്ടു എന്നത് ദൈവഹിതം.

പ്രദീപ്‌ പറഞ്ഞു...

ഇക്ക പുതിയ ഒരു സംഭവം കൂടി പറഞ്ഞതില്‍ .. ബഹുമാനം തോന്നുന്നു . ഒരു നുറുങ്ങു എഴുതിയ കമന്റ്‌ തന്നെയാണ് ഞാനും പറയാന്‍ ഉദേശിച്ചത് . പിന്നെ നമ്മുടെ നാട്ടില്‍ പലപ്പോഴും സഹായം പുലിവാലായി മാറുന്നു . ശ്രീ പറഞ്ഞ പോലെ . രാകേഷിനു എന്റെ പ്രാര്‍ഥനകള്‍ ...
ഇനിയും സോഷ്യല്‍ വര്‍ക്ക്‌ തുടരാന്‍ ദൈവം ഇക്കയെ അനുഗ്രഹിക്കട്ടെ .

mayflowers പറഞ്ഞു...

കാദര്‍ക്കാ,
ഈ ലോകം നില നില്‍ക്കുന്നത് തന്നെ ഇത്തരം സുമനസ്സുകളുടെ സാന്നിധ്യം ഉള്ളത് കൊണ്ടല്ലേ?
പിന്നെ സഹായം..അത് നമ്മള്‍ ഒരാള്‍ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തിക്കപ്പുറം വലുത് മറ്റെന്തുണ്ട്?
നല്ല പോസ്റ്റ്‌.

poor-me/പാവം-ഞാന്‍ പറഞ്ഞു...

Thank God.Thank you to people like you...May god bless

ഉമ്മുഫിദ പറഞ്ഞു...

Mey it be rightly rewarded.

a reminder to everyone of us !

വി.എ || V.A പറഞ്ഞു...

ഒരു സന്ദേശത്തോടുകൂടി എഴുതുന്നതും, അതിനുവേണ്ടി പ്രയത്നം അർപ്പിക്കുന്നതും മഹത്വമുള്ളവർ. ആ മഹത്വത്തിന് താങ്കൾ ഉടമ. നല്ല മറ്റു മനസ്സുകൾക്ക് പ്രചോദനമേകുന്ന താങ്കളെ എന്തു പറഞ്ഞാണ് പ്രശംസിക്കുക? എന്റെ സാഷ്ടംഗനമസ്കാരം.........

നാട്ടുവഴി പറഞ്ഞു...

ഈ കുറിപ്പിന് ‌മനുഷ്യത്വത്തിന്റെ ആർജവമുണ്ട്‌,കരുതിയിരിക്കുകയെന്ന ഒരൊർമപെടുത്തലുണ്ട്‌.........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഒന്നും എഴുതാനില്ല...
ദൈവാനുഗ്രഹമുണ്ടാകട്ടെ !
ഏറെ സഹിച്ച രാഗേഷിനു,
സഹായിച്ച സഹോദരങ്ങള്‍ക്ക്,
പിന്നെ..
താങ്കള്‍ക്കും.

അനസ്‌ ബാബു പറഞ്ഞു...

കാറ്റൊഴിഞ്ഞ ട്യൂബു പോലെ ഒരു ചെറുപ്പക്കാരന്‍ ... ഇങ്ങിനെയുള്ള വാക്കുകള്‍ ഉപയോഗിക്കുനത് ഖാദര്‍ക്കയായാലും ,കനൂരാനയാലും ഒരു അരോജകം ഉണ്ടാക്കുനുന്ദ്‌ എന്നിക്ക് ...
നല്ല എഴുത്ത്‌ ,ആ നല്ല മനസിന്നും രാഗേഷിനും എന്റെ ആശംസകളും ,പ്രാര്‍ത്ഥനയും ....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nalla manassinu orayiram pranamangal.........

ഒരു നുറുങ്ങ് പറഞ്ഞു...

പ്രിയ കാദര്‍ സാബ്
രാഗേഷ് വന്നു,ഒരു മണിക്കൂറിലേറെ
ഞങ്ങള്‍ സംസാരിച്ചു.വക്കീല്‍ സാമിയാണ്‍
കേസ് വാദിക്കുന്നതെന്നറിഞ്ഞു.നല്ല ധീരനായ
വക്കീലാണദ്ദേഹം,എന്റ്റെ വളരേ അടുത്ത
സൂഹൃത്തുമാണ്‍.അദ്ദേഹത്തെ നേരില്‍ കണ്ടാല്‍
എന്‍റെ സ്നേഹാന്വേഷണങ്ങളും സലാമും
അറിയിക്കണം.
സസ്നേഹം,ഹാറൂണ്‍ക്ക.